ചരിത്രത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഒരു മഹാസത്യമാണ് മനുഷ്യന്റെ ദൈവാന്വേഷണം. ഇത് അവനിലുള്ള ആത്മദാഹത്തിന്റെ ആവിഷ്ക്കാരം തന്നെയാണ്. മതാത്മക വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രാർത്ഥനകൾ, ബലികൾ, ആരാധന അനുഷ്ട്ടാനങ്ങൾ, ധ്യാനങ്ങൾ ആദിയായവയിലൂടെയാണ് ഈ അന്വേഷണം അവതരിപ്പിക്കപ്പെടുക. ഇവയൊക്കെ പലപ്പോഴും അസ്പഷ്ട്ടങ്ങളായിരുന്നെവെന്നത് ശരിതന്നെ. എങ്കിലും അവയ്ക്കെല്ലാം ഒരു സാർവത്രികതയുണ്ട്. അക്കാരണത്താൽ ‘മതാത്മക ജീവി’ എന്ന വിശേഷണം മനുഷ്യന് ഏറ്റം അനുയോജ്യമാണ്.
സെന്റ് പോൾ, ലോകം കണ്ട മഹാ പ്രതിഭ, ആതൻസിൽ പ്രസംഗിച്ചു: “ഭൂമുഖം മുഴുവൻ വ്യാപിച്ചു വസിക്കാൻ വേണ്ടി, ദൈവം, ഒരുവനില്നിന്നു (ആദം) എല്ലാ ജനതകളെയും സൃഷ്ട്ടിച്ചു. (അവിടുന്ന്) അവർക്കു വിഭിന്ന കാലങ്ങളും വാസഭൂമികളും സൃഷ്ട്ടിച്ചുകൊടുത്തു. ഇത് അവർ അവിടുത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷെ, അനുഭവത്തിലൂടെ, അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണു. (പരമ സത്യമിതാണ്.) അവിടുന്ന് നമ്മിൽ ആരിൽനിന്നും അകലെയല്ല. എന്തെന്നാൽ, അവിടുന്നിൽ നാം ജീവിക്കുന്നു, ചരിക്കുന്നു, നിലനിൽക്കുന്നു (അ. പ്ര. 17:26-28). Indeed, God is closer to you than you are to yourself.
സുദൃഢവും സജീവവുമായ ഈ ദൈവ-മനുഷ്യ ബന്ധം വിസ്മരിക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ, നിരാകരിക്കപ്പെടുകയോ, പ്രകടമായി നിഷേധിക്കപെടുകയോ ചെയ്യാമെന്നുള്ളത് വലിയൊരു ദുഃഖസത്യമാണ്. ഈ പ്രവണതകൾക്ക് കാരണം പലതാവാം. (1 ) ലോകത്തിലെ തിന്മകൾക്കെതിരെയുള്ള പ്രതിഷേധം (2 ) മതപരമായ അജ്ഞത, താത്പര്യക്കുറവ് (3 ) ഈ ലോകത്തിന്റെ വ്യഗ്രതകൾ – സമ്പത്തു, സ്ഥാനമാനങ്ങൾ, ജഡികസുഖം (4 ) വിശ്വാസികളുടെ ദുർമാതൃക ഉളവാക്കുന്ന ഉതപ് (5 ) പ്രകടമായ മതവിരുദ്ധ ചിന്താഗതികൾ (6 ) ഭയം.
ഇവിടെ സങ്കീർത്തകന്റെ സത്യസന്ധമായ മനോഭാവമാണ് ഏറ്റം അഭികാമ്യം. “കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ” (സങ്കി. 105:3). അവിടുത്തേക്ക് കൃതജ്ഞത അർപ്പിക്കുവിൻ. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ… സ്തുതിഗീതങ്ങൾ ആലപിക്കുവിൻ. അവിടുത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ. അവിടുന്ന് ചെയ്ത വിസ്മയാവഹമായ പ്രവർത്തികൾ ഓർക്കുവിൻ” (105: 1,2,4,5).