കണ്ണീർ കയത്തിലും കർത്താവിനൊപ്പം
വിരഹ വേദനയുടെ തീച്ചൂളയിൽ ഉരുകുന്ന സാധകന്റെ ഹൃദയ വേദനയുടെ ആവിഷ്കാരമാണ് ” “കർത്താവേ എത്രനാൾ” ? എന്ന ചോദ്യം. കർത്താവ് തന്നിൽനിന്ന് മറഞ്ഞിരിക്കുന്നുവെന്നും ശത്രു തന്റെ പതനം കാത്തിരിക്കുന്നുവെന്നും താൻ രോഗിയായിത്തീർന്നിരിക്കുന്നുവന്നുമുള്ള അവബോധം അവനെ വലിയ വിലാപത്തിൽ ആഴ്ത്തുന്നു. ഏറ്റവും ചെറിയ പാപ സങ്കീർത്തനമാണീ വിലാപം. തികച്ചും വ്യക്തിപരമായ ഒരു വിലാപ കീർത്തനം ആണിത്. ഇത് ഉണർത്തുന്ന ദുഃഖ പരവശതാബോധം ഏറെ വലുതാണ്. പക്ഷെ ഒരു വിലാപ കീർത്തനത്തിലെ സകല ഘടകങ്ങളും സാരസമ്പൂർണ്ണതയിൽ, ഇതിലുണ്ട്.
ഒന്ന് രണ്ട് വാക്യങ്ങൾ സങ്കീർത്തകന്റെ പരാതിയാണ്.
” കർത്താവ് എത്രനാൾ അങ്ങെന്നെ മറക്കും? എത്രനാൾ ഞാൻ വേദന സഹിക്കണം? എത്രനാൾ എന്റെ ശത്രു എന്നെ ജയിച്ചു നിൽക്കും?
മൂന്ന് നാല് വാക്യങ്ങൾ അവന്റെ ഉള്ളുരുകി ഉള്ള പ്രാർത്ഥനയാണ്.
എന്റെ ദൈവമായ കർത്താവേ എന്നെ കടാക്ഷിച്ചു ഉത്തരമരുളേണമേ! ഞാൻ മരണ നിദ്രയിൽ വഴുതി വീഴാതിരിക്കാൻ എന്റെ നയനങ്ങളെ പ്രകാശിപ്പിക്കണമേ ! ഞാനവനെ കീഴ്പ്പെടുത്തി എന്ന് എന്റെ ശത്രു പറയാൻ ഇടയാകരുതേ! ഞാൻ പരിഭ്രമിക്കുന്നതു കണ്ട് എന്റെ ശത്രു ആനന്ദിക്കാൻ ഇടവരുത്തരുതേ!
5,6 വാക്യങ്ങൾ സാധകന്റെ സ്തുതിയും ആശ്രയത്വവും ആണ്.
ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു. എന്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ ആനന്ദം കൊള്ളുന്നു. ഞാൻ കർത്താവിനെ പാടി സ്തുതിക്കും. അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
“എത്രനാൾ? ഈ ചോദ്യത്തിന്റെ ആവർത്തനം ദുഃഖത്തിന്റെ അതിതീവ്ര വ്യക്തമാക്കുന്നുണ്ട്. അവന്റെ ജീവിതക്ലേശം അനുവാചകന് ബോധ്യമാവുന്നു. നീണ്ടകാലം പരീക്ഷണത്തിന്റെയും വർധിച്ചുവരുന്ന അക്ഷമതയുടെയും സൂചനയും ഈ പ്രയോഗം നൽകുന്നു. ‘ മറക്കുക ‘, ‘മുഖം മറയ്ക്കുക’ എന്നീ ക്രിയകൾ കർത്താവിന് സങ്കീർത്തകനോടുള്ള സ്ഥായിയായ വൈവയക്തികമായ ശ്രദ്ധയും താൽപര്യവും സൂചിപ്പിക്കുന്നവയാണ് . എന്നാൽ ഊഷ്മളമായ ഈ ബന്ധം ഇപ്പോൾ എവിടെ എന്നാണ് സങ്കീർത്തകൻ ചോദിക്കുന്നത്.
കർത്താവ് മുഖം മറക്കുന്നത് അവിടുത്തെ കോപത്തിന്റെ പ്രകടനമായാണ് കരുതപ്പെട്ടിരുന്നത് നിയ.31:12 ഇത് വ്യക്തമാക്കുന്നുണ്ട്. ദൈവം നമ്മുടെ കൂടെ, നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ, ഈ കഷ്ടപ്പാടുകൾ നമുക്ക് വന്നു ഭവിച്ചത് എന്ന് ആ ദിവസം അവർ പറയും “. തന്മൂലം അവൻ കടുത്ത ആത്മ സംഘർഷത്തിലും ഹൃദയ വ്യഥയിലുമാണ്. രണ്ടാം വാക്യത്തിലെ ‘ഹൃദയവ്യഥ’ എന്ന പ്രയോഗത്തിന് മൂലഭാഷയിൽ ഉള്ള വാക്ക് ( ‘യാഗോൻ ‘). മാരകമായ ദുഃഖത്തെ സൂചിപ്പിക്കുന്നതാണ്(cfr. ഉല്പത്തി 42:38).
കർതൃ കോപത്തിന്റെ ഫലമെന്നോണം മറ്റൊരു ദുഃഖം കൂടി സങ്കീർത്തകൻ അനുഭവിക്കുന്നുണ്ട്. ശത്രുവിന്റെ തന്റെ മേലുള്ള വിജയം.
മൂന്ന്,നാല് വാക്യങ്ങളിൽ ശ്രദ്ധേയമായ പല കാര്യങ്ങളും ഉണ്ട്.
1. കർത്താവിന്റെ അസാന്നിധ്യം എരിയുന്ന തീച്ചൂളയിൽ അകപ്പെട്ട പ്രതീതി ഉളവാക്കുന്നുണ്ടെങ്കിലും, അപ്പോഴും സങ്കീർത്തകൻ ദൈവത്തെ വിളിക്കുന്നത് ” എന്റെ ദൈവമായ കർത്താവ് “എന്നാണ്. വറചട്ടിയിലും എരിതീയിലും കിടക്കുമ്പോഴും സാധകൻ ഏറ്റുപറയുന്നത്, അവിടുന്ന് തന്റെ ദൈവം ആണെന്ന്,കാരുണ്യവാനും കൃപാനിധിയും സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനും ആയിരങ്ങളോട് കരുണ കാണിക്കുന്ന ദൈവവുമായി(വാ.4). മൂനാം വാക്യം ഈ ബോധ്യം അടിവരയിടുന്നു. ഇരുപത്തിരണ്ടാം സങ്കീർത്തനം ആണ് ഈ വാക്യം നമ്മെ അനുസ്മരിപ്പിക്കുന്നത്.
” എന്റെ ദൈവമേ, എന്റെ ദൈവമേ” എന്നെ സ്നേഹവായ്പോടെ വിളിച്ചു കൊണ്ടാണല്ലോ.
” എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു” എന്ന് ഈശോ ചോദിക്കുന്നത്. അഗ്നി പരീക്ഷകളിൽ ദൈവിക ആശ്വാസമോ സാന്നിധ്യമോ ഒരല്പം പോലും അനുഭവപ്പെടാത്തപ്പോൾ പോലും, ദൈവത്തെ തള്ളിപ്പറയാൻ സങ്കീർത്തകൻ തയ്യാറല്ല. ഒറ്റപ്പെടുന്നതിന്റെ തീവ്രതയിൽ ദൈവത്തെ കുറ്റപ്പെടുത്തുന്നത് പോലും അവിടത്തോടുള്ള വലിയ സ്നേഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.
‘ കടാക്ഷിക്കണം’, ‘ഉത്തരമരുളണം’ ‘നയനങ്ങളെ പ്രകാശിക്കണം ‘ എന്നെ അഭ്യർഥനകളും സങ്കീർത്തകൻ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും ആശ്രയത്വം വ്യക്തമാക്കുന്നതാണ്.
അവന്റെ ഹൃദയത്തിലെ ആനന്ദമാണ് അഞ്ചാം വാക്യം സൂചിപ്പിക്കുന്നത്. ” ഞാൻ അവിടുത്തെ കരുണയിൽ ആശ്രയിക്കുന്നു. എന്റെ ഹൃദയം അങ്ങയുടെ രക്ഷയിൽ ആനന്ദം കൊള്ളും”.
ദൈവകരുണയുടെ അനുസ്മരണം മോചനത്തിന്റെ സന്തോഷത്തിലേക്കും, ദൈവ സ്തുതി യുടെ ആലാപനത്തിലേക്കും ഭക്തനെ എത്തിക്കുന്നു.
വിലാപത്തിൽ ആരംഭിച്ച് ദൈവ സ്തുതിയിൽ അവസാനിപ്പിക്കുന്ന രീതി വ്യക്തമാക്കുന്നത് വിലാപ ഗാനങ്ങൾ വെറും പരാതിപ്പെടൽ അല്ലെന്നും അവയ്ക്ക് ഭാവാത്മക മാനങ്ങളുണ്ടെന്നു തന്നെയാണ്. ഈശോയും സഹനവേളയിൽ വിലപിക്കുകയും യാചിക്കുകയും ചെയ്യുന്നുണ്ട്(cfr. മത്താ.26:36-39).
” എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതം പോലെയല്ല; അവിടുത്തെ ഹിതം പോലെ ആവട്ടെ “(26:39). ഈശോയുടെ കഷ്ടതയിൽ ശത്രുക്കൾ അല്പനേരത്തേക്ക് മാത്രമാണ് ആനന്ദിച്ച്. പക്ഷേ, അവിടുത്തെ മരണം വിജയത്തിന്റെ മഹോത്സവം ആയിരുന്നു (കൊളോ.2:14,15).
” നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും “( യോഹന്നാൻ 16 :20 ).
ഈശോയുടെ വിജയം എന്റെയും വിജയമാണ്. ഇത് മനസ്സിലാവുമ്പോൾ എനിക്ക് എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ നാമത്തിൽ പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിക്കാൻ കഴിയും; കഴിയണം