അവന് അവരോടു പ്രതിവചിച്ചു ‘വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ……യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന് എഴുന്നേറ്റിരുന്നു'(മര്.9:19,27).
വിശ്വാസം എന്നത് ഈശോ ഇമ്മാനുവലായി എന്റെ കൂടെയുണ്ടെന്നും (കൂടെ വസിക്കുന്നു) അവിടുത്തോട് ഐക്യപ്പെട്ട് നന്മയില് ജീവിച്ചാല്‍ അവിടുന്ന് എന്നെ നിത്യജീവനില്‍ എത്തിക്കും എന്നുമുള്ള ഉറപ്പാണ്. യേശുക്രിസ്തുവിന്റെ പീഡാസഹനവും, കുരിശുമരണവും, ഉത്ഥാനവുംവഴിയായി അവിടുത്തെ കൃപയിലൂടെ സൗജന്യമായി ലഭിക്കുന്നതാണ് വിശ്വാസം. പാപവും പാപത്തിന്റെ ശമ്പളമായ ആത്മീയമരണവും മൂലം നഷ്ടപ്പെട്ട ദൈവീകജീവന്‍, അനുതപിച്ച് ഈശോയില്‍ വിശ്വസിക്കുന്നതിലൂടെ ഒരുവനു സൗജന്യമായി ലഭിക്കുന്നു. എന്നാല്‍ വിശ്വാസത്തിന് അനുസരിച്ചുള്ള സാക്ഷ്യജീവിതം അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി വിശ്വാസം ത്യജിക്കുന്നത് അജ്ഞതയും അഹങ്കാരവും മൂലമാണ്.
വിശ്വാസമില്ലാത്ത വ്യക്തിയില്‍ പാപബോധം ഉണ്ടായിരിക്കുകയില്ല. അവന് പാപത്തിന്റെ അടിമയായിരിക്കും. അവന് സ്വന്തം ഹൃദയാഭിലാഷങ്ങള്ക്കനുസരിച്ച്-സ്വാര്‍ത്ഥതയില്‍ മുഴുകി-കപടഹൃദയത്തോടെ അഥവാ അവന് എന്തെങ്കിലും ചെയ്യുന്നുവെങ്കില്‍ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. അംഗീകാരം ലഭിക്കുന്നില്ലായെങ്കില്‍ ക്ഷോഭിക്കുകയും, അസ്വസ്ഥത സൃഷ്ടിക്കുകയും പിന്‍വാങ്ങുകയും ചെയ്തേക്കാം. ദൈവസ്നേഹം ആ വ്യക്തിയില്‍ ഉണ്ടായിരിക്കുകയില്ല. ദൈവത്തിനു മഹത്വം കൊടുക്കുകയോ, സഹോദരനെയോ, തന്നെത്തന്നെയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല. തന്നിലുള്ള ബലഹീനതകളെ സ്നേഹിക്കുകയും പ്രവര്‍ത്തിയിലൂടെ അവ പുറത്തേക്കുവരികയും ചെയ്യുന്നു. സാത്താന്റെ കൈയിലെ ഒരായുധമാണ് തെനെന്ന് തിരിച്ചറിയുന്നില്ല. സാത്താന് കാണിച്ചുതരുന്ന കാപട്യ വഴിയിലൂടെ-പിഴച്ച വഴിയിലൂടെ-ജീവന് നല്കുന്ന വചനത്തിന്റെ വിപരീതവഴിയിലൂടെ-മൃതരുടെ വഴിയിലൂടെ-സ്വന്തം മഹത്വവും സുഖവും തേടുന്നവരുടെ വഴിയിലൂടെ- അപഥസഞ്ചാരം നടത്തുന്നു. ഇക്കൂട്ടരുടെ പ്രാര്‍ത്ഥന ദൈവത്തിനു ദൂഃഖമുളവാക്കുന്നു.അവിടുത്തെ ദുഃഖമാണ് മേലുദ്ധരിച്ച വചനത്തിലൂടെ പ്രകടമാകുന്നത്.
യേശു ദൈവമാണ്. അവിടുന്ന് ഇമ്മാനുവലാണ്. അവിടുന്ന് ആത്മാവായി നമ്മില്‍ വസിക്കുന്നു. അവിടുന്ന് നമ്മെ ജീവന്റെ വഴിയിലൂടെ മുമ്പോട്ടു നയിക്കുവാന്‍ ആഗ്രഹിക്കുന്നു. ‘ഇതാ ഞാന്‍ ഹൃദയകവാടത്തിങ്കല് മുട്ടുന്നു. ആരെങ്കിലും വാതില്‍ തുറന്നാല്‍ ഞാന്‍ അകത്തു പ്രവേശിക്കുകയും ഞങ്ങള്‍ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും’ (വെളി.3:20).
കര്‍ത്താവ് അരുളിചെയ്യുന്നു: ‘നിങ്ങള്‍ ഇന്നെങ്കിലും എന്റെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍’. അവിടുന്നു നമ്മുടെ ഉള്ളില്‍ വസിച്ച് ആത്മീയ ഭക്ഷണം നല്കി നമ്മെ പരിപോഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ സ്വരത്തിനു നാം താല്പര്യം കാണിക്കുവാന്‍ അവിടുന്നു ആഗ്രഹിക്കുന്നു. അവിടുന്ന് അത്രയധികം നമ്മോടൊത്തു വസിക്കുവാനും സ്നേഹത്തോടെ നയിക്കുവാനും ആഗ്രഹിക്കുന്നു.
ദൈവവിശ്വാസമില്ലാത്തവ്യക്തി തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ ആവശ്യം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. അതിനാല്‍തന്നെ ദൈവാത്മാവിന്റെ സ്വരം തിരിച്ചറിയുകയോ അംഗീകരിച്ച് ആശ്രിയക്കുകയോ ചെയ്യുന്നില്ല. ആശ്രയിക്കാന്‍ സാധിക്കുകയുമില്ല. കാരണം അവരുടെ കേഴ്വി സാത്താന് അടച്ചുകളഞ്ഞിരിക്കുന്നു (മത്താ.13:14,15). ഏശയ്യായുടെ പ്രവചനം അവരില്‍ പൂര്‍ത്തിയായിരിക്കുന്നു. ‘നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ മനസ്സിലാക്കുകയില്ല. നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല. അവര്‍ കണ്ണുകൊണ്ട് കണ്ട്, കാതുകൊണ്ട് കേട്ട്, ഹൃദയംകൊണ്ട് മനസ്സിലാക്കി, മാനസാന്തരപ്പെടുകയും ഞാന്‍ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീര്‍ന്നിരിക്കുന്നു. ചെവിയുടെ കേള്‍വി മന്ദീഭവിച്ചിരിക്കുന്നു. കണ്ണ് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു’.
മനുഷ്യനു ബാഹ്യ ഇന്ദ്രിയങ്ങളുണ്ട്. എന്നാല്‍ അവയ്ക്കു തുല്യമായ ആന്തരിക ഇന്ദ്രിയങ്ങളുമുണ്ട്. ആന്തരിക ഇന്ദ്രിയങ്ങളുടെ സ്വാധീനമനുസരിച്ചായിരിക്കും ബാഹ്യ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും.
എളിമയോടെ ദൈവത്തിനു സമര്‍പ്പിച്ചു ജീവിക്കാത്ത വ്യക്തികളില്‍ പ്രാര്‍ത്ഥനാജീവിതവും കൗദാശിക ജീവിതവും തിരുവചനധ്യാനവും നിര്‍വ്വഹിക്കാത്ത വ്യക്തികളില്‍ ആ വ്യക്തിപോലുമറിയാതെ സാത്താന് നുഴഞ്ഞു കയറുവാന്‍ ഇടയാകും. തെറ്റായ രീതിയില്‍ ലോകത്തിലെ കാഴ്ചകള്‍ കാണിച്ചും-ലോകസുഖത്തിന്റെ കേള്‍വി കേള്‍പ്പിച്ചും-ലോകത്തിന്റെ നേട്ടങ്ങളും ചിന്തകളും ഭാവനയിലേക്കു കടത്തിവിട്ടും ആന്തരേന്ദ്രിയങ്ങളെ ആകര്‍ഷിക്കുകയും മലിനമാക്കുകയും അതിന്റെ സ്വാധീനത്തില്‍ ബാഹ്യേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിച്ച് തിന്മയ്ക്കടിപ്പെടാനും ഇടയാക്കുന്നു. ‘ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രു വന്ന്, ഗോതമ്പിനടിയില് കള വിതച്ചിട്ടു കടന്നുകളഞ്ഞു. ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും പ്രത്യക്ഷപ്പെട്ടു. വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ നീ നല്ല വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? അവന് പറഞ്ഞു: ശത്രുവാണ് ഇതു ചെയ്തത്’. (മത്താ. 13:25-28) അതിനാല്‍ ആന്തരിക ഇന്ദ്രിയങ്ങള്‍ ആത്മാവില്‍ നിറയപ്പെടുന്നില്ലായെങ്കില്, ആ വ്യക്തിപോലും അറിയെതെ സാത്താന് തന്ത്രപൂര്‍വ്വം അകത്തു കടക്കുകയും തെറ്റായ ബോധ്യങ്ങളാലും തിന്മയാലും ആന്തരിക ഇന്ദ്രിയങ്ങള്‍ നിറയ്ക്കുകയും ബാഹ്യേന്ദ്രിയങ്ങള്‍ തിന്മയ്ക്കടിമപ്പെടുത്തുകയും ചെയ്യുവാന്‍ ഇടയാവുകയും, ദൈവസ്വരം ശ്രവിക്കുവാനും മാനസാന്തരപ്പെടുവാനും സാധ്യമല്ലാതാവുന്നു. പാപബോധം നഷ്ടപ്പെട്ട് ദൈവവിശ്വാസം ഇല്ലാതായിത്തീരുകയും പ്രത്യാശ ഇല്ലാതെ നിരാശയ്ക്ക് അടിമയായിത്തീരുകയും സമാധാനം ഇല്ലാതാവുകയും ഇടപെടുന്ന മേഖലകളിലെല്ലാം മറ്റുള്ളവരുടെ സമാധാനം കെടുത്തുന്ന വ്യക്തിയായിത്തീരുകയും ചെയ്യുന്നു.
‘കള്ളന് വരുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമത്രേ'(യോഹ.10:10) ഈശോ പറഞ്ഞു: ‘അവന് ആദിമുതലേ നുണയനും നുണയുടെ പിതാവുമാണ്’. സാത്താനെപ്പറ്റി ഈശോ പറയുന്നത് അവന് നുണയനാണ്. കള്ളന്റെ സ്വഭാവം നുണപറഞ്ഞ് മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നതാണ്. അതിനാല്‍ ഒരു വ്യക്തി സാത്താന്റെ കൗശലത്തെപ്പറ്റി ജാഗ്രതയുള്ളവനായിരിക്കണം. ‘സാത്താനു നിങ്ങള്‍ അവസരം കൊടുക്കരുത്. സാത്താന് അവസരം കൊടുക്കരുതെന്നുപറഞ്ഞാല് നമ്മളിലുള്ള പരിശുദ്ധാത്മാവിനെ എല്ലായ്പ്പോഴും നമ്മള് ഉജ്ജ്വലിപ്പിക്കണം (പ്രാര്‍ത്ഥനയിലൂടെയും, കൗദാശിക ജീവിതത്തിലൂടെയും, തിരുവചനധ്യാനത്തിലൂടെയും, ഉപവിപ്രവര്‍ത്തികളിലൂടെയും). സാത്താന്റെ കൗശലവും, കെണിയും, ഇടിച്ചുകയറുന്ന ശൈലിയും പരിശുദ്ധാത്മാവു നമുക്കു മനസ്സിലാക്കിതരും, നമ്മെ പഠിപ്പിക്കും. പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ അവന് എല്ലാ കാരങ്ങളും നിങ്ങളെ പഠിപ്പിക്കും’.
‘നിങ്ങള്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍’ എന്നു പറയുമ്പോള്‍ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനു വേണ്ടിയും, യേശുവിനുവേണ്ടിയും ആഗ്രഹിക്കുക ‘എല്ലായ്പ്പോഴും നിങ്ങള്‍ ദൈവത്തിനു നന്ദിപ്രകാശിപ്പിക്കുവിന്‍’. എന്നുവച്ചാല്‍ എല്ലായ്പ്പോഴും ദൈവത്തെ സ്തുതിക്കുക എന്നര്‍ത്ഥം. സ്തുതിച്ച് സ്തുതിച്ച് നമ്മെപ്പറ്റിയുള്ള ദൈവഹിതം വെളിപ്പെടുത്തുവാന്‍ ഇടയാകും.
‘നിങ്ങളിലുള്ള ദൈവദത്തമായ പരിശുദ്ധാത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്’. മേലുദ്ധരിച്ച മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ നമ്മളിലുള്ള പരിശുദ്ധാത്മാവിന്റെ ശക്തി കുറയുന്നിടത്ത് സാത്താന് തന്ത്രപൂര്‍വ്വം കയറിപ്പറ്റുവാന്‍ ഇടയാകും. നമ്മെ ഓരോ പ്രഭാതത്തിലും ബോധപൂര്‍വ്വം സമ്പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം. ദൈവം പൂര്ണ്ണനായതുകൊണ്ട് സമ്പൂര്‍ണ്ണ സമര്പ്പണമേ അവിടുന്നു സ്വീകരിക്കുകയുള്ളൂ. സമര്‍പ്പിക്കപ്പെട്ടവരെ ദൈവം താങ്ങിക്കൊള്ളും. കാരണം ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്.
‘ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു പ്രവേശിക്കുന്നവന് കള്ളനും കവര്‍ച്ചക്കാരനുമാണ്’ (യോഹ.10:1). നേരായവഴിയിലൂടെയല്ല സാത്താന് ഒരു വ്യക്തിയില്‍ പ്രവേശിക്കുവാന്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയിലുള്ള ബലഹീനത മനസ്സിലാക്കി ആ ബലഹീനതയെ ന്യായീകരിച്ചോ, പരിഹസിച്ചോ ആ വ്യക്തിയില്‍ വാശിയും, വൈരാഗ്യവും, വെറുപ്പും, അപകര്‍ഷതയും, നിരാശയും സൃഷ്ടിക്കുകയും അതിലൂടെ രക്ഷയില്ലാ എന്ന ചിന്ത നല്കി തെറ്റു ചെയ്യുന്നവരിലേക്കും, തെറ്റിലേക്കും സ്വാധീനിക്കുകയും, അവയ്ക്കടിമപ്പെടുത്തി പാപത്തിന്റെ ശമ്പളമായ മരണത്തില്‍ വീഴിക്കുകയും ചെയ്യുന്നു. അനന്തരം കുറ്റബോധത്തിലും അപകര്‍ഷതയിലും ഭയത്തിനും അടിമയാക്കി തിന്മയുടെ വക്താവാക്കിമാറ്റി നാശത്തിന്റെ-ആത്മഹത്യയുടെ വക്കിലെത്തിക്കുകയും ചെയ്യുവാന്‍ ഇടയാക്കുന്നു. പ്രത്യാശയില്ലാത്തവനാക്കിത്തീര്ക്കുന്നു. ഇപ്രകാരമുള്ള വ്യക്തി മാനസാന്തരപ്പെടാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയ്ക്കുണ്ടാകുന്ന വേദനയാണ് വിശ്വാസമില്ലാത്ത വഴിപിഴച്ച തലമുറയേ എന്നു വിളിക്കുവാന്‍ യേശുവിനെ പ്രേരിപ്പിക്കുന്ന മനോവികാരം. മേല്പറഞ്ഞ അവസ്ഥകളില്‍ എത്തപ്പെട്ട വ്യക്തിയുടെ മോചനത്തിനും സൗഖ്യത്തിനുമായി എന്തുചെയ്യണമെന്ന് ഈശോ കാണിച്ചു തരുകയാണ് തുടര്‍ന്നുള്ള വചനഭാഗത്ത്. ഈശോ ക്ഷമിച്ചു കൂടെ വസിക്കുന്നതായി-സ്നേഹിക്കുന്നതായി പറയുകയാണ്. എന്നിട്ടും അതു തിരിച്ചറിയാത്തതില്‍ ഈശോ വേദനിക്കുന്നു. തന്റെയടുത്തുവന്നുള്ള പ്രാര്‍ത്ഥനയില്‍- വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍- ഉപവസിച്ചുള്ള പ്രാര്‍ത്ഥനയില്‍ ഈശോ സംപ്രീതനായി ആ കുട്ടിയെ മോചിപ്പിക്കുകയും സൗഖ്യപ്പെടുത്തി തിരികെ ഏല്പിക്കുകയും ചെയ്യുന്നു. യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര് സ്വകാര്യമായി ചോദിച്ചു: ‘എന്തുകൊണ്ടാണ് അതിനെ ബഹിഷ്ക്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്?’ അവന് പറഞ്ഞു: ‘പ്രാര്‍ത്ഥനകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല’.
വ്യക്തിപരമായി ദൈവസന്നിധിയില്‍ തന്നെത്തന്നെ കണ്ടെത്തി പ്രാര്‍ത്ഥിക്കുന്നതിലൂടെ തിന്മയുടെ ബന്ധത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ സാധിക്കുകയും തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ നിലനിന്നുകൊണ്ട് ദൈവൈക്യത്തില്‍ പ്രവേശിക്കുന്നതിലൂടെ ആത്മാവില്‍ ശക്തിപ്പെടാനും നിറയപ്പെടാനും സാധിക്കുകയും എല്ലാവിധ ശിക്ഷയുടെ-അന്ധകാരത്തിന്റെ പരീക്ഷണത്തില്‍ നിന്നും വിജയം വരിക്കാനും ദൈവിക സമാധാനത്തിലും സന്തോഷത്തിലും മുന്നേറുവാനും സാധിക്കും. ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല’.
‘ഇതാണു ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം അവരുടെ പ്രവര്‍ത്തികള്‍ തിന്മനിറഞ്ഞതായിരുന്നു. തിന്മപ്രവര്ത്തിക്കുന്നവന് പ്രകാശത്തെ വെറുക്കുന്നു'(യോഹ. 3:19).
ശിക്ഷയില്‍നിന്നുള്ള മോചനം എങ്ങനെ?
‘എന്തെന്നാല്‍ ദൈവത്തിനു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന് മേലുള്ള വിജയം ഇതാണ്, നമ്മുടെ വിശ്വാസം. യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്’. (1 യോഹ.5:4,5)
‘ദൈവത്തില്‍നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. ദൈവപുത്രന് അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്ടന് അവനെ തൊടുകയില്ല. നാം ദൈവത്തില്‍ നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു. ദൈവപുത്രന് വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവ് നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്. ഇവനാണ് സത്യദൈവവും നിത്യജീവനും. കുഞ്ഞുമക്കളെ, വിഗ്രഹങ്ങളില്‍ നിന്നകന്നിരിക്കുവിന്’ (1 യോഹ.5:18-20).
എന്താണ് വിഗ്രഹങ്ങള്‍
ദൈവമഹത്വം ഒരുവനില്‍ പ്രകടമാകുവാന്‍ തടസമായി നില്‍ക്കുന്നതെല്ലാം വിഗ്രഹങ്ങളാണ്. അകന്നുനില്ക്കേണ്ടതുമാണ്.
‘ധന മോഹംതന്നെയായ വിഗ്രഹാരാധന’
സ്ഥാനമോഹം, അംഗീകാരാസക്തി ഇവയെല്ലാം വിഗ്രഹങ്ങളാണ്. നന്മചെയ്യുവാന് തടസ്സമായി നില്‍ക്കുന്നതെല്ലാം വിഗ്രഹങ്ങളാണ്-ദൈവമഹത്വം തടയപ്പെടുകയാണ് മറ്റുള്ളവരിലേക്ക് വെളിച്ചം നമ്മളിലൂടെ കടന്നു ചെല്ലുവാന്‍ തടസ്സമാകുന്നു.
‘മറ്റുള്ളവര്‍ നിങ്ങളുടെ സത്പ്രവര്ത്തികള്കണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ’.
പ്രാര്‍ത്ഥന
കര്‍ത്താവായ ഈശോയെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങള്‍ അങ്ങേയ്ക്കു നന്ദിപറയുന്നു. അങ്ങയുമായി ഐക്യപ്പെടുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. വ്യക്തിപരമായ പ്രാര്‍ത്ഥനയിലൂടെ അങ്ങയുടെ സന്നിധിയില്‍ ഞങ്ങളുടെ കുറവുകളും ബലഹീനതകളും കണ്ടെത്തുവാനും പരിശുദ്ധാത്മാവില്‍ നിറയപ്പെട്ട് കുറവുകളെല്ലാം നേട്ടങ്ങളാകുവാനും, ബലഹീനതകളെല്ലാം ബലമായി മറുവാനും ഓ, ഈശോയെ അങ്ങയുടെ കരുണയാല്‍ ഇടയാക്കണമേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും, കൗദാശികതയിലൂടെയും, ഉപവി പ്രവര്‍ത്തനങ്ങളിലൂടെയും ഞങ്ങളിലുള്ള അരൂപിയുടെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തി അനേകരിലേക്ക് ഒഴുക്കുവാനും ഇടയാക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ യേശുവിനു സാക്ഷ്യം വഹിക്കുന്ന വ്യക്തികളാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ. മറ്റുള്ളവരിലേക്ക് ഞങ്ങളിലൂടെ വെളിച്ചം പകരുന്നവരാക്കി ത്തീര്‍ക്കണമേ. ആമ്മേന്‍. ഹല്ലേലൂയ്യാ. ദൈവത്തിനു സ്തുതി!