കാളിമ പൊൻനിറം
ഈ സങ്കീർത്തനത്തിന്റെ ഘടന വളരെ ലളിതമാണ്. രണ്ട് ഭാഗങ്ങളെ ഇതിനുള്ളൂ (വാക്യം 1- 11 ). ജീവിതാനുഭവങ്ങളുടെ കാളിമ (ഇരുണ്ട വശമാണ് ) ആണ് വ്യക്തമാക്കുക . നീതിക്കുവേണ്ടിയുള്ള പ്രാർത്ഥനയാണ് ഇതിന്റെ അന്തസത്ത.
വളരെ നിർണായകമായ ഒരു ചോദ്യത്തോടെയാണ് പത്താം സങ്കീർത്തനം ആരംഭിക്കുക :
കർത്താവേ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നിൽക്കുന്നത്? ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്ന് മറഞ്ഞിരിക്കുന്നതെന്ത്?
ദൈവനിഷേധകന്റെ മുൻപിൽ അവന്റെ ഇരയെപോലെ ജീവിക്കേണ്ടിവരുന്ന സങ്കീർത്തകന്റെയും സഹജരുടെയും ശോച്യാവസ്ഥ ഏറ്റവും ഹൃദയസ്പർശിയായി സങ്കീർത്തകൻ വിവരിക്കുന്നു. ദൈവനിഷേധവും മനുഷ്യാവകാശ ധ്വംസനവും സഹയാത്രികരാണ് ( ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ) ഇവയെ ഇടകലർത്തി പ്രതിപാദിക്കുന്നതിലൂടെ പ്രതിപാദിത സത്യം സ്ഥാപിക്കുന്നതിൽ സാധകൻ വിജയിച്ചിട്ടുണ്ട്.
ഗർവ്വ് (2), വമ്പു പറച്ചിൽ(3), അത്യാഗ്രഹിയെ പുകഴ്ത്തൽ(3), കർത്താവിനെ പുച്ഛിച്ചു തള്ളൽ (3), അഹങ്കാര തള്ളൽ (4) ഇവയെല്ലാം ദൈവ നിഷേധത്തിന്റെ സൂചനകളാണ്.
മൂന്ന് ദൈവനിഷേധ ചിന്തകൾ ദുഷ്ടന്റെതായി സങ്കീർത്തകൻ അവതരിപ്പിക്കുന്നുണ്ട്.
(1) ദൈവം ഇല്ല എന്നാണ് അവന്റെ (ദുഷ്ടന്റെ) വിചാരം (4). ഇത് ദൈവാസ്തിത്വനിഷേധമായിരിക്കാൻ സാധ്യതയില്ല. കാരണം അത്തരം ചിന്തകൾക്ക് സെമിറ്റിക് സംസ്കാരത്തിന്റെ സ്ഥാനമുണ്ടായിരുന്നില്ല. ഒരുതരം പ്രായോഗിക നിരീശ്വരത്വം ആയിരിക്കണം ദുഷ്ടൻ വ്യക്തമാക്കുന്നത്. സങ്കീർത്തകൻ തന്നെ ചോദിക്കുന്നു: ” ദൈവമേ എന്തുകൊണ്ടാണ് അങ്ങു അകന്നു നിൽക്കുന്നത് (1). ദൈവം അടുത്തെങ്ങുമില്ലെന്നായിരിക്കണം ദുഷ്ടൻ അർത്ഥമാക്കുന്നത്.
(2) ദുഷ്ടൻ തന്റെ അഹങ്കാരം തള്ളലാൽ അവിടുത്തെ (ദൈവത്തെ) അന്വേഷിക്കുന്നില്ല ; ദൈവം ഇല്ല എന്നാണ് അവന്റെ വിചാരം.
ദുഷ്ടൻ ഇവിടെ പ്രകടിപ്പിക്കുന്നത് താൻപോരിമയും കുലുക്കമില്ലായ്മയും ആണ്. ഒരു ചിരഞ്ജീവി എന്ന പോലെയാണ് അവൻ പ്രസ്താവിക്കുക : “ഞാൻ കുലുങ്ങുകയില്ല; ഒരുകാലത്തും എനിക്ക് അർത്ഥം സംഭവിക്കുകയില്ല” എന്ന് അവൻ പറയുന്നത്.
“ഞാൻ കുലുങ്ങുകയില്ല; ഒരുകാലത്തും എനിക്ക് അർത്ഥം ഉണ്ടാവുകയില്ല”(വാ.6), ഇതാണ് ദുഷ്ടനെ കുറിച്ചുള്ള സങ്കീർത്തകന്റെ നിലപാട്. സങ്കീർത്തനങ്ങളിൽ പലയിടത്തും ‘കുലുങ്ങുക’ എന്ന ക്രിയാപദം ഉപയോഗിക്കുന്നുണ്ട് (13:5; 15:5; 16:8; 17:5; 21:8; 30:7; 55:23; 62:3-7; 82:5; 112:6; 125:1). ദൈവം കൂടെയുള്ളതിനാൽ കുലുങ്ങുകയില്ല എന്ന് സ്ഥാപിക്കുന്നവയാണ് ഭൂരിഭാഗം പ്രയോഗങ്ങളും.
ദൈവം മറഞ്ഞിരിക്കുന്നു, അവിടുന്ന് മുഖം മറച്ചു വെച്ചിരിക്കുന്നു, അവിടുന്ന് കാണുകയില്ല എന്നും മറ്റും ദുഷ്ടൻ ജല്പിക്കുന്നു( വാക്യം 11 ).
ദൈവത്തിന് മറവി ഇല്ലെന്ന് സങ്കീർത്തനം 9:12-18 വ്യക്തമാക്കിയിട്ടുള്ളതാണ്.ഇത്തരം മിഥ്യാധാരണകളിൽ ഉറച്ച് തന്റെ ദുഷ്കർമ്മങ്ങൾ തുടരുന്ന ദുഷ്ടന്റെ ദുരവസ്ഥ എത്ര ദയനീയം! അയാളുടെ ദൈവനിഷേധം വിചാരം, യഥാർത്ഥത്തിൽ എത്തിനിൽക്കുന്നത് മനുഷ്യ നിഷേധ വിചാരത്തിൽ ആണ്. പാവങ്ങൾ ക്കെതിരെയുള്ള ദുഷ്ടന്റെ മനനങ്ങൾ അവർക്ക് കെണിയാണ് (വാ.2).
പാവപ്പെട്ടവരെ പിന്തുടർന്ന് പീഡിപ്പിക്കുന്ന (വാക്യം 2 ) ദുഷ്ടൻ മനുഷ്യരെത്തന്നെ പുച്ഛിച്ചു തള്ളുകയാണ് (വാക്യം 5). ശാപം, വഞ്ചന, ഭീക്ഷണി, ദ്രോഹം, അധർമം ഇവയുടെയെല്ലാം സമാഹാരമാണ് അവന്റെ വാക്കുകൾ (വാക്യം 7). മനുഷ്യർ ക്കെതിരെയുള്ള അവന്റെ പ്രവർത്തികളെ സൂചിപ്പിക്കാൻ മൂന്ന് വ്യത്യസ്ത രൂപകങ്ങൾ സങ്കീർത്തകൻ ഉപയോഗിച്ചിരിക്കുന്നു
1. ഗ്രാമങ്ങളെ പതിയിരുന്നു നിർദോഷരെ അപായപ്പെടുത്തുന്ന ഭീകരൻ (വാക്യം 8 ).
2. ഇരയുടെ മേൽ ചാടിവീഴാൻ പതിയിരിക്കുന്ന സിംഹം (വാക്യം 8 ).
3. ഇരക്കു വേണ്ടി കണിയൊരുക്കി കാത്തിരിക്കുന്ന വേട്ടക്കാരൻ (വാക്യം 9 ).
വിശ്വാസ പ്രതീക്ഷയുടെ പൗർണമി (വാക്യം 12- 8) ആഘോഷിക്കുന്ന പത്താം സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗം ഒരു പ്രാർത്ഥനയാണ്. ഇവിടെ യാചന, ചോദ്യങ്ങൾ, പ്രസ്താവനകൾ,ഏറ്റുപറച്ചിൽ എല്ലാം ഉണ്ട്. ഒരർത്ഥത്തിൽ സർവം സ്പർശിയാണ് ഈ പ്രാർത്ഥന. ഇതിന്റെ ആദ്യ വരി തന്നെ കർത്താവിന്റെ ശക്തിയും പ്രഭാവവും വിളിച്ചോതുന്നതാണ്.
” കർത്താവേ, വരേണമേ” എന്നത് ഒരു യുദ്ധ മുറവിളിയാണ് (സംഖ്യ 10:35; സങ്കീ.3:7; 7:6; 9:19; 17:13). ശക്തി പ്രകടനത്തിന്റെയും (പുറപ്പാട് 15 :6 ; 12 :16 )ശത്രുതാ പ്രഖ്യാപനത്തിന്റെയും (2 സാമുവൽ 20: 21) അടയാളമാണ് കരമുയർത്തൽ( വാക്യം 12 ).
“കർത്താവ് എന്നേക്കും രാജാവാണ്” (വാക്യം 16 ) എന്ന പ്രസ്താവം ശത്രുസംഹാര സൂചന നൽകുന്നുണ്ട്. (പുറപ്പാട് 15 :18; സങ്കീർത്തനം 9: 3,4,5,8 ). ” എളിയവരുടെ അഭിലാഷം കർത്താവ് നിറവേറ്റും” എന്നു സങ്കീർത്തകൻ ഉറപ്പിച്ചു പറയുമ്പോൾ (വാക്യം 17 ), വമ്പും വീമ്പും പറയുന്ന ദുഷ്ടന്റെ ചിത്രത്തിന് (വാക്യം 3) ഒരു ബദൽ ഉയരുകയായി. ദുഷ്ടൻ എത്ര ബലവാനായി കാണപ്പെട്ടാലും അവന്റെ ദുഷ്ട മാർഗങ്ങൾ എത്രമാത്രം വിജയിച്ചാലും അവൻ “മണ്ണാകുന്നു; മണ്ണിലേക്ക് മടങ്ങും “.
ഭൂസ്വർഗങ്ങളുടെ കരുത്തുറ്റ രാജാവ് ദൈവം മാത്രമാണ്. സാധുക്കൾക്ക് തുണ അവിടുന്നാണ്. അതിനാൽ തന്നെ അവരുടെ സഹനങ്ങൾക്കും കഷ്ടതകൾക്കും അൽപ്പായുസ്സേ യുള്ളൂ. ഇതൊക്കെയാണ് സങ്കീർത്തകൻ ഇവിടെ പറഞ്ഞു വയ്ക്കുക.
” ദൈവ രാജ്യത്തിന്റെ സുവിശേഷം” പ്രസംഗിക്കാൻ അയക്കപ്പെട്ട മിശിഹാ ( ലൂക്കാ 4: 43 ) സവിശേഷമാംവിധം ദരിദ്രരെ സംബോധന ചെയ്യുകയുണ്ടായി.
” ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങളുടേതാണ് “(ലൂക്ക. 6:20). മനുഷ്യരുടെ പൊള്ളുന്ന അനുഭവങ്ങളിൽ ദൈവത്തിന്റെ രാജത്വം, കുളിർതെന്നലായി, ശീതള ഛായയായി ഈശോ യിലൂടെ പടർന്ന് പന്തലിച്ച് നിൽക്കുന്നു. ദൈവനിഷേധകരാകാതെ [ ആയാൽ ഒപ്പം മനുഷ്യ നിഷേധകരുമാകും ], എളിമപ്പെട്ട് “കർത്താവ് എന്നേക്കും
രാജാവാണ് ” എന്ന സങ്കീർത്തകനോട് ചേർന്ന് ഏറ്റുപറയാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ!