സൗഖ്യത്തിലേക്കുള്ള എളുപ്പമാർഗ്ഗം ദൈവകൽപനകളുടെ വഴികളിലൂടെ നടക്കുക എന്നതാണ്. ഈ ലോകത്തിൽ ലോകത്തിന്റെതല്ലാത്തതുപോലെ ജീവിക്കാൻ കൽപ്പനകൾ സഹായിക്കുന്നു.
സ്നേഹത്തിന്റെ പൂർണ്ണതയിൽ നമ്മുടെ ജീവിതങ്ങളെ കാത്തുസൂക്ഷിക്കുന്നത് ഈ കൽപനകൾ ആണ്.
ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് അരുളിച്ചെയ്യുന്നു. ” നീ എന്റെ കൽപനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു “( ഏശയ്യ 48: 18 ).
ബൈബിളിലെ ഏറ്റവും ദൈർഘ്യമേറിയ അധ്യായം സങ്കീർത്തനം 119 ആണ്. ദൈവ കല്പനകളുടെ പ്രാധാന്യത്തെ ആണ് അത് വെളിവാക്കുന്നത്. എന്നാൽ തിന്മയുടെ മഹാസമുദ്രത്തിൽ നീന്തിത്തുടിക്കുന്ന മാനവരാശി ദൈവകൽപനകൾ അവഗണിച്ചുകൊണ്ട് ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നു. മാരകമായ പല രോഗങ്ങളും അവയുടെ പരിണിതഫലമാണ്. ജീവനും ദീർഘായുസ്സും നമുക്ക് നൽകുന്ന നാലാം പ്രമാണം വാഗ്ദാനത്തോടെ കൂടിയ ഏക കല്പനയാണ്. നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവു തരുന്ന നാട്ടിൽ നിനക്ക് നന്മ ഉണ്ടാകാനും വേണ്ടി അവിടുന്ന് കൽപിച്ചിരിക്കുന്ന പോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക (നിയ.5:16).
ജ്ഞാനികൾ എന്നു കരുതുന്ന ആധുനികമനുഷ്യൻ അവഗണിച്ചു കളഞ്ഞ കൽപ്പന ആണിത്. എത്രയോ മാതാപിതാക്കൾ തങ്ങളുടെ രോഗത്തിലും വാർദ്ധക്യത്തിലും മക്കളാൽ അവഗണിക്കപ്പെട്ട് വീടുകളും വൃദ്ധസദനങ്ങളിലും കഴിയുന്നു. അവരെ ബഹുമാനിച്ച് സ്നേഹിച്ച് സൃഷ്ടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് ആരോഗ്യവും ദീർഘായുസ്സും ആണെങ്കിൽ, നമുക്ക് എങ്ങനെ അത് അവഗണിക്കാൻ ആകും.
കൽപ്പനകൾ എല്ലാം അലംഘനീയ മാണ്. അതുവഴിയാണ് നമ്മൾ ജീവിക്കുന്നത് എങ്കിൽ അത് അവഗണിക്കുന്നവർ മരണത്തെയാണ് സ്നേഹിക്കുന്നത്. “നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ നിത്യ പർവ്വതങ്ങളുടെ ഔദാര്യത്തിൽ ക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തമാണ്.”( ഉല്പത്തി 49: 26 ).
ലോകത്തിലൂടെ സഞ്ചരിക്കാൻ നൂറു നൂറു വഴികൾ ഉണ്ടായിരിക്കാം. എന്നാൽ സ്വർഗ്ഗത്തിലേക്ക് കയറാൻ ഒരു വഴി മാത്രം. ദൈവ കല്പനകളുടെ വഴി. ആ വഴിയിലൂടെ സഞ്ചരിക്കുന്നവർ ഈ ലോകത്തിൽ സന്തോഷത്തിലും സമാധാനത്തിലും സൗഖ്യത്തിലും ജീവിക്കുകയും അവസാനം നിത്യജീവനും ചെന്നെത്തുകയും ചെയ്യും.. സഭാപ്രസംഗകൻ ഉപസംഹരിക്കുന്നത് ഇപ്രകാരമാണ്. ” പരിസമാപ്തി ഇതാണ് ; എല്ലാം കേട്ട് കഴിഞ്ഞതുതന്നെ. ദൈവഭയം ഉള്ളവൻ ആയിരിക്കുക, അവിടുത്തെ കൽപനകൾ പാലിക്കുക ; മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ “( സഭാ.12: 13 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം