ഞായറാഴ്ചകളിലും സാധാരണ തിരു നാളുകളിലും കാർമികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകര ചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോട് പ്രാർത്ഥിക്കുന്നതും ആണ്.” മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിന് ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ “.
കർത്താവിന്റെ തിരുനാളുകളിലും മറ്റു പ്രധാനതിരുനാളുകളിലും ചൊല്ലാൻ മറ്റൊരു പ്രാർത്ഥനയുണ്ട്. കർത്താവിൽ വിശ്വസിക്കുകയും ആ വിശ്വാസം പരമാർത്ഥതയോടെ ഏറ്റുപറയുകയും ചെയ്യുന്നവരെ ശക്തരാക്കണമേ എന്ന് പ്രാർത്ഥിച്ചതിനുശേഷം ആത്മ ശരീരങ്ങളെ പവിത്രീകരിക്കുന്ന ഈ പരിഹാര രഹസ്യങ്ങൾ വിശുദ്ധിയോടെ മാത്രമേ പരികർമ്മം ചെയ്യാവൂ എന്നും ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. തുടർന്നുള്ള ഭാഗത്ത് അതിപ്രധാനമായ ഒരു നിർദ്ദേശവും ആശംസയും ആണ്.” നിർമ്മല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും കൂടെ അവർ അങ്ങേയ്ക്ക് പുരോഹിതശുശ്രൂഷ ചെയ്യുകയും അങ്ങ് കനിഞ്ഞുനൽകിയ രക്ഷയെപ്രതി നിരന്തരം അങ്ങയെ സ്തുതിക്കുകയും ചെയ്യട്ടെ “.
സാധാരണ ദിവസങ്ങളിൽ വളരെ ഹൃസ്വമായ, എന്നാൽ ഏറെ അർത്ഥസമ്പുഷ്ടമായ ഒരു ആശംസ യാണ്, ആരാധന പ്രകരണമാണ് ഉള്ളത്.” “ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ സംപൂജ്യമായ നാമത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ”.
ഈ മൂന്ന് പ്രാർത്ഥനകളിലായി ദൈവശാസ്ത്രപരമായ നിരവധി സത്യങ്ങൾ ഉൾചേർത്തിരിക്കുന്നു. മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി, പിതാവിന്റെ പ്രിയപുത്രൻ നൽകിയ ദിവ്യരഹസ്യങ്ങളുടെ പുനരവതരണം ആണ് പരിശുദ്ധ കുർബാന എന്ന ദൈവശാസ്ത്ര സത്യവും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. അർപ്പകാരുടെ ബലഹീനത ആദ്യ രണ്ട് പ്രാർത്ഥനകളിലും ഊന്നിപറയുന്നു.” ബലഹീനരായ ഞങ്ങളെ ശക്തരാകണമേ. ” പരിശുദ്ധ കുർബാന വിശ്വാസത്തിലധിഷ്ഠിതമാണെന്നും ഈ പ്രാർത്ഥനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മാമ്മോദീസായിൽ ലഭിച്ച പൗരോഹിത്യം ഉപയോഗിച്ച് ബലിയർപ്പകരെല്ലാം നിർമല ഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും ഈ പുരോഹിതശുശ്രൂഷ ചെയ്യണമെന്നും ഈ പ്രാർത്ഥനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ഉറപ്പിച്ചു പഠിപ്പിക്കുന്നതോടൊപ്പം ആ മഹനീയ ത്രിത്വത്തിന്റെ നാമത്തിന് എപ്പോഴും “സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും അർപ്പിക്കേണ്ടത്അവശ്യവശ്യമാണെന്ന് ” അവസാനത്തെ പ്രാർത്ഥനയിൽ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.
“സ്വർഗ്ഗസ്ഥനായ പിതാവേ ” കഴിഞ്ഞ് ആമുഖ ശുശ്രൂഷയിൽ സങ്കീർത്തനങ്ങൾക്കു മുമ്പായി മൂന്ന് ഗണം പ്രാർത്ഥനകൾ ഉണ്ട്. മനുഷ്യവർഗ്ഗത്തിന്റെ നവീകരണത്തിനും രക്ഷയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് ഒന്നാമത്തേത്. ഞായറാഴ്ചകളിലും കടമുള്ള തിരുന്നാളുകളിലും സാധാരണ ഓർമ്മത്തിരുന്നാളുകളിലും മറ്റു സാധാരണ തിരുനാളുകളിലും ഈ പ്രാർത്ഥനയാണ് ചൊല്ലുന്നത്.
“ഞങ്ങളുടെ കർത്താവായ ദൈവമേ, മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയ പുത്രൻ കാരുണ്യപൂർവം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിന് ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ! സകലത്തിന്റെയും നാഥാ എന്നേക്കും.
“ഞങ്ങളുടെ കർത്താവായ ദൈവമേ” എന്ന അഭിസംബോധനയ്ക്ക് പഴയനിയമധ്വനിയുണ്ട്. പിതാവായ ദൈവത്തെ ആണ് ഇവിടെ പുരോഹിതൻ സംബോധന ചെയ്യുന്നത്. നമ്മുടെ പ്രാർത്ഥനകൾ അധികവും പിതാവിനോട് ആണ്. ഈശോ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലൂടെ അവിടുന്ന് ദൈവ പിതാവിനെ നമുക്ക് വ്യക്തമായി വെളിപ്പെടുത്തി തന്നു. പിതാവിൽനിന്ന് പുത്രൻ ജനിക്കുന്നതിനാലും പിതാവിലും പുത്രനിലും നിന്നു പരിശുദ്ധാത്മാവ് പുറപ്പെടുന്നതുകൊണ്ടും പിതാവിന്റെ അനന്യ സ്ഥാനം നമുക്ക് ബോധ്യപ്പെടണം.
അവിടുന്ന് സകലരുടെയും പിതാവാണ്. ഈ സത്യം വെളിപ്പെടുത്തുന്ന ഒരു മഹാ സത്യമുണ്ട്. മനുഷ്യ മാഹാത്മ്യം! ഈ മാഹാത്മ്യം അനുസ്മരിച്ചുകൊണ്ടാവണം പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നത്,” ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം (ഫിലി.2 ). എന്ന്. പ്രതിപക്ഷ ബഹുമാനം എന്നും മറ്റും പറയുന്നതൊക്കെ ഈ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമാണ്. രക്ഷാ കർമ്മത്തിൽ ഈശോയുടെ ( പുത്രന്റെ ) അതി സവിശേഷ പ്രഥമ സ്ഥാനവും വ്യക്തം. ഈശോ പരിശുദ്ധ കുർബാന സ്ഥാപിച്ചത് മനുഷ്യവർഗ്ഗത്തിന്റെ മുഴുവൻ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടിയാണ്.
ഓരോ കുർബാനയും ഈ പ്രക്രിയയിൽ നമ്മെ സഹായിക്കുന്നു; സഹായിക്കണം. പ്രാർത്ഥന ചൊല്ലുന്ന പുരോഹിതനും പങ്കെടുക്കുന്ന ദൈവജനവും ഈ പ്രാർത്ഥന സ്വാംശീകരിച്ച് ഫലമെടുക്കണം. പരിശുദ്ധ കുർബാന സ്ഥാപിച്ചു തന്റെ തിരുശരീരവും അമൂല്യമായ തന്റെ തിരു രക്തവും നമുക്ക് നൽകാൻ നല്ല നാഥനെ നിർബന്ധിച്ചത്,നിർബന്ധിക്കുന്നത് നമ്മോടുള്ള അവിടുത്തെ അനന്ത കാരുണ്യമാണ്.
” ദിവ്യരഹസ്യങ്ങളുടെ പരിഷ്കരണത്തിനു ” ഈ തിരു ബലി യോഗ്യതയോടെ അർപ്പിക്കാൻ ബലഹീനരായ മനുഷ്യർക്ക് ദൈവത്തിന്റെ ശക്തി, ദൈവം പകർന്നുതരുന്ന ശക്തി, അനുപേക്ഷണീയമാണ്. അനുഷ്ഠിക്കപ്പെടുന്ന ഓരോ സംഭവവും, അതു വൈദികന്റെയാവട്ടെ ശുശ്രൂഷിയുടെ ആവട്ടെ, ജനത്തിന്റെ ആവട്ടെ, ഉൾക്കൊള്ളാൻ, അനുഭവിക്കാൻ, അയവിറക്കാൻ, ജീവിക്കാൻ, ഓരോരുത്തർക്കും എല്ലാവർക്കും കഴിയണം. അങ്ങനെ ബലിയർപ്പകരെല്ലാവരും ബലി ജീവിക്കുന്നവരാവണം. ഏവർക്കും ജീവിക്കുക പരിശുദ്ധ കുർബാന യാവണം.