സ്നേഹമെന്ന മരുന്നിനു സുഖപ്പെടുത്താൻ ആവാത്തതായി ഒരു രോഗവും ഇല്ല. കാരണം ദൈവമാണ് സ്നേഹം. ” ദൈവം സ്നേഹമാകുന്നു “( 1 യോഹന്നാൻ 4 :8 ) രോഗഗ്രസ്തമായ മനസ്സുകളിലേക്കും ശരീരങ്ങളിലേക്കും സ്നേഹം എന്ന ദിവ്യ ലേപനം ഒഴിച്ചു കൊടുക്കുക. അവ പുനർ ജീവിക്കുന്നത് കാണാം. ദൈവം നമുക്ക് നൽകിയ ഈ ദിവ്യൗഷധം നമ്മൾ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. ലോകത്തിന്റെ കപട സ്നേഹത്തിന് പിന്നാലെ ഓടി നടന്ന് നമ്മൾ രോഗികളാകുന്നു. ദൈവത്തിന്റെ യഥാർത്ഥ സ്നേഹത്തിലേക്ക് മടങ്ങിവന്ന് സൗഖ്യം പ്രാപിക്കുക. ലോകത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം അടിമത്തവും ബാധ്യതയുമാണ്. ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നത് ആകട്ടെ സൗഖ്യവും സ്വാതന്ത്ര്യവുമാണ്.
ഒഴിഞ്ഞ കുടത്തിലേക്ക് കോരി എടുത്ത ജലം ദാഹിക്കുന്നവർക്ക് കുടിക്കാൻ കൊടുക്കുന്നത് പോലെ ദൈവത്തിൽ നിന്ന് സ്വീകരിക്കുന്ന സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക. അപ്പോൾ ദൈവ സ്നേഹത്തിന്റെ ശീതളിമ നമ്മൾ നിറയും. നമ്മൾ സൗഖ്യം പ്രാപിക്കും.
ഉള്ളിൽ സ്നേഹം നിറഞ്ഞു നിന്നിട്ട് കാര്യമില്ല. അങ്ങനെയുള്ള സ്നേഹത്തിനു സൗഖ്യം ജീവനും നൽകാൻ കഴിയില്ല. കാരണം ദൈവത്തിന്റെ സ്നേഹം സദാ പ്രവർത്തന നിരതം ആയിരിക്കും. അത് നമ്മിൽ നിന്ന് മറ്റുള്ളവരിലേക്ക് ഒഴുകേണ്ടിയിരിക്കുന്നു.
ഈശോ പറഞ്ഞു.” എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകും “( യോഹ. 7: 37 ).
നമുക്ക് ദാഹിക്കുമ്പോൾ ജലം നിറച്ച ഗ്ലാസ് കൈയ്യിലെടുത്തതു കൊണ്ട് ദാഹം ശമിക്കുകയില്ല. വായിൽ ഒഴിച്ചാലും ദാഹം തീരുന്നില്ല. അത് നമ്മൾ കുടിക്കണം. വായിൽ നിന്ന് ഉദരത്തിലേക്ക് ഒഴുകി ഇറങ്ങി ഓരോ ശരീരകോശങ്ങളിലേക്കും അതിന്റെ കുളിർമ ചെന്നെത്തണം. അപ്പോൾ ദാഹം ശമിക്കുകയും നമ്മൾ ഊർജ്ജസ്വലരാകുകയും ചെയ്യും.
അതുപോലെ ദൈവസ്നേഹം എന്ന ദിവ്യ ജലം പാനം ചെയ്ത നമ്മൾ മറ്റുള്ളവരിലേക്ക് നമ്മുടെ വാക്കും പ്രവർത്തികളും മൂലം ഈ സ്നേഹം പകർന്നു നൽകണം.അപ്പോൾ നമ്മുടെ ഉള്ളം കുളിരും. മനസ്സിലും ശരീരത്തിലും ഒരു ദിവ്യ ചൈതന്യം നിറയും. നമ്മൾ സൗഖ്യവും ജീവനും പ്രാപിക്കും. കാരണം നമ്മൾ പ്ലാൻ ചെയ്ത ദാഹജലം നമ്മുടെ ശരീരത്തിലെ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഒഴുകി പടർന്നത് പോലെ, മിശിഹായുടെ ഭൗതിക ശരീരത്തിലെ അവയവങ്ങളായ മനുഷ്യരിലേക്ക് നമ്മിലൂടെ ദൈവത്തിന്റെ സ്നേഹം ഒഴുകി പടരേണ്ടിയിരിക്കുന്നു. ഈശോ സമരായ സ്ത്രീയോട് പറഞ്ഞു ഞാൻ നൽകുന്ന ജലം അവനിൽ നിത്യജീവനിലേക്ക് നിർവഹിക്കുന്ന അരുവി ആകും. (യോഹ 4:14).
പാവം പെൺകുട്ടി എല്ലാ സമ്പത്തിന്റെ യും നടുവിൽ അവൾ അശന്തുഷ്ടയായിരുന്നു. ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന ചിന്തയായിരുന്നു അവളുടെ ദുഃഖത്തിനു കാരണം. ഒരുനാൾ അവൾ വീടുവിട്ടിറങ്ങി. അങ്ങകലെ ഒരു അരുവിയുടെ തീരത്താണ് അവൾ ചെന്ന് ചേർന്നത് . അവിടെ ഒരു മരച്ചുവട്ടിൽ തളർന്നിരുന്നു.
സമയം പോയത് അവളറിഞ്ഞില്ല. ഇനി എങ്ങോട്ട് പോകണമെന്നറിയാതെ അവൾ തേങ്ങി കരഞ്ഞു.
” നീ എന്തിനാണ് കരയുന്നത്? “
ചോദ്യം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. കുന്നിൻ ചെരിവിലൂടെ വീശി വന്ന ഇളംകാറ്റ് ആയിരുന്നു അത്. അത് അവളുടെ കുഞ്ഞി കവിളുകളെ തഴുകിത്തലോടി നിന്നു.
അവൾ വിതുമ്പി….. ” എന്നെ ആരും സ്നേഹിക്കുന്നില്ല ” ഇളംകാറ്റ് പൊട്ടിച്ചിരിച്ചു. അത് അവളെ ദേഷ്യം പിടിപ്പിച്ചു. അവൾ ചോദിച്ചു.
” നീ എന്തിനാണ് ചിരിക്കുന്നത് കാറ്റേ? “.
അപ്പോൾ കാറ്റു പറഞ്ഞു.” പാവം പെണ്ണേ! നീ അങ്ങ് താഴേക്ക് നോക്ക്. അങ്ങ് താഴെ വയലുകളിൽ പണിയെടുത്ത് തളരുന്ന കർഷകരുടെ ക്ഷീണമകറ്റാൻ, കുളിരേകാൻ അവരെ തഴുകിത്തലോടി ആശ്വസിപ്പിക്കാൻ ഇങ്ങനെ ഓടി നടക്കുമ്പോൾ എനിക്ക് എന്തൊരു സന്തോഷം ആണെന്നോ. അവർ എന്നെ ഒത്തിരി സ്നേഹിക്കുന്നു. എന്നും അവർ എന്നോട് പറയും… എത്ര നല്ല കാറ്റ്… ” അവൾ മിണ്ടിയില്ല.
അപ്പോൾ അവളുടെ പാദങ്ങളിൽ വെള്ളം തെന്നി തെറിപ്പിച്ചു കൊണ്ട് കുഞ്ഞരുവി പറഞ്ഞു . നീ എന്തൊരു മണ്ടി യാണ് പെൺകുട്ടി! ഞാനിങ്ങനെ അലതല്ലി ഒഴുകി, ഒഴുകി താഴത്തെ വയലുകളിൽ നെൽ ചെടിക്ക് ജീവജലം കൊടുക്കുന്നു. നാളെ അതിൽ നെൽമണികൾ കതിർ ചൂടി നിൽക്കും. അത് കാണുമ്പോൾ എന്റെ ഉള്ളം കുളിരും. ഈ നിൽക്കുന്ന തേന്മാവും മരങ്ങളും ചെടികളും എന്നിൽ നിന്നാണ് കുടിക്കുന്നത്. അവരെല്ലാം എന്നെ ഒത്തിരി സ്നേഹിക്കുന്നു.
അതുകേട്ട് തേന്മാവ് സന്തോഷത്തോടെ ഇളകി ചിരിച്ചു. ഊഞ്ഞാലാടിയ ശിഖരങ്ങളിൽ നിന്നും പഴമാങ്ങ പൊഴിഞ്ഞുവീണു. ഒന്ന് അവളുടെ കാൽച്ചുവട്ടിലാണ് വന്ന് പതിച്ചത്.
” നോക്കൂ, പെണ്ണേ! സ്നേഹം കൊടുക്കാനുള്ളതാണ് വാങ്ങാൻ ഉള്ളതല്ല”. തേന്മാവ് പറഞ്ഞു.
മാമ്പഴം തിന്നുന്നവർ മാത്രമല്ല, ക്ഷീണമകറ്റാൻ എന്റെ തണലിൽ വന്നിരിക്കുന്നവരും എന്റെ ചില്ലകളിൽ കൂടുകൂട്ടുന്ന കിളികളുമെല്ലാം എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. പിണക്കം ഞങ്ങളെപ്പോലെ ആകാമല്ലോ! അവൾക്ക് ആശ്വാസം തോന്നി. മുന്നിൽ കിടന്ന മാമ്പഴം കുനിഞ്ഞെടുത്ത് അവൾ കടിച്ചു. എന്തൊരു മധുരം, അവൾ പുഞ്ചിരിച്ചു. അതുകണ്ട് കുഞ്ഞരുവി ഓളങ്ങൾ കൊണ്ട് അവളുടെ കാലുകളെ ഇക്കിളിപ്പെടുത്തി. അവൾക്ക് പൊട്ടിച്ചിരിക്കണം എന്ന് തോന്നി.
ഇളം തെന്നൽ അവളുടെ കുഞ്ഞി കവിളുകളിൽ ചക്കരമുത്തം കൊടുത്തു. പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ വീട്ടിലേക്ക് ഓടി. അവളുടെ ഉള്ളിൽ നിറയെ സ്നേഹമായിരുന്നു. എല്ലാവർക്കും സ്നേഹം നൽകണം അവൾ വേഗത്തിൽ ഓടി. കലമാന്റെ പാദങ്ങൾ എന്നപോലെ അവളുടെ കാലുകൾക്ക് വേഗതയേറി.
താഴെ പുഴ ഒഴുകിക്കൊണ്ടേയിരുന്നു. ഇളം കാറ്റു വീശി കൊണ്ടും. അതേ! സ്നേഹം നൽകാനുള്ളതാണ്. നൽകി കൊണ്ടേയിരിക്കുക.
എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” ( യോഹന്നാൻ 3 :16 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം