അൽഭുതങ്ങളുടെ ചെപ്പു തുറക്കാനുള്ള സ്വർണ്ണ താക്കോലാണ് ക്ഷമ. പരിശുദ്ധാത്മാവിന്റെ ദിവ്യ ഫലങ്ങളിലെ മാധുര്യമേറിയ ഫലം. അത് കഴിക്കാൻ പ്രയാസമാണ് പലർക്കും. എന്നാൽ ഒരിക്കൽ ഭക്ഷിച്ചവർ വീണ്ടും വീണ്ടും ആ പഴം കഴിക്കുന്നു. അത്രയേറെ മാധുര്യമാണ് അതിന്. എല്ലാ രോഗങ്ങളെയും സൗഖ്യം ആക്കാനുള്ള ദിവ്യശക്തി അതിനുണ്ട്.
പോട്ട പോലുള്ള ധ്യാനകേന്ദ്രങ്ങളിൽ മാരക രോഗികൾ അത്ഭുതകരമായ രോഗസൗഖ്യം പ്രാപിക്കുന്നത് പരസ്പരം ക്ഷമിച്ച് പ്രാർത്ഥിച്ചപ്പോഴാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
‘തെറ്റ് ചെയ്യുക മാനുഷികമാണ്. ക്ഷമിക്കുക ദൈവികവും’ മാനുഷികമായ ബലഹീനതയാൽ മറ്റൊരാൾ നമ്മോട് തെറ്റ് ചെയ്താൽ ദൈവികമായ ശക്തിയാൽ അവനോട് ക്ഷമിക്കാൻ ആവുക എത്ര അനുഗ്രഹദായകമാണ്. ദൈവീക പ്രവർത്തിയിൽ ഒരാൾ പങ്കുകാരൻ ആവുകയും അൽഭുതങ്ങൾ അയാളിൽ സംഭവിക്കുകയും ചെയ്യുന്നു. നമ്മുടെ തെറ്റ് ചെയ്തവരെ സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സോദരാ എന്നു വിളിക്കുക. കാരണം അവരാണ് നമ്മെ ദൈവത്തോട് ചേർത്തുനിർത്തിയത്. അൽഭുത സൗഖ്യത്തിന് ഉടമ ആക്കിയത്. എന്നാൽ അവനോ സാത്താന്റെ കെണിയിൽ കുടുങ്ങിക്കിടന്ന പീഡനമേൽക്കുന്നു.
An apple a day keep the doctor away എന്നുള്ള ചൊല്ല് നമുക്കറിയാം. എന്നാൽ ക്ഷമ എന്ന ഫലം കഴിക്കുന്നവർക്ക് ഡോക്ടറുടെ സഹായം തേടേണ്ടി വരില്ലെന്ന് മാത്രമല്ല പരിപൂർണ്ണ സൗഖ്യത്തിൽ ദീർഘായുസ്സോടെ ജീവിക്കാനും സാധിക്കും.
ഇപ്പോൾ മുതൽ ഈ ഫലം കഴിച്ചു തുടങ്ങുക. ജീവിതത്തിന്റെ ആനന്ദം എന്തെന്നറിയുക. ക്ഷമിക്കുമ്പോൾ നമ്മുടെ കോശങ്ങൾ ജീവന്റെ നിറവിൽ ജ്വലിച്ചു നിൽക്കും. അത്യുന്നതന്റെ ശക്തി നമ്മിൽ നിറയും. നമ്മൾ സുഖം പ്രാപിക്കും.
ദ്വന്ദയുദ്ധത്തിൽ ജയിക്കുന്നവനല്ല വ്യവസ്ഥ കൂടാതെ മറ്റുള്ളവരോടു ക്ഷമിക്കാൻ കഴിയുന്നവനാണ് ശക്തൻ. ക്ഷമിക്കുന്നവർ ദൈവത്തോടൊപ്പം ഉന്നതങ്ങളിൽ വസിക്കുന്നു. ദൈവത്തിന്റെ ക്ഷമിക്കുന്ന സ്നേഹം ആണ് യേശുവിന്റെ മനുഷ്യാവതാര ത്തിലും കുരിശുമരണത്തിലും വെളിവാക്കപ്പെട്ടത്. സ്നേഹത്തിന്റെ അത്യുന്നത ഭാവമാണ് ക്ഷമ. അൽഭുത രോഗ സൗഖ്യത്തിനുള്ള ഒറ്റമൂലി ആണത്.
മറ്റുള്ളവരോട് വിദ്വേഷം തോന്നാൻ നമുക്ക് ആയിരമായിരം കാരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ അവരോട് ക്ഷമിക്കാൻ ഒറ്റക്കാരണം മതി. സ്നേഹ പിതാവായ ദൈവം നമ്മുടെ ക്ഷമിച്ചു കൊണ്ട് തന്റെ പ്രിയ പുത്രനായ യേശുവിനെ നമുക്കുവേണ്ടി ബലിയർപ്പിച്ചു. നമ്മെ വീണ്ടും രക്ഷിച്ചു. നമ്മെ നിത്യജീവനവകാശിയാക്കി.
അതെ! നമുക്ക് വേണ്ടിയാണ് ഈശോ കുരിശിൽ കിടന്നുകൊണ്ട് പ്രാണവേദനയോടെ വിലപിച്ചു പ്രാർത്ഥിച്ചത്.
പിതാവേ അവരോടു ക്ഷമിക്കേണമേ! അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല (ലൂക്കാ 23: 34 )
ഒരു നിമിഷം……കണ്ണുകൾ അടച്ചു ധ്യാനിക്കുക
ശരീരത്തെ യേശുവിന്റെ കുരിശോടു ചേർത്തുവയ്ക്കുക….. കരങ്ങൾ നെഞ്ചോട് ചേർത്ത് വെച്ച് ഹൃദയത്തിൽ മന്ത്രിക്കുക. ഈശോയെ ഞാൻ ക്ഷമിക്കുന്നു. എന്നെ ദ്രോഹിച്ചവരോട് വ്യവസ്ഥ കൂടാതെ ഞാൻ ക്ഷമിക്കുന്നു. ഈശോയെ അങ്ങയെ പ്രതി ഞാൻ ക്ഷമിക്കുന്നു. എന്റെ തെറ്റുകൾ എന്നോടും ക്ഷമിക്കേണമേ!
ഉള്ളിന്റെ ഉള്ളിൽ ജീവന്റെ തുടിപ്പുകൾ നാമറിയും. രോഗഗ്രസ്തമായ കോശങ്ങളിൽ ജീവന്റെ സ്പന്ദനം… ഉൾപ്പുളകം… ക്ഷമിക്കുന്ന സ്നേഹത്തിന്റെ ശക്തി നാം അറിയുന്നു. നമ്മൾ സൗഖ്യമാക്കപ്പെടുന്നു.
യേശുവേ നന്ദി യേശുവേ സ്തുതി…
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….ശ്രീ.മാത്യു മാറാട്ടുകളം