” ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്നാണല്ലോ”കർത്താവ് അരുളിച്ചെയ്തിരിക്കുന്നത്. വിശ്വാസത്തോടും പ്രത്യാശയോടും സ്നേഹത്തോടും വിശുദ്ധിയോടും വേണം നാം മധ്യസ്ഥ പ്രാർത്ഥന നടത്താൻ. വിശ്വാസം പ്രതീക്ഷാനിർഭരമായിരിക്കണം. അപേക്ഷിച്ചത് ലഭിച്ചു എന്നു ഉറച്ചു വിശ്വസിക്കുന്നത് ആണിത്. ദൈവത്തിന്റെ സ്നേഹവും കരുണയും സർവ്വശക്തിയും ആണ് നമ്മുടെ പ്രത്യാശയ്ക്ക് നിദാനം ബലി അമൂല്യം ആയതുകൊണ്ട് ബലി മധ്യേയുള്ള മധ്യസ്ഥ പ്രാർത്ഥനയ്ക്ക് മറ്റേത് പ്രാർത്ഥനയെക്കാളും ശക്തി ഉണ്ടായിരിക്കും. മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ഒരു സാർവത്രിക മാനമുണ്ട്. എങ്കിലും ചില കാര്യങ്ങളൊക്കെ നാം മനസ്സിൽ നിയോഗം വച്ചു പ്രാർത്ഥിക്കേണ്ട വരും. അതിനു നാം പഴുതു കണ്ടെത്തണം. ബലിയർപ്പണം സജീവമാകാൻ പ്രാർത്ഥനകൾ നാം സാംശീകരിക്കണം. കാറോസൂസാ യ്ക്ക് ശേഷം സാധാരണ ദിവസങ്ങളിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയ്ക്ക് പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. പ്രാർത്ഥനയ്ക്ക് ഉണ്ടായിരിക്കേണ്ട ഒട്ടുമിക്ക സവിശേഷതകളും ഇതിനുണ്ട്.” കർത്താവേ, ബലവാനായ ദൈവമേ അങ്ങയോടു ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾ ഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങ് കാരുണ്യതീരേകത്താൽ തെരഞ്ഞെടുത്ത അങ്ങയുടെ അജഗണം ആയ ജനം മുഴുവന്റെ യും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ “.
ദിവ്യബലി യഥാർത്ഥത്തിൽ ചെയ്യുന്ന നിരവധി കാര്യങ്ങൾ ഈ പ്രാർത്ഥനയിൽ പരാമർശിച്ചിരിക്കുന്നു. വളരെ പ്രത്യേകമായി കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനുവേണ്ടി പുരോഹിതൻ പ്രാർത്ഥിക്കുന്നു. ദിവ്യബലി രക്ഷയുടെ അച്ചാരം ആണ്; കടങ്ങളുടെ പൊറുതിയുടെയും പാപ ങ്ങളുടെ മോചനത്തിന്റെയും ബലിയും കൂദാശയും ആണ് .
ക്രൈസ്തവാധ്യാത്മികയുടെ അടിസ്ഥാനം വിനയമാണ്. വിശുദ്ധ അമ്മ ത്രേസ്യ പറയും, അഹങ്കാരമാണ് സകല പാപങ്ങളുടെയും അടിസ്ഥാനം. സകല പുണ്യങ്ങളുടെ അടിസ്ഥാനം എളിമയും.” താണനിലത്തെ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ” തമ്പുരാൻ തന്റെ താഴ്മയെ തൃക്കൺ പാർത്തതാണ് ദൈവംതമ്പുരാൻ അമ്മയെ തന്റെ തിരുസുതന്റെ അമ്മ ആക്കിയത്. ഈശോ തന്നെക്കുറിച്ച് തന്നെ പ്രഖ്യാപിച്ചത്, ഞാൻ ക്ഷമാശീലനും വിനീതഹൃദയനുമകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ(മത്താ 11.29). വിനയം ആയിരിക്കണം നമ്മുടെ മുഖമുദ്ര. പ്രാർത്ഥിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിനയപൂർവ്വം ആയിരിക്കണം. നമുക്ക് ഏറ്റവും ആവശ്യമായ കൃപാവരം പ്രധാനം ചെയ്യുന്ന സുപ്രധാന സംഭവമാണ് ഓരോ ബലിയർപ്പണവും. അതുകൊണ്ടാണ് സർവ്വശക്തനും കരുണാനിധിയുമായ ദൈവത്തോട് കൃപാവരം കൊണ്ട് നിറയ്ക്കണമേ എന്ന് അപേക്ഷിക്കുന്നത്. ദൈവത്തിന്റെ ദാനങ്ങൾ ഏറ്റുവാങ്ങി അവ ദൈവജനത്തിന് നിർലോഭം വിതരണം ചെയ്യേണ്ട വരാണ്, ചെയ്യുന്നവരാണ് പുരോഹിതർ. ഓരോ ക്രൈസ്തവനും മാമോദിസ യിലൂടെ മിശിഹായുടെ പൗരോഹിത്യത്തിലും രാജത്വത്തിലും പ്രവാചകത്വത്തിലും പങ്കുചേരുന്നവർ ആകെയാൽ ക്രൈസ്തവർ എല്ലാം, ആവുംവിധം,ദൈവത്തിന്റെ ദാനങ്ങളുടെ വിളമ്പു കാരും വിതരണക്കാരും ആവണം. ദൈവത്തിന്റെ കൃപയും അനുഗ്രഹവും ജനങ്ങളുടെ മുഴുവൻ കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണം ആവണം. ദൈവം തന്റെ കാരുണ്യാതിരേകത്താൽ തെരഞ്ഞെടുത്ത വരാണ് ദൈവജനം മുഴുവനും.
വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ കർത്താവായ ദൈവം തന്റെ കരുണ നിറഞ്ഞ വലംകൈ നീട്ടാൻ പ്രാർത്ഥിക്കുന്നുണ്ട്. സകല വിപത്തുകളിൽ നിന്നും അതിനെ സംരക്ഷിക്കാനും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ ബലിയർപ്പിക്കാനും തന്നെയും മറ്റെല്ലാവരെയും യോഗ്യരായ ആക്കണമെന്നും അദ്ദേഹം പ്രാർത്ഥിക്കുന്നു.
അടുത്ത പ്രാർത്ഥനയിൽ ദൈവത്തിന്റെ കരുണയുടെ മുഖം അവതരിപ്പിച്ച് ജീവിതകാലം മുഴുവൻ എല്ലാവരും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്തുവാൻ ഉള്ള അനുഗ്രഹം പ്രാർത്ഥിക്കുന്ന തോടൊപ്പം ദൈവത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാനുള്ള കൃപയും പുരോഹിതൻ യാചിക്കുന്നു.