ഈ പ്രാർത്ഥന കഴിയുമ്പോൾ പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളെ സമീപിച്ച് ഇവയിൽ പങ്കുകൊള്ളാൻ യോഗ്യരാക്കപ്പെട്ട നമുക്ക് എല്ലാവർക്കും ഇവയുടെ ദാതാവായ ദൈവത്തിനു സ്തുതിയും കൃതജ്ഞതയും സമർപ്പിക്കാം” എന്നുപറഞ്ഞ് ദൈവത്തിന് കൃതജ്ഞതാ സ്തോത്രങ്ങൾ അർപ്പിക്കാൻ സഹായി സമൂഹത്തെ ആഹ്വാനം ചെയ്യുന്നു.അപ്പോൾ ജനം ഏറ്റം ഹൃദ്യമായി പ്രതികരിക്കുന്നു.” അവർണ്ണനീയമായ ഈ ദാനത്തിന് കർത്താവേ അങ്ങേയ്ക്ക് സ്തുതി”പരിശുദ്ധ കുർബാന കർത്താവിന്റെ അവർണ്ണനീയമായ ദാനമാണ്.ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഞായറാഴ്ചകളിലും തിരുനാളുകളിലും വൈദികൻ ചൊല്ലുന്ന രണ്ട് വിടവാങ്ങൽ പ്രാർത്ഥനകൾ ഉണ്ട്. കർത്താവിന്റെ മഹനീയ നാമത്തിന് എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുക യോഗ്യവും യുക്തവുമാണെന്ന് വൈദികൻ ഏറ്റുപറയുന്നു. തുടർന്നു കർത്താവ് കാരുണ്യപൂർവ്വം ചെയ്ത നന്മകൾ ഏറ്റു പറയുകയാണ്. തിരുവ ചനങ്ങളുടെ മാധുര്യം ആസ്വദിക്കുവാനും അവിടുത്തെ ദാനമായ ദിവ്യരഹസ്യങ്ങളിൽ പങ്കുകൊള്ളുവാനും മഹോന്നതനായ ദൈവത്തിന് സ്തുതി യുടെയും കൃതജ്ഞതയുടെയും കീർത്തനങ്ങൾ ഇടവിടാതെ ആലപിക്കുവാനും തന്നെയും ബലഹീനരായ ജനത്തെയും കാരുണ്യ പൂർവം യോഗ്യരാക്കിയതിന് പരിശുദ്ധ ത്രിത്വത്തോടുള്ള കൃതജ്ഞതാ പ്രകാശനം ആണ് ഈ പ്രാർത്ഥനയുടെ അന്ത:സത്ത.
ദൈവത്തെ പ്രസാദിപ്പിക്കുക
അടുത്തത് ജനത്തിനുള്ള ആഹ്വാനമാണ്. കർത്താവിന്റെ “അമൂല്യമായ തിരുശരീര രക്തങ്ങൾ സ്വീകരിക്കുവാൻ നമ്മുടെ കർത്താവും ദൈവവും രാജാവും രക്ഷകനും കർത്താവുമായ ഈശോമിശിഹാ കൃപാപൂർവ്വം നമ്മെ യോഗ്യരാക്കി. (അതുകൊണ്ട്) വിചാരങ്ങളും വചനങ്ങളും പ്രവർത്തികളും വഴി തന്നെ പ്രസാദിപ്പിക്കാൻ അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ.”രണ്ടാം ഭാഗത്ത് സകലത്തിന്റെയും നാഥനായ കർത്താവിനോട് പ്രാർത്ഥിക്കുകയാണ്.” ഞങ്ങൾ സ്വീകരിച്ചതും സ്വീകരിക്കുന്നതും ആയ ഈ അച്ചാരം നിന്റെ കാരുണ്യാതിരേക ത്താൽ ഞങ്ങളുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയർപ്പിലുള്ള പ്രത്യാശക്കും നിന്റെ സന്നിധിയിൽ പ്രീതിജനകമായ വിധം വർത്തിച്ച എല്ലാവരോടുമൊന്നിച്ച് സ്വർഗ്ഗരാജ്യത്തിലെ നവമായ ജീവിതത്തിനും കാരണമാകട്ടെ.
ഉന്നതങ്ങളിൽ നിന്നുള്ള ആരാധ്യ മായ ദാനത്തിന് സ്തുതി
സാധാരണ ദിനങ്ങളിലെ ഒന്നാമത്തെ പ്രാർത്ഥനയിൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീകവുമായ ദിവ്യരഹസ്യങ്ങൾ കടങ്ങളുടെ മോചനത്തിനായി കർത്താവായ ദൈവം കാരുണ്യപൂർവ്വം നൽകിയതിന് മഹനീയ ത്രിത്വത്തിനു സ്തുതിയും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കുവാൻ തങ്ങൾ കടപ്പെട്ടവരാകുന്നുവെന്ന് അവിടുത്തോട് സസന്തോഷം ഏറ്റുപറയുന്നു.രണ്ടാമത്തെ പ്രാർത്ഥനയിൽ സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവീകവുമായ ഈ കുർബാന വഴി മനുഷ്യ വർഗ്ഗത്തിന്റെ പ്രതീക്ഷയായ മിശിഹാ തങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കുകയും അപരാധങ്ങൾ ക്ഷമിക്കുകയും ചെയ്ത, ഉന്നതങ്ങളിൽ നിന്നുള്ള, ആരാധ്യമായ ദാനത്തെ വൈദികൻ വാഴ്ത്തുന്നു.
ഹൂത്താമ്മ
ഇതു സമാപനാശീർവ്വാദമാണ്. കർത്താവിന്റെ വാഗ്ദാനമനുസരിച്ച് മിശിഹാ എല്ലാവരെയും അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ, ദിവ്യരഹസ്യങ്ങളിൽ പങ്കുകൊണ്ട എല്ലാവരെയും ദൈവം മഹത്വമണിയിക്കട്ടെ. കർത്താവിന്റെ കുരിശിന്റെ സജീവമായ അടയാളത്താൽ ബലിയർപ്പകരെല്ലാവരും മുദ്രിതരാകട്ടെ, എല്ലാവരും എല്ലാ വിപത്തുകളിൽ നിന്നും എപ്പോഴും സംരക്ഷിതരുമാകട്ടെ എന്നതാണ് ആശിർവ്വാദത്തിന്റെ സംക്ഷേപം.