“അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്തമാണെന്നു നമുക്കറിയാം.
ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
അതോ, അവിടുത്തെനിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ?
എന്നാല്‍, ദൈവത്തിന്റെ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിന്റെ ദിനത്തിലേക്കു നീ നിന്റെ കഠിനവും അനുതാപരഹിതവുമായ ഹൃദയം നിമിത്തം നിനക്കുതന്നെ ക്രോധം സംഭരിച്ചുവയ്ക്കുകയാണ്.
എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച് അവിടുന്നുപ്രതിഫലം നല്‍കും.
സത്കര്മത്തില് സ്ഥിരതയോടെനിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു നിത്യജീവന്‍പ്രദാനംചെയ്യും.
സ്വാര്‍ഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവര്‍ കോപത്തിനും ക്രോധത്തിനും പാത്രമാകും.
തിന്മപ്രവര്‍ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, ക്ലേശവും ദുരിതവും ഉണ്ടാകും.
എന്നാല്‍, നന്മപ്രവര്ത്തിക്കുന്ന ഏതൊരുവനും, ആദ്യം യഹൂദനും പിന്നെ ഗ്രീക്കുകാരനും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും.
എന്തെന്നാല്‍ ദൈവസന്നിധിയില്‍ മുഖംനോട്ടമില്ല.
നിയമബദ്ധരല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം നിയമം കൂടാതെ നശിക്കും; നിയമ ബദ്ധരായിരിക്കേ പാപം ചെയ്തവര്‍ നിയമാനുസൃതം വിധിക്കപ്പെടും.
കാരണം, നിയമം ശ്രവിക്കുന്നവരല്ല ദൈവസമക്ഷം നീതിമാ ന്മാര്‍; നിയമം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.
നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്.
നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോന്യായീകരിക്കുകയോ ചെയ്യും.
ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും.
നീ യഹൂദനെന്നു വിളിക്കപ്പെടുന്നു; നിയമത്തില്‍ ആശ്രയിക്കുന്നു; ദൈവത്തില്‍ അഭിമാനം കൊള്ളുന്നു.
നീ നിയമം പഠിച്ചിട്ടുള്ളതിനാല്‍, ദൈവഹിതം അറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു.
ജ്ഞാനത്തിന്റെയും സ ത്യത്തിന്റെയും മൂര്‍ത്തരൂപം നിയമത്തില്‍ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്,
നീ അന്ധന്മാര്ക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവര്‍ക്കു വെളിച്ചവും അജ്ഞര്ക്ക് ഉപദേഷ്ടാവും കുട്ടികള്‍ക്ക് അധ്യാപകനും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കില്‍,
മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ ച്ചചെയ്യുന്നുവോ?
നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച് ദൈവത്തെ അവമാനിക്കുന്നുവോ?
നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം വിജാതീയരുടെയിടയില്‍ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.
നീ നിയമമനുസരിക്കുന്നവനാണെങ്കില്‍ പരിച്ഛേദനം അര്‍ഥവത്താണ്; നിയമം ലംഘിക്കുന്നവനാണെങ്കിലോ നിന്റെ പരിച്ഛേദനം പരിച്ഛേദനമല്ലാതായിത്തീരുന്നു.
അതുകൊണ്ട്, നിയമം പാലിക്കുന്ന അപരിച്ഛേദിതനെ പരിച്ഛേദിതനായി കണക്കാക്കിക്കൂടെ?
ശാരീരികമായി പരിച്ഛേദനം നടത്താതെതന്നെ നിയമം അനുസ രിക്കുന്നവര്‍ നിയമവും പരിച്ഛേദനവുമുണ്ടായിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും.
എന്തെന്നാല്‍, ബാഹ്യമായി യഹൂദനായിരിക്കുന്നവനല്ലയഥാര്‍ഥ യഹൂദന്. യഥാര്‍ഥ പരിച്ഛേദനം ബാഹ്യമോ ശാരീരികമോ അല്ല.
ആന്തരികമായി യഹൂദനായിരിക്കുന്നവനാണ്യഥാര്‍ഥ യഹൂദന്; ഹൃദയത്തില്‍ നടക്കുന്ന പരിച്ഛേദനമാണ്യഥാര്‍ഥ പരിച്ഛേദനം. അത് ആത്മീയമാണ്. അക്ഷരാര്‍ഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരില്‍നിന്നല്ല, ദൈവത്തില്‍ നിന്നാണ്”(റോമാ2 : 1-29).
അന്യരെ വിധിക്കുന്നതിനെക്കുറിച്ച് നമ്മുടെ നല്ല തമ്പുരാന്റെ അതിശക്തമായ പ്രബോധനത്തിനൊരു വിശദീകരണമായി വേണം പൗലോസിന്റെ മേൽ ഉദ്ധരിച്ച വാക്കുകൾ നാം മനസ്സിലാക്കാൻ.
“വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്ച തെളിയും” (മത്തായി 7 : 1-5).
“നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും”(ലൂക്കാ 6 : 37).
റോമാ മൂന്നാം അധ്യായത്തിൽ ശ്ലീഹാ ചർച്ച ചെയ്യുന്നത് ദൈവനീതിയും വിശ്വസ്തതയുമാണ്. ആരുടെയെങ്കിലും അവിശ്വസ്തത ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാക്കുന്നില്ല. എല്ലാവരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാനാണ്. അവിടുന്ന് സത്യമേ പറയൂ, പ്രവർത്തിക്കൂ. അവിടുന്ന് എന്നേക്കും സത്യമാണ്, സത്യവാനാണ്. ദൈവം കോപിക്കുന്നത് നീതിയില്ലാത്തവനായതുകൊണ്ടല്ല. മറിച്ച് അവിടുന്ന് നീതിമാനും സത്യമുള്ളവനുമായതുകൊണ്ടാണ്.