പതിനാലാം സങ്കീർത്തനം

Fr Joseph Vattakalam
2 Min Read

ദൈവത്തെ തേടുന്ന യഥാർത്ഥ വിവേകി 

തികച്ചും പ്രബോധാത്മകമാണ് ഈ സങ്കീർത്തനം. ഇതിന്റെ ഘടന ഏറെ സങ്കീർണ്ണവും. 1-3 വാക്യങ്ങളെ നിഷേധങ്ങളുടെ പാദം എന്ന് വിശേഷിപ്പിക്കാൻ ആവും. കുറെ ‘ഇല്ല’കളുടെ ഘോഷയാത്രയാണ് അനുവാചകൻ ഇവിടെ കാണുക. “ദൈവമില്ല” എന്ന നിഷേധ ത്തോടെ ആരംഭിച്ച്, നന്മ ചെയ്യുന്നവർ ആരുമില്ല, ഒരുവൻ പോലുമില്ല…എന്നിങ്ങനെ നീളുന്ന ഘോഷയാത്ര… മൂഡന്റെ  വിലയിരുത്തലുകളാണ് ഇവയെല്ലാം. ‘ ദൈവം ഇല്ല ‘എന്ന് ഹൃദയത്തിൽ വിചാരിക്കുന്നവൻ പമ്പരവിഡ്ഢി ആണ്. ധാർമികവും മതപരവുമായ വിഡ്ഢിത്തമാണ് ഇവിടെ വിവക്ഷ. പ്രായോഗികതലത്തിൽ ദൈവത്തെ നിഷേധിക്കുന്ന ഭോഷത്തമാണിത്. നിയ.32:6 ഇവിടെ ഏറെ പ്രസക്തമാണ്.

ഭോഷരും ബുദ്ധിഹീനരുമായ ജനമേ, കർത്താവിന് പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്? നിങ്ങളുടെ സൃഷ്ടാവും പരിപാലകനും അവിടുന്ന് അല്ലയോ?

താത്വികനിരീശ്വരത്വമല്ല, ആരെയും കണക്ക് ബോധിപ്പിക്കേണ്ട ആവശ്യവും ഇല്ലെന്ന ഭാവമാണത്. ദൈവത്തെ കുറിച്ച് അവബോധം ഇല്ലാത്ത വിഡ്ഢി സ്വയം ‘ദൈവ’മായി ദുഷ്ടനാകുന്നു. ഒരുവന് ഉണ്ടാകാവുന്ന ഏറ്റവും ഗതികെട്ട അവസ്ഥയാണിത്.

1-3 വാക്യങ്ങളിലെ കാമ്പ് ഇതാണ്. മനുഷ്യരെല്ലാം വഴിപിഴച്ചു പോയിരിക്കുന്നു. എന്നാൽ, തുടർന്ന് ഈ സാമാന്യവത്കരണം ഇല്ല. ഒരു വിഭാഗത്തിന്റെ പീഡനത്തിന് മറ്റൊരു വിഭാഗം ഇരയാകുന്നുവെന്നതാണ് ഇവിടുത്തെ പ്രശ്നം. എന്നാൽ ഏഴാം വാക്യം ഇസ്രായേലിന്റെ വിമോചനത്തിനുള്ള പ്രതീക്ഷ പ്രകടമാക്കുന്നു.

വിഡ്ഢിയുടെ സ്ഥാനത്തേക്ക് ദൈവം വിവേകിയെ തേടുന്നുണ്ട്. ദൈവത്തെ തേടുന്നവനാണ് യഥാർത്ഥ വിവേകി.

 4-6 വാക്യങ്ങളിൽ “അധർമ്മികളും” “എന്റെ ജനവും” എന്നൊരു വേർതിരിവും ഉണ്ട്. ” നീതിമാന്മാരുടെ തലമുറ “(വാ.5) ദരിദ്രൻ (വാ.6) ഇവ കർത്താവിന്റെ ജനത്തിന്റെ സവിശേഷതകളാണ്. ബോധമില്ലാത്ത അധർമ്മികൾ അവരെ അപ്പം പോലെ തിന്നൊടുക്കുന്നു ; ഇവർ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നില്ല. അവരെ പരിഭ്രാന്തി പിടികൂടും. ദൈവം നീതിമാന്മാരോട് കൂടെയാണ്. നിങ്ങൾ ദരിദ്രന്റെ പ്രതീക്ഷകളെ തകർക്കാൻ നോക്കും. എന്നാൽ കർത്താവ് അവന് അഭയമായി ഉണ്ട്.

‘ പരിഭ്രാന്തി'( 14: 5) എന്നപദം പുറപ്പാട് സംഭവത്തിലേക്ക് ആണ് ( പുറപ്പാട് 15 :16 – ഈജിപ്തിലെ മർദ്ദകരെ പരിഭ്രാന്തി പിടികൂടിയത് ) വിരൽ ചൂണ്ടുക. ദൈവം എപ്പോഴും നീതിമാന്മാരുടെ തലമുറയോടു കൂടെയാണ്. എളിയവന്റെ അഭിലാഷങ്ങൾ സാധിച്ചുകൊടുക്കുന്ന ദൈവം, അവന്റെ കഷ്ടതയിൽ, അവനോട് ചേർന്നുനിൽക്കുന്നു. ദരിദ്രന്റെ പ്രതീക്ഷകളെ പരിഹസിക്കുന്ന ശക്തന്റെ മുമ്പിലും കർത്താവിന്റെ കാവലും കരുതലും അവന് ഉറപ്പ്.

” സുസ്ഥിതി പുനസ്ഥാപിക്കുക ” എന്ന പ്രയോഗം വി പ്രവാസത്തിൽ നിന്നുള്ള വിമോചനത്തെ സൂചിപ്പിക്കുന്നു ( നിയ.30: 3 ). ഇസ്രായേലിന് സിയോനിൽ നിന്ന് മോചനം നൽകുന്നത് ( സങ്കീർത്തകന്റെ വാ.7ലെ ചോദ്യത്തിന് ഉത്തരം ) ദൈവം തന്നെ.

 ദൈവം ഇല്ല എന്ന വിഡ്ഢിത്തം എഴുന്നള്ളിച്ച് അവർക്ക് അനന്ത സഹനത്തിന് ഹേതു ആകുന്ന മനുഷ്യന്റെ മൗഢ്യ ത്തിനുള്ള ന്യായമായ പരിഹാസമാണ് നാലാം സങ്കീർത്തനം.

 പ്രായോഗിക നീരീശ്വരത്തിന്റെ ഉപാസകരെ കടുത്ത ഭാഷ ഉപയോഗിച്ചാണ് കർത്താവ് നേരിടുക. അധരങ്ങൾ കൊണ്ട് മാത്രം അവർ ദൈവത്തെ സ്നേഹിക്കുന്നു. അവരുടെ ഹൃദയം അവിടുന്നിൽ നിന്ന് അകലെ അകലെ ആണ് ( മത്തായി 15: 8 ; ഏശയ്യ 29: 13). ഹൃദയം അകലെ വെച്ചിരുന്നവരുടെ പൊള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ കർത്താവ് എപ്പോഴും അതീവ ശ്രദ്ധാലുവായിരുന്നു.

 പ്രായോഗിക നിരീശ്വരത്തിന്റെയും താൻപോരിമ യുടെയും ‘ ശൂന്യത ‘ സംസ്കാരത്തിൽനിന്ന് ദൈവാശ്രയത്വത്തിന്റെയും അവിടുത്തെ ഉറപ്പായ സംരക്ഷണത്തിന്റെയും മേഘത്തണലിൽ കയറി നിൽക്കാനുള്ള അതിശക്തമായ ക്ഷണമാണ് പതിനാലാം സങ്കീർത്തനം.

Share This Article
error: Content is protected !!