“അവൻ ജറീക്കോയിൽ നിന്നുയാത്ര പുറപ്പെട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യേശു ആ വഴി കടന്നു പോകുന്നെന്നും കേട്ടപ്പോൾ , വഴിയരികിലിരുന്ന രണ്ടു അന്ധന്മാർ ഉച്ചത്തിൽ നിലവിളിച്ചു: കർത്താവെ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ! എന്ന് കൂടുതൽ ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു. യേശു അവിടെ നിന്ന് അവരെ വിളിച്ചു ചോദിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അവർ പറഞ്ഞു: കർത്താവേ, ഞങ്ങൾക്ക് കണ്ണുകൾ തുറന്നു കിട്ടണം. യേശു ഉള്ളലിഞ്ഞു അവരുടെ കണ്ണുകളിൽ സ്പർശിച്ചു. തത്ക്ഷണം അവർക്കു കാഴ്ച കിട്ടി. അവരും അവനെ അനുഗമിച്ചു.” (മത്താ. 20 :29 -34 )
വിശ്വാസത്തിന്റെ , പ്രത്യാശയുടെ തികവിലാണ് ആ അന്ധന്മാർ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നത്. തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ നിലവിളിക്കു സത്വരം ഉത്തരമരുളാതിരിക്കാൻ അവിടുത്തേക്ക് കഴിയുകയില്ല . പുറ. 22 :21 മുതലുള്ള വാക്യങ്ങളിൽ കർത്താവു വ്യക്തമായി പറയുന്നു:” നിങ്ങൾ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലോ. വിധവയെയോ, അനാഥനെയോ നിങ്ങൾ പീഡിപ്പിക്കരുത്. നിങ്ങൾ അവരെ ഉപദ്രവിക്കുകയും അവർ എന്നെ വിളിച്ചുകരയുകയും ചെയ്താൽ നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കും. എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ വാൾ കൊണ്ട് വധിക്കുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ മക്കൾ അനാഥരുമായിത്തീരും. നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തിൽ ദരിദ്രരായ ആർക്കെങ്കിലും നീ വായ്പ കൊടുത്താൽ, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയുമരുത്. അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യാസ്തമയത്തിനു മുൻപ് അതു തിരിയെകൊടുക്കണം. എന്തെന്നാൽ, അതു മാത്രമാണ് അവനുള്ള പുതപ്പ്. തന്റെ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോൾ പുതയ്ക്കാൻ മറ്റെന്തുണ്ട്? അവൻ എന്നെ വിളിച്ചു കരഞ്ഞാൽ ഞാൻ അതു കേൾക്കും; ഞാൻ കരുണയുള്ളവനാണ്” (പുറ. 22 :21 -27 )
ദാനിയേലിന്റെ പുസ്തകം 13 അധ്യായം 42 മുതലുള്ള തിരുവചനങ്ങളിൽ ഒരു നിഷ്കളങ്കയുടെ നിലവിളിയും അവൾക്കു കിട്ടുന്ന ആശാവഹമായ മറുപടിയും രേഖപ്പെടുത്തിയിരിക്കുന്നത് സുവിദിതമാണ്. ” അപ്പോൾ സൂസന്ന അത്യുച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനെ, വസ്തുക്കൾ ഉണ്ടാകുന്നതിനു മുൻപുതന്നെ അവയെ അറിയുന്നവനേ, ഇവർ എനിക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലോ. ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എനിക്കെതിരെ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാൻ ചെയ്തിട്ടില്ല. കർത്താവ് അവളുടെ നിലവിളികേട്ടു. അവൾ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോൾ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കർത്താവ് ഉണർത്തി . അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ഇവളുടെ രക്തത്തിൽ എനിക്ക് പങ്കില്ല. ജനം അവന്റെനേരെ തിരിഞ്ഞു. നീ എന്താണ് പറഞ്ഞത്? അവരുടെ മദ്ധ്യേ നിന്നുകൊണ്ട് അവൻ പറഞ്ഞു. ഇസ്രായേൽമക്കളെ, നിങ്ങൾ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും വസ്തുതകൾ ഗ്രഹിക്കാതെയും ഒരു ഇസ്രായേൽ പുത്രിയെ നിങ്ങൾ ശിക്ഷയ്ക്കു വിധിക്കുന്നുവോ? വിചാരണ സ്ഥലത്തേക്ക് മടങ്ങുവിൻ, കാരണം, ഈ മനുഷ്യർ ഇവൾക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു. അവർ വേഗം മടങ്ങി. ശ്രേഷ്ഠന്മാർ അവനോടു പറഞ്ഞു. ഞങ്ങളുടെ ഇടയിലിരുന്ന് നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്ഥാനം നല്കിയിട്ടുണ്ടല്ലോ. ദാനിയേൽ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്പരം ദൂരെ മാറ്റി നിർത്തുക. ഞാൻ അവരെ വിസ്തരിക്കും. അവരെ തമ്മിൽ അകറ്റി നിർത്തിയിട്ട്, അവൻ അവരിൽ ഒരുവനെ വിളിച്ചു പറഞ്ഞു: ദുഷ്ടതയിൽ തഴക്കം നേടിയവനെ, നിന്റെ മുൻകാല പാപങ്ങൾ നിന്റെമേൽ പതിച്ചിരിക്കുന്നു. നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത് എന്ന് കർത്താവ് കല്പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കുവിധിച്ചു. തെറ്റ് ചെയ്തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികൾ നീ പ്രസ്താവിച്ചു. എന്നാൽ, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കിൽ ഞാൻ ചോദിക്കുന്നതിന് ഇപ്പോൾ ഉത്തരം പറയുക. ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? ഒരു കരയാമ്പൂമരത്തിന്റെ ചുവട്ടിൽ- അവൻ മറുപടി പറഞ്ഞു. ദാനിയേൽ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെതന്നെ തലയ്ക്കു തിരഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തിൽനിന്ന് കല്പന ലഭിച്ചിരിക്കുന്നു. അവൻ ഉടനെ നിന്നെ രണ്ടായി പിളർന്നുകളയും.
അവനെ മാറ്റി നിർത്തിയിട്ട് അപരനെ കൊണ്ടുവരാൻ ദാനിയേൽ ആജ്ഞാപിച്ചു. ദാനിയേൽ അവനോടു പറഞ്ഞു: കാനാന്റെ സന്തതി , നീ യൂദാഗോത്രത്തിൽപ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്തിനിന്റെ ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയാണ് നിങ്ങൾ ഇരുവരും ഇസ്രായേൽ പുത്രിമാരോട് പെരുമാറിയത്. ഭയം മൂലം അവർ നിങ്ങളോടൊപ്പം ശയിച്ചു; പക്ഷെ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല . എന്നാൽ, ഇപ്പോൾ എന്നോട് പറയുക. ഏതു വൃക്ഷത്തിന്റെ ചുവട്ടിൽവച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? തഴച്ചു വളരുന്ന ഒരു കരുവേലകത്തിന്റെ ചുവട്ടിൽ – അവൻ മറുപടി നൽകി. ദാനിയേൽ പറഞ്ഞു: കൊള്ളാം, നിന്റെ നുണ നിന്റെ തലയ്ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിനു ദൈവദൂതൻ വാളുമായി കാത്തുനിൽക്കുന്നു; അവൻ നിങ്ങൾ ഇരുവരെയും നശിപ്പിക്കും. അപ്പോൾ കൂടിയിരുന്നവർ അത്യുച്ചത്തിൽ അട്ടഹസിക്കുകയും, തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ ആ രണ്ടു ശ്രേഷ്ഠന്മാർക്കെതിരെ തിരിഞ്ഞു: എന്തെന്നാൽ, അവർ കള്ളസാക്ഷ്യം പറയുന്നെന്ന് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേൽ തെളിയിച്ചു . തങ്ങളുടെ അയൽക്കാരിക്ക് അവർ നൽകാൻ ദുഷ്ടതയോടെ തീരുമാനിച്ച ശിക്ഷ അവർക്കു നൽകി. മോശയുടെ നിയമമനുസരിച്ചു ജനം അവരെ വധിച്ചു. അങ്ങനെ നിഷ്കളങ്കയായ ഒരുവൾ അന്ന് രക്ഷപെട്ടു. ഹിൽക്കിയായുംഭാര്യയും തങ്ങളുടെ മകളായ സൂസന്നയെ പ്രതി ദൈവത്തെ സ്തുതിച്ചു; അവളുടെ ഭർത്താവായ യോവാക്കിമും ബന്ധുക്കളെല്ലാവരും അങ്ങനെതന്നെ ചെയ്തു. എന്തെന്നാൽ, ലജ്ജാകരമായ യാതൊന്നും അവളിൽ കാണപ്പെട്ടില്ല. അന്നുമുതൽ ജനത്തിന്റെ ഇടയിൽ ദാനിയേലിനു വലിയ കീർത്തി ഉണ്ടായി (ദാനി. 13:42-64)