വിശുദ്ധഗ്രന്ഥവും അനുഭവവും ഒരുപോലെ ആവിഷ്കരിക്കുന്ന സത്യമാണ് ദൈവത്തിന്റെ പരിപാലന.പക്ഷേ, സ്നേഹമായ ദൈവത്തിന്റെ സ്നേഹത്തിൽ വസിക്കുന്നവർക്കേ ഇത് അനായാസം അനുഭവമാവൂ. തൻമൂലം മനുഷ്യനെ തന്റെ സ്നേഹത്തിൽ നിലനിർത്താൻ തമ്പുരാൻ തലങ്ങും വിലങ്ങും പരിശ്രമിക്കുന്നു. അവൻ കുതറിമാറുമ്പോഴും നിതാന്ത സ്നേഹത്തോടും ക്ഷമയോടും അവനെ അവിടുന്ന് അനുധാവനം ചെയ്യുന്നു.
മനുഷ്യനെ തേടിവരുന്ന ഈശ്വരനെ മിസ്റ്റിക്കലായും കാവ്യാത്മകമായും അനവദ്യസുന്ദരമായി ആവിഷ്കരിച്ചിരിക്കുന്ന അനന്യമായ ഒരു കവിതയാണ് ഫ്രാൻസിസ് തോംസന്റെ ഠവല ഒീൗിറ ീള ഒലമ്ലി. ഇവിടെ പ്രസക്തമായ വരികൾ ചുവടെ ചേർക്കുന്നു.
Fear wist not to evade as Love wist to pursue
Still with unhurrying chase,
And unperturbed pace,
Deliberate speed, majestic instancy
Came on the following Feet.
Hast thou not heard his silent steps?
He comes, comes, ever comes.
ദൈവത്തിന്റെ നിത്യ ശത്രുവായ പിശാച് മനുഷ്യനെ ദൈവത്തിൽ നിന്നകറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. മനുഷ്യൻ കണ്ണിൽപ്പെട്ട ആ നിമിഷം ആരംഭിച്ചതാണല്ലോ അവന്റെ ഈ മഹാദ്രോഹം. പതിനെട്ടടവുകളും അവനു പരിചിതം തന്നെ. അതിലൊന്നാണ് പകപോക്കൽ. പൂർവയൗസേപ്പിനോടു പകപോക്കാൻ പറ്റിയ അവസരം പാർത്തു കഴിയുകയായിരുന്നു അവന്റെ സഹോദരരിൽ ഭൂരിഭാഗവും. ഇതാ കൈവരുന്നു അവർക്കൊരു സുവർണ്ണാവസരം. യാക്കോബു തന്നെ അവനെ അവരുടെ പക്കലേക്കു പറഞ്ഞയ്ക്കുന്നു. ആടുമേയിച്ചു ദൂരെയായിരുന്ന അവരുടെ ക്ഷേമം അന്വേഷിക്കാനാണ് അപ്പൻ തന്റെ കൂടെ നിറുത്തിയിരുന്ന പൊന്നോമനമകനെ അവരുടെ അടുത്തേയ്ക്കു പറഞ്ഞു വിട്ടത്. തങ്ങൾക്ക് അനഭിഗമ്യനായ ആ സഹോദരനെ അകലെ കണ്ടപ്പോൾത്തന്നെ അവനെ വകവരുത്തുന്നതിനെക്കുറിച്ച് പ്രതികാരേച്ഛുക്കളായ ആ കശ്മലന്മാർ കണക്കു കൂട്ടിത്തുടങ്ങി. കുഞ്ഞനുജനു കോർക്കപ്പെടുന്ന മരണക്കുരുക്ക് റൂബൻ മണത്തറിയുന്നു. ‘അവൻ ജോസഫിനെ അവരുടെ കൈയിൽ നിന്നു രക്ഷിക്കുന്നു’ (37:21) തന്മയത്വത്തോടെ അവൻ അവരോടു പറയുന്നു, ‘നമുക്കവനെ കൊല്ലേണ്ട; രക്തം ചിന്തരുത്;അവനെ നിങ്ങൾ മരുഭൂമിയിലെ ഈ കുഴിയിൽ തള്ളിയിടുക. പക്ഷേ ദേഹോപദ്രവം ഏല്പിക്കരുത്. അവനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു പിതാവിനു തിരിച്ചേൽപ്പിക്കാനാണ് റൂബൻ ഇങ്ങനെപറഞ്ഞത്. ജോസഫ് അടുത്തെത്തിയപ്പോൾ, അസൂയാലുക്കളായ സഹോദരന്മാർ അവൻ ധരിച്ചിരുന്ന കൈനീളമുള്ള പുറം കുപ്പായം ഊരിയെടുക്കുന്നു. അനന്തരം അവർ അവനെ ഒരു കുഴിയിൽ തള്ളിയിടുന്നു. അതു വെള്ളമില്ലാത്ത പൊട്ടക്കിണറായിരുന്നു (37:21-24).
ആദ്യം തന്നെ ഒരു കാര്യം അനുസ്മരിക്കാം. വളഞ്ഞവരിയിൽ എഴുതി നേരേവായിക്കുന്നവനാണു നമ്മുടെ ദൈവം. യാക്കോബിന്റെ മക്കളുടെ പാപവും തന്മുലം ജോസഫിനു സംഭവിക്കുന്നതു സകലതും ദൈവപരിപാലനയാണെന്ന് ഈ പഠനത്തിലൂടെ ക്രമേണ വ്യക്തമാകും. അവർക്കെല്ലാവർക്കുമുള്ള ഈശ്വരലാനളത്തിന്റെ ഒരു പ്രധാന കണ്ണിയായി വേണം റൂബനെ കാണാൻ.തുടർന്നു യൂദാ ഇതേഭാഗം അഭിനയിക്കുന്നതു വ്യക്തമാകും. ജോസഫിനെ തള്ളിയിട്ട പൊട്ടക്കിണറുപോലും പരിപാലനയുടെ പെട്ടകമായിവേണം നാം കാണാൻ.
കഥ തുടരാം. ജോസഫിനെ പൊട്ടക്കിണറ്റിൽ പിടിച്ചിട്ടതിനുശേഷം ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലയാദിൽ നിന്നു വരുന്ന ഇസ്മായേല്യരുടെ ഒരു യാത്രസംഘത്തെ അവർ കാണുന്നു. അവർ സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തുകയറ്റി ഈജിപ്തിലേക്കു പോവുകയായിരുന്നു. അപ്പോൾ യൂദാ തന്റെ സഹോദരന്മാരോടു പറയുകയാണ്, നമ്മുടെ സഹോദരനെക്കൊന്ന് അവന്റെ രക്തം മറച്ചുവച്ചതു കൊണ്ടു നമുക്കെന്തു പ്രയോജനമാണുണ്ടാവുക? വരുവിൻ, നമുക്കവനെ ഇസ്മായേല്യർക്കു വിൽക്കാം. അവനെ നമ്മൾ ഉപദ്രവിക്കേണ്ട. അവൻ നമ്മുടെ സഹോദരനാണ്, നമ്മുടെ തന്നെ മാംസം.’ അവന്റ സഹോദരന്മാർ അതിനു സമ്മതിക്കുന്നു. അവർ അവനെ കുഴിയിൽ നിന്നു പൊക്കിയെടുത്തു ഇരുപതു വെള്ളിക്കാശിനു ഇസ്മായേല്യർക്കു വില്ക്കുന്നു. അവർ അവനെ ഈജിപ്തിലേക്കു കൊണ്ടു പോകുന്നു. (37:25-26)
ദൈവപരിപാലനയുടെ ചുരുൾ ഒന്നൊന്നായി അഴിയുകയാണ്. പിശാചിന്റെ പിടിയിലായ മാനവരാശിയുടെ മുഴുവൻ വീണ്ടെടുപ്പിനു വിലയായി മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുക്കപ്പെടാൻ സ്വയം അനുവദിക്കുന്ന, തിരുമനസ്സാകുന്ന മനുകുലരക്ഷകൻ മിശിഹായുടെ പ്രതീകമല്ലേ പൂർവ യൗസേപ്പ്? അവൻ പഴയ ഇസ്രായേലിന്റെ മുഴുവൻ രക്ഷകനാകുന്നതു പിന്നാലെ നാം കാണും. റൂബനും യൂദായും, ആബേലിനെപ്പോല, നന്മയുടെ, സ്നേഹത്തിന്റെ അവതാരങ്ങളാണ്. നന്മതിന്മകൾ തമ്മിലുള്ള സന്ധിയില്ലാസമരമാണല്ലോ സൃഷ്ടിയുടെ സമാരംഭം മുതൽ നാം കാണുക. ഈ നാടകം ഇന്നും അരങ്ങുതകർത്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലവും പിന്നണിയും ഉത്ഭവപാപം തന്നെ. തിന്മ ലോകത്തിന് ഉന്മൂലനാശം വരുത്തുമെന്ന അവസ്ഥയിലായിരിക്കുന്നു. മുക്തിമാർഗ്ഗം ഒന്നേ ഉള്ളൂ-സർവശക്തിയും സംഭരിച്ച് തിന്മയെ വെറുത്ത്,ചെറുത്തു വർജ്ജിക്കുക, പുണ്യം ചെയ്യുക. ഇന്നിന്റെ പരമപ്രധാനമായ ആവശ്യമാണിത്. സ്നേഹം-ദൈവസ്നേഹവും സഹോദരസ്നേവും, നീതി, സത്യം ഇവയൊക്കെ അവയുടെ പൂർണ്ണതയിൽ അഭ്യസിച്ചു പിശാചിനെ തറപറ്റിക്കണം. ഈ നിരന്തരപോരാട്ടമാണ് ആധ്യാത്മികജീവിതം, വിശുദ്ധജീവിതം.
ഈജിപ്തിലെ ഫറവോ
ദൈവത്തിന്റെ അത്ഭുത പരിപാലന പുതിയൊരുമാനം സ്വീകരിക്കുന്നു. ഈജിപ്തിലെ ഫറവോയുടെ ഒരു ഉദ്യോഗസ്ഫനും കാവൽപ്പടയുടെ നായകനുമായിരുന്ന പൊത്തിഫറിനു ജോസഫിനെ ഇസ്മായേല്യർ വിൽക്കുന്നു (37:36). പക്ഷേ, കർത്താവ് അവനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. അവിടുത്തെ സംരക്ഷണത്തിന്റ കരം സദാ അവനെ താങ്ങിയിരുന്നു. അതുകൊണ്ട് അവൻ തൊട്ടതെല്ലാം പൊന്നായി. നിഴൽപോലെ ശ്രേയസ്സ് അവനെ അനുധാവനം ചെയ്യന്നു. കർത്താവു കൂടെയിരുന്നുകൊണ്ട് അവൻ ചെയ്യുന്നതൊക്കെ മംഗളമാക്കുന്ന വസ്തുത വിജാതീയനായ അവന്റെ യജമാനൻ പൊത്തിഫറിനുപോലും മനസ്സിലാക്കുകയും അവൻ അത്ഭുതം കൂറുകയും ചെയ്യുന്നു (39:2-3).
ദൈവപരിപാലനയുടെ സവിശേഷവിഷയമായിരുന്ന ജോസഫിനു തന്റെ യജമാനന്റെ പ്രത്യേക പ്രീതിക്കു പാത്രമാകാൻ സമയം വേണ്ടിവന്നില്ല. ഈശ്വരചൈതന്യം തുളുമ്പിനിന്നിരുന്ന ആ യുവാവ് തന്റെ ഭൗമികനാഥനെ ദൈവതുല്യം സ്നേഹിച്ചു ശുശ്രൂഷിക്കുന്നതിൽ ബദ്ധശ്രദ്ധനാകുന്നു, അവന്റെ ആത്മാർത്ഥതയും കഴിവുകളും ഗ്രഹിച്ച പൊത്തിഫർ തന്റെ വീടിന്റെ മേൽനോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഭരമേൽപ്പിക്കുന്നു! അവൻ നിമിത്തം നിഖിലേശൻ പൊത്തിഫറിന്റെ ഭവനത്തെ പൂർവാധികം അനുഗ്രഹിക്കുകയായി. അവന്റെ വീട്ടിലും വയലിലുമുള്ളവയെല്ലാം കർത്താവിനാൽ അനുഗ്രഹീതമാകുന്നു (39:4-5). അന്തിമമായ വിശകലനത്തിൽ വ്യക്തമാവുന്നത് ഇവയെ ജോസഫിനും ഇസ്രായേൽ മക്കൾക്കുമുള്ള മഹോന്നതന്റെ പ്രത്യേക പരിലാളനമാണെന്നതാണ്.
“Bonum est diffusivum.” “Goodness is diffusive”. ഒരുവന്റെ യഥാർത്ഥ നന്മ അവനു ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിക്കും. ഒരു നന്മ നിരവധി നന്മകൾക്കു ജന്മം നൽകും. എല്ലാ നന്മകളുടെയും ഉറവിടം നന്മസ്വരൂപനായ ദൈവമാണ്. നന്മമാത്രം പ്രവർത്തിക്കുന്നവരാകണം അവിടുത്തെ മക്കൾ. നന്മയെന്നത് ഏവർക്കുമറിയാം- നിഷ്കളങ്കവും നിസ്വാർത്ഥവുമായ സ്നേഹം, സൗഹാർദം, സഹവർത്തിത്വം, സമഭാവന, പരസ്പരബഹുമാനം,സേവനം-സർവശക്തനും സഹജീവികൾക്കും; തളരാത്ത പ്രത്യാശ, ക്ലേശങ്ങളിൽ സഹനശീലം, പ്രാർത്ഥനയിൽ സ്ഥിരത, മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ മഹാമനസ്കതയോടെ സഹായിക്കുക. അതിഥിസൽക്കാരത്തിൽ ആത്മാർത്ഥമായ താത്പര്യം, പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുക. സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുക, കരയുന്നവരോടൊപ്പം കരയുക, ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്ക് ഇറങ്ങുക, ഏവരുടെയും മുമ്പിൽ ശ്രേഷ്ഠമായവമാത്രം ചെയ്യുക, എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുക, സത്യം മാത്രം പറയുക, പ്രവർത്തിക്കുക, നീതിയോടെ വ്യാപരിക്കുക. നന്മ ചെയ്യുകയും നന്മയിൽ നിലനിൽക്കാൻ ബദ്ധപ്പെടുകയും ചെയ്യുന്ന ദൈവമക്കളുടെ മുഖമുദ്രകളാണ് ഇവ.
എന്നാൽ നന്മയെ നാമാവശേഷമാക്കാൻ തിന്മ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തിന്മയുടെ മൂർത്തിമദ്ഭാവമായ പിശാച് ആരെ വിഴുങ്ങേണ്ടുവെന്നറിയാതെ പരക്കം പായുകയാണല്ലോ! ബലഹീനപാത്രങ്ങെയാണ്. സാധാരണ അവൻ വെറുതെ വിട്ടില്ലല്ലോ! പൊത്തിഫറിന്റെ ഭാര്യയെ വലയിലാക്കുന്നതാണു പ്രകൃതത്തിൽ പ്രസക്തം. കാമാസക്തിയുടെ രൂപത്തിൽ അവൻ അവളെ ബാധിക്കുന്നു. നന്മയുടെ നിറകുടമായ, ദൈവത്തിന്റെ പ്രേമഭാജനമായ, ജോസഫിനെ നശിപ്പിക്കാൻ ആ സ്ത്രീയിലൂടെ അവൻ കിണഞ്ഞു പരിശ്രമിക്കുന്നു. അരൂപിനിറഞ്ഞ ആ മകനിൽ ആ അഭിസാരികയ്ക്ക് അടങ്ങാത്ത കാമാഭിലാഷം ഉണ്ടാകുന്നു. തന്നോടൊപ്പം പാപംചെയ്യാൻ ആ നീതിമാനെ അവൾ നിരന്തരം നിർബന്ധിച്ചു കൊണ്ടിരുന്നു. ദൈവത്തിന്റെ അപരിമേയ സ്നേഹവും അനന്തമായ പരിപാലനയും അനുസ്മരിച്ചും അവിടുത്തെ കരങ്ങളിൽ മുറുകെപ്പിടിച്ചും കെണിയിൽ കുടുങ്ങാതെ അവൻ രക്ഷപ്പെട്ടുപോന്നു.
എങ്കിലും പിശാച് തന്റെ തന്ത്രം തുടർന്നുകൊണ്ടേയിരുന്നു. ഒരു ദിവസം ജോസഫ് തനിയെ ഫറവോയുടെ വീടിനുള്ളിൽ അത്യാവശ്യ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയം. സുവർണാവസരമായി ആ സാഹചര്യത്തെ പിശാചു കാണുന്നു. അവൻ ആ സ്ത്രീയെ അനിയന്ത്രിതമായി പ്രലോഭിപ്പിക്കുന്നു. അവൾ വഴങ്ങുന്നു. അവന്റെ പിണിയാളാവുന്നു. കാമാർത്തയായ അവൾ ജോസഫിന്റെ മേലങ്കിക്കു കടന്നുപിടിച്ചുകൊണ്ടു പറയുന്നു. ‘എന്നോടൊപ്പം ശയിക്കുക’. ലളിതമോ, നിസ്സാരമോ ആയിരുന്നില്ല ആ പ്രലോഭനം. എങ്കിലും ജോസഫിന്റെ ദൈവാശ്രയം അവനു സഹായത്തിനെത്തുന്നു. പാപ സാഹചര്യത്തിൽ നിന്നോടിയൊളിക്കാൻ പരംപൊരുൾ അവനു കരുത്തേകുന്നു. മേലങ്കി പ്രലോഭകയുടെ കൈയിൽ ഉപേക്ഷിച്ചിട്ടു വീടിനു പുറത്തുചാടാൻ പരാപരൻ അവനെ അനുഗ്രഹിക്കുന്നു! പാപത്തേക്കാൾ നല്ലതു മരണം! (39:7-13)
പിശാച് അവസരം ശരിക്കുപയോഗിക്കുന്നു. വീണതു വിദ്യ. കാമാവേശ പ്രതികാരേച്ഛയായി അവൻ പരിണമിപ്പിക്കുന്നു. തന്റെ കൈയിലായ ജോസഫിന്റെ മേലങ്കി വീട്ടിലുള്ള എല്ലാവരെയും ആ ഹീനവനിത വിളിച്ചുകാണിക്കുന്നു. അവൾക്ക് അത് ഒന്നാന്തരം തൊണ്ടിയാകുന്നു. ‘നമ്മുക്ക് അപമാനം വരുത്താൻ അവനിതാ ഒരു ഹെബ്രായനെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നു.’ നിരപരാധിയായ പൊത്തിഫറിനെയും നീതിമാനായ ജോസഫിനെയും പ്രതിക്കൂട്ടിൽ കയറ്റാൻ പിശാച് അവലംബിക്കുന്ന രീതി അതിവിചിത്രമല്ലേ? അഭിസാരിണി അവിടം കൊണ്ടുമവസാനിപ്പിക്കുന്നില്ല. ‘അവനോടൊത്തു ശയിക്കാൻ അവനെന്നെ വളരയധികം നിർബന്ധിക്കുകയുണ്ടായി. എന്റെ നിലവിളി ഉയർന്നപ്പോൾ പുറങ്കുപ്പായം എന്റെ അരുകിൽ ഇട്ടിട്ട് അവൻ ഓടിപ്പുറത്തുകടക്കുകയായിരുന്നന്ന.’ എന്തൊരു ലോകം! എന്തൊരു മനസ്സാക്ഷി! സത്യം ക്രൂശിക്കപ്പെടുന്നു! നുണയനും നുണയുടെ പിതാവുമാണല്ലോ പിശാച്. പൊത്തിഫർ വീട്ടിലെത്തിയപ്പോൾ നുണകൾ ആവർത്തിച്ച് അവനെ അവൾ തെറ്റിദ്ധരിപ്പിക്കുന്നു. (39:7-19)
ജോസഫ് കാരാഗൃഹത്തിൽ
നല്ലവനായ പൊത്തിഫർ ഭാര്യയുടെ കൊടും നുണ കണ്ണുമടച്ചു വിശ്വസിക്കുന്നതു വിചിത്രമായാണു തോന്നുക. യാതൊരു വിചാരണയുമില്ലാതെ ജോസഫിനെ അവൻ കാരാഗൃഹത്തിലടയ്ക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ അവന് അവസരമേ ഇല്ല. (39:20) പക്ഷേ, നിഷ്കളങ്കനും നീതാമാനും വിശുദ്ധനുമാ. ജോസഫിന്റെ തകർച്ച, അവന്റെ സഹനം, അവന്റെയും അവനിലൂടെ ഒരു ജനതയുടെ മുഴുവന്റെയും ഉയർച്ചയ്ക്കു നിമിത്തമാകുന്ന ഉടയവന്റെ പദ്ധതി പഠിച്ചറിയുക ആത്മനിർവൃതി ഉളവാക്കും.
ജോസഫിന്റെ സഹനത്തുിനാനുപാതികമായ മഹാ വലിയ കാരുണ്യം കർത്താവ് അവനോടു കാണിക്കുന്നു. അവനുള്ള അവിടുത്തെ പരിപാലന അനിതരസാധാരണം തന്നെയാണ്. അഖിലേശൻ അവനെ നിരന്തരം ഉള്ളംകൈയിൽ കാത്തു സംരക്ഷിച്ചു കൊണ്ടിരുന്നു. അവനോടുള്ള അവിടുത്തെ അത്യപൂർവമായ സ്നേഹം കാരാഗ്രഹ സൂക്ഷിപ്പുകാരന് അവനോടുതോന്നിയ ആ വലിയ പ്രീതിയുടെ രൂപത്തിൽ അവിടുന്ന് അവന് അനുഭവമാക്കുന്നു. തടവുകാരുടെയെല്ലാം മേൽനോട്ടം അയാൾ ജോസഫിനെ ഏൽപ്പിക്കുന്നു. എല്ലാം നന്നായി ചെയ്യാൻ ചിന്മയരൂപൻ അവനെ അനുഗ്രഹിചിചുശക്തനാക്കുന്നു. അവൻ ചെയ്തതൊക്കെ അവിടുന്നു ശുഭമാക്കി (39:21-23) അത്ഭുതാവഹവും പലപ്പോഴും അഗ്രാഹ്യവുമായ രീതിയിലാണ് ദൈവത്തിന്റെ സ്നേഹവും പരിപാലനയും ആവിഷ്കരിക്കപ്പെടുക. അവിടുത്തെ പ്രീതിയിൽ വ്യാപരിക്കുന്നവർക്ക് അവിടുന്ന് എല്ലാംമംഗളമാക്കുന്നു. ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. തന്നെ ദ്രോഹിച്ചവരെ ആരെയും ജോസഫ് വെറുക്കുകയോ, ശപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. എല്ലാമറിയുന്ന തമ്പുരാനിൽ അവൻ അടിയുറച്ചു വിശ്വസിക്കുന്നു. തന്നെ അനന്തമായി സ്നേഹിക്കുന്ന, അനുനിമിഷം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിക്കുന്ന കർത്താവിൽ സകലാശ്രയവും വച്ച് ക്ഷമയോടെ, സന്തോഷത്തോടെ, സഹനമെല്ലാം സ്വീകരിക്കുകയാണവൻ.’ നീതിക്കു വേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ. സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗ്ഗരാജ്യത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. (മത്താ.5: 10-72).
പാനപാത്രവാഹകനും പാചകപ്രമാണിയും
കാരാഗൃഹത്തിൽകഴിയവേ കടമകളല്ലാം ഏറ്റംഭംഗിയായി നിർവഹിക്കാൻ കർത്താവിന്റെ പരിപാലന ജോസഫിനെ സഹായിക്കുന്നു. കർത്താവു സദാ അവന്റെ കൂടെയുണ്ടായിരുന്നു. ഈ അവസരത്തിലാണ് ദൈവത്തിന്റെ പരിലാളനത്തിന്റെ മറ്റൊരു സംഭവം ഉണ്ടാകുന്നത്. ഈജ്പതുരാജാവായ ഫറവോയുടെ പാനപാത്രവാഹകനും പാചകപ്രമാണിയും തങ്ങളുടെ യജമാനനെതിരായി തെറ്റു ചെയ്തു കാരാഗൃഹത്തിലടയ്ക്കപ്പെടുന്നു. പടനായകൻ അവരെയും ജോസഫിന്റെ സംരക്ഷണത്തിലാക്കുന്നു. അങ്ങനെ അവർ കാരാഗൃഹത്തിലായിരുന്നപ്പോൾ ഒരു രാത്രിയിൽ ഇരുവരും വേറെവേറെ അർത്ഥമുള്ള സ്വപ്നങ്ങൾ കാണുന്നു. സ്വപ്നങ്ങളുടെ വ്യാഖ്യാനം അറിയാതെ അവർ കുഴങ്ങുകയാണ്. അവരുടെ ഹൃദയം ദുഃഖപൂരിതമാകുന്നു. അടുത്തദിവസം രാവിലെ ജോസഫ് അവരുടെ അടുത്തുചെന്നപ്പോൾ അവർ ഏറെ ദുഃഖിതരാണെന്നു മനസ്സിലാക്കി കാരണം ചോദിക്കുന്നു. ‘നിങ്ങളുടെ മുഖത്ത് എന്താണിന്നൊരു വിഷാദം?’ ‘കഴിഞ്ഞ രാത്രി ഞങ്ങൾ ഇരുവരും സ്വപ്നം കണ്ടു. അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല.’ അവരുടെ മറുപടി.ജോസഫ് അവരെ സാന്ത്വനപ്പെടുത്തുന്നു. ‘വ്യാഖ്യാനം ദൈവത്തിന്റേതല്ലേ? സ്വപ്നം എന്തെന്നു പറയൂ’ (40:5-8)
ആദ്യം പാനപാത്രവാഹകൻ തന്റെ സ്വപ്നം ജോസഫിനു വിശദമാക്കി. ‘ഞാനൊരു മുന്തിരിവള്ളി സ്വപ്നം കണ്ടു. അതിൽ മൂന്നു ശാഖകളുണ്ടായിരുന്നു. അതു മൊട്ടിട്ട ഉടനെപുഷ്പിച്ച് കുലകളിൽ മുന്തിരിപ്പഴങ്ങൾ നിറഞ്ഞു പാകമായി. ഫറവോയുടെ പാനപാത്രം എന്റെ കൈയിലുണ്ടായിരുന്നു. ഞാൻ മുന്തിരിപ്പഴങ്ങൾ എടുത്തുപിഴിഞ്ഞ് പാനപാത്രത്തിലൊഴിച്ച് അവനുകൊടുത്തു.’ വിശദീകരണം കേട്ട ജോസഫ് അവനോടു പറയുന്നു, ‘സ്വപ്നത്തിന്റെ വ്യാഖ്യാനമിതാണ്. മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്.മൂന്നു ദിവസത്തിനകം ഫറവോ നിന്നെ ഉദ്യോഗത്തിൽ വീണ്ടും നിയമിക്കും. മുമ്പെന്നപോലെ നീ പാനപാത്രം അവന്റെ കൈയിൽ വച്ചുകൊടുക്കും. നല്ലകാലം വരുമ്പോൾ എന്നെയും ഓർക്കണം . എന്നോടു കാരുണ്യം കാണിക്കണം. എന്റെ കാര്യം ഫറവോയുടെ മുമ്പിൽ ഉണർത്തിച്ച് ഈ തടവറയിൽ നിന്നെന്നെ മോചിപ്പിക്കണം. ഈ ഇരുട്ടറയിൽ അയ്ക്കപ്പെടത്തക്കതൊന്നും ഞാൻ ചെയ്തിട്ടില്ല.’ (40:9-15) വ്യാഖ്യാനം ശുഭസൂചകമെന്നു കണ്ടു പാചകപ്രമാണിയും പറഞ്ഞു, ‘ഞാനും ഒരു സ്വപ്നം കണ്ടു എന്റെ തലയിൽ മൂന്നു കുട്ടനിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലത്തേതിൽ ഫറവോയ്ക്കുവേണ്ടി പ്രത്യേകം തയ്യാർ ചെയ്ത അപ്പങ്ങളായിരുന്നു. പക്ഷികൾവന്ന് അപ്പക്കഷ്ണങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്നു.’ ‘അതിന്റെ വ്യാഖ്യാനമിതാണ്’, ജോസഫ് പറഞ്ഞു. മൂന്നു കുട്ടകൾ മൂന്നു ദിവസങ്ങൾ തന്നെ. മൂന്നു ദിവസങ്ങൾക്കകം ഫറവോ നിന്നെ പുറത്തിറക്കി മരത്തിൽ കെട്ടിത്തൂക്കും. പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും. (40:16-19)
പ്രവചനം പൂർത്തിയാകുന്നു
ജോസഫിന്റെ പ്രവചനം പൂർത്തിയാകേണ്ട മൂന്നാം ദിനം സമാഗതമായി. ഫറവോയുടെ പിറന്നാൾ ദിനമായിരുന്നു അത്. തന്റെ വേലക്കാർക്കെല്ലാം അവൻ വിരുന്നൊരുക്കി. അന്നു തന്നെ, തടവിലായിരുന്ന പാചകനെയും, പാനപാത്രവാഹകനെയും പുറത്തുകൊണ്ടുവന്നു ഫറവോ വിധി പറഞ്ഞു: ‘പാനപാത്രവാഹകനെ ജോലിയിൽ തിരികെ നിയമിക്കുക. പാചകപ്രമാണിയെ തൂക്കിലിടുക.’ ജോസഫിന്റെ പ്രവചനം ശരിയായി. പക്ഷേ പാനപാത്രവാഹകൻ ജോസഫിനെ പാടെ വിസ്മരിച്ചു കളഞ്ഞു. അതുകൊണ്ട് അവൻ കാരാഗൃഹത്തിൽത്തന്നെ തുടരേണ്ടിവന്നു. (40:20-23).