ആരും പുതിയ വീഞ്ഞ് പഴയ തോല്കുടങ്ങളിൽ ഒഴിച്ചു വയ്ക്കാറില്ല. അങ്ങനെ ചെയ്താൽ (പഴയ) തോൽക്കുടങ്ങൾ പിളരുകയും വീഞ്ഞും തോൽക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ വേണം! (മർക്കോ. 2:22)
പുതിയവീഞ്ഞ് ഈശോമിശിഹായാണ്; തോൽക്കുടങ്ങൾ നാം ഓരോരുത്തരും ഈ സത്യമാണ് 2 കൊറീ. 5:17 ൽ പൗലോസ് വ്യക്തമാക്കുക. ‘ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ് പഴയതു കടന്നുപോയി (പോകണം). ഇതാ പുതിയതു വന്നു കഴിഞ്ഞു എഫേസ്യ ലേഖനത്തിൽ ശ്ലീഹ ഈ പുതുമയുടെ രൂപഭാവങ്ങൾ സുന്ദരമായി ആലങ്കാരികമായി ആവിഷ്കരിച്ചിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ‘നിങ്ങളുടെ പഴയ ജീവിതരീതിയിൽനിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ, ആസക്തികളാൽ കലുഷിതനായ, പഴയമനുഷ്യനെ (പഴയ തോൽക്കുടങ്ങൾ ) ദൂരെയെറിയുവിൻ. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ, യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ (പുതിയ തോൽക്കുടം) ധരിക്കുവിൻ’ (എഫേ. 4:22-24). പഴയതും പുതിയതും ഒരുമിച്ചു പോവുകയില്ല. പഴയത്, പാപപങ്കിലമായ പഴയ ജീവിതരീതി, പരിപൂർണ്ണമായി ഉപേക്ഷിച്ചാലേ, പുതിയ വീഞ്ഞായ ഈശോമിശിഹായ്ക്കു വസിക്കാൻ കഴിയൂ; പുതിയ തോൽക്കുടം, പുതിയ ഹൃദയം, അത്യന്താപേക്ഷിതമാണ് പുതിയതും പഴയതും സംയോജിപ്പിക്കാൻ ശ്രമിക്കുന്നത്, അമ്പേ പരാജയമായിരിക്കും. അത്തരമൊരു അവിശുദ്ധ കൂട്ടുകെട്ടിനുള്ള പരിശ്രമം നാശത്തിലേക്കേ നയിക്കൂ. യോഹന്നാൻ ശ്ലീഹ ദർശിക്കുന്ന ‘പുതിയ ആകാശവും പുതിയ ഭൂമിയും’ (വെളി. 21:1) വിരൽ ചൂണ്ടുന്നത് പഴയമനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യനെ ധരിക്കുക എന്ന അവശ്യാവശ്യകതയിലേക്കാണ് .
മനുഷ്യാവതാരം, പീഡാനുഭവം,കുരിശുമരണം, പുനരുത്ഥാനം സ്വർഗ്ഗാരോഹണം ( പെസഹാരഹസ്യം) എല്ലാം ഈ പ്രക്രീയ ഓരോ മനുഷ്യഹൃദയത്തിലും സംഭവിക്കാൻ വേണ്ടി ആയിരുന്നു,ആണ്. ‘ഞാൻ എത്രമാത്രം നവീകരിക്കപ്പെട്ടിട്ടുണ്ട്? നിത്യരക്ഷയുടെ പാതയിലാണോ ഞാൻ സഞ്ചരിക്കുന്നത്?’ എന്ന് ഓരോ വ്യക്തിയും ആത്മപരിശോധനചെയ്തു കണ്ടു പിടിക്കണം, ആണെന്ന് ഉറപ്പാക്കണം.