സ്നേഹനിർഭരവും കൃതജ്ഞത മുറ്റി നിൽക്കുന്നതുമായ ഒരു അനുസ്മരണ ശുശ്രൂഷയാണെന്ന് അടുത്ത് ഭാഗത്തെ വിശേഷിപ്പിക്കാം. എല്ലാദിവസവും ചൊല്ലേണ്ട പ്രാർത്ഥനയാണിതും. ത്രിത്വൈക ദൈവത്തിനു സ്തുതി പറഞ്ഞു കൊണ്ടാണ് ഇത് ആരംഭിക്കുക. ദൈവമാതാവായ കന്യകാമറിയത്തെ യും അമ്മയുടെനൈയാമിക ഭർത്താവും ഈശോയുടെ ഭൗമ പിതാവുമായ മാർ യൗസേപ്പിനെ യും സാഘോഷം അനുസ്മരിച്ചുകൊണ്ട് ഈ സവിശേഷ ഭാഗം സമാരംഭിക്കുന്നു. ( അവരുടെ) “സ്മരണ വിശുദ്ധ ബലിപീഠത്തിൽ ഉണ്ടാവട്ടെ “എന്ന് അനുഗ്രഹ ആശംസയും ഇവിടെയുണ്ട്.
അടുത്തതായി ശ്ലീഹന്മാരെ അനുസ്മരിപ്പിച്ചുകൊണ്ട് അവരോടും പുരോഹിതൻ അഭ്യർത്ഥിക്കുന്നു. ഏകജാതന്റെ (ഈശോയുടെ) സ്നേഹിതരോട് ലോകത്തിൽ സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. നിന്റെ ഏറ്റവും വലിയ ഒരു ആവശ്യമാണ് സമാധാനം. സകലമേഖലകളിലും രാജ്യങ്ങളിലും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും സഭയിലും കുടുംബങ്ങളിലും ഭവനങ്ങളിലും മിക്ക മാനവ ഹൃദയങ്ങളിലും സമാധാനം അമ്പേ കമ്മി ആയിക്കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ മനുഷ്യന്റെ സമാധാനം ഈശോയാണ്.( മറ്റൊന്നിനും മറ്റാർക്കും)ഈശോയാണ് യഥാർത്ഥവും ശാശ്വതവുമായ സമാധാനം സമ്മാനിക്കുന്നത്.കാരണം, അവന് നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന് ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു.കല്പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന് തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി.ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന് ഇങ്ങനെ ചെയ്തത്.വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവന് സമാധാനം പ്രസംഗിച്ചു.അതിനാല്‍, അവനിലൂടെ ഒരേ ആത്മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു.ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.അപ്പസ്തോലന്മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്.ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കര്‍ത്താവില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.എഫേസോസ് 2 : 14-22
അടുത്തതായി അനുസ്മരിക്കുന്നത് നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായെയും രക്തസാക്ഷികളെയും ആണ്. കാർമ്മി കന്റെ നിർദ്ദേശം പ്രസ്പഷ്ടമാണ്.” ദൈവജനമെല്ലാം ആമ്മേൻ, ആമ്മേൻ ( അങ്ങനെ ആയിരിക്കട്ടെ അപ്രകാരം ഞങ്ങളും കാർമ്മികന്റെ പ്രാർത്ഥനയോടെ ചേരുന്നു) ഉദ്ഘോഷിക്കട്ടെ. നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ കൂടെ വിജയം വരിച്ച നീതിമാൻമാരുടെയും മകുടം ചൂടിയ രക്തസാക്ഷികളുടെയും സ്മരണ വിശുദ്ധ ബലിപീഠത്തിൽ ഉണ്ടാകട്ടെ. പരമ പരിശുദ്ധനായ ദൈവം അൾത്താരയിൽ എഴുന്നള്ളി വരികയും സക്രാരിയിൽ എഴുന്നള്ളിയിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ബലിപീഠം ” വിശുദ്ധ” മാകുന്നത്.
ജനം പ്രത്യുത്തരിക്കുന്നു : കർത്താവ് ബലവാനാണ്, അവിടുന്ന് രാജാവാണ്. അവിടുന്ന് ദൈവമാണ് . ബലിയർപ്പണം വഴി അവിടുന്ന് നമ്മോടൊപ്പം ആകുന്നു ; നമ്മുടെ കൂടെ ആവുന്നു. യാക്കോബിനെ എന്നതുപോലെ നമ്മെയും സഹായിക്കുന്നവനാണ് അനുഗ്രഹിക്കുന്നവനാണ് ഈശോ.
ഈ അനുസ്മരണ ശുശ്രൂഷയുടെ മൂന്നാം പാദത്തിൽ സത്യസന്ധമായ ഒരു പ്രഖ്യാപനമാണ് ഉള്ളത്. ദൈവമേ അങ്ങയുടെ സ്തുത്യർഹമായ ഉത്ഥാനംവഴി അങ്ങു ഞങ്ങളെ ഉയിർപ്പിക്കും എന്ന് പ്രത്യാശയിൽ സകല മരിച്ച വിശ്വാസികളും ( ചെറിയവരും വലിയവരും ) ഉറങ്ങുന്നു.
പ്രഖ്യാപനത്തിന് മറുപടിയായി ജനം പരസ്പരം നിർദ്ദേശിക്കുന്നു, അഭ്യർത്ഥിക്കുന്നു. ദൈവത്തിന്റെ സന്നിധിയിൽ അവിടുത്തേക്ക്” നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ “. ഒപ്പം ഉപവാസവും പ്രാർത്ഥനയും അനുതാപവും ഈശോമിശിഹായെയും അവിടുത്തെ (നമ്മുടെ )പിതാവിനെയും പരിശുദ്ധാത്മാവിനെയും പ്രസാദിപ്പിക്കാം എന്നുകൂടി ഉച്ചസ്വരത്തിൽ സമൂഹം ഏറ്റുപറയുന്നു.