മത്താ 7 :13 ,14 സവിശേഷതകൾ
ആത്മാവിൽ ദരിദ്രരായിരിക്കുക,വിലപിക്കുക , ശാന്തശീലം അഭ്യസിക്കുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, കരുണയുള്ളവരായിരിക്കുക, ഹൃദയവിശുദ്ധിയുള്ളവരായിരിക്കുക, സമാധാന സംസ്ഥാപകരാകുക, ഈശോയെപ്രതി അവഹേളിക്കപ്പെടുക, പീഡിപ്പിക്കപ്പെടുക,എല്ലാ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുന്നത് കേൾക്കുക. ഭൂമിയുടെ ഉപ്പ് ലോകത്തിന്റെ വെളിച്ചമാകുക .
നിയമജ്ഞരുടെയും പ്രീശരുടേയും നീതിയെ അതിശയിക്കുന്ന നീതി അഭ്യസിക്കുക (5 :20 ).
നിങ്ങളുടെ സത് പ്രവർത്തികൾ കണ്ടു മനുഷ്യർ സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുന്ന അവസ്ഥയിൽ ജീവിക്കുക (മത്താ 5 :3 -11 ,28 ,24 )
അവരുമായി രമ്യതയിൽ കഴിയുക (5 :21 -25 )
എല്ലാ വിധത്തിലും ശാരീരിക വിശുദ്ധി (ബ്രമ്ഹചര്യം, ചാരിത്ര്യം) അഭ്യസിക്കുക
വാക്കുകൾ അതെ എന്നോ അല്ല എന്നോ ആയിരിക്കുക (വക്രത, വഞ്ചന തുടങ്ങിയവ വെടിയുക)
ശത്രുവിനെ സ്നേഹിക്കുക (5 :43 -48 )
ഇടവിടാതെ പ്രാർത്ഥിക്കുക (6 :5 -8 )
ഉപവസിക്കുക (6 :16 -18 )
കുറ്റമറ്റ കണ്ണുള്ളവരായിരിക്കുക ,ദൈവത്തോട് വിശ്വസ്തതയുള്ളവരായിരിക്കുക (6 :24 )
ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിക്കുക (6 :25 -34 )
അന്യരെ വിധിക്കാതിരിക്കുക (അധ്യാ. 7 )
ശതാധിപനെപോലെ വിശ്വസിക്കുക (8 :5 -13 )
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ അഭ്യസിക്കുക, ഉപവസിക്കുക
വിളവിന്റെ നാഥനോട് വേലക്കാരെ അയക്കാൻ പ്രാർത്ഥിക്കുക (9 :38 )
നിർഭയം സാക്ഷ്യം നൽകുക (10 :26 -33 )
സത്യസന്ധമായി അനുതപിച്ചു മനസാന്തരപ്പെടുക
സാബത്ത് ആചരിക്കുക (ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലുമെങ്കിലും ഭക്തിപൂർവ്വം ദിവ്യബലിയർപ്പിക്കുക)(പുറ. 20 :8 )
വചനാനുസൃതം ജീവിക്കുക(13 :1 -9 )
പുളിമാവായി വർത്തിക്കുക (13 :31 -33 ),
നിത്യജീവൻ പ്രാപിക്കേണ്ടതിന്റെ പരമപ്രാധാന്യം മനസ്സിലാക്കുക (13 :44 -46 )
ആന്തരികവും ബാഹ്യവുമായ വിശുദ്ധി (15 :10 -20 )
അനുകമ്പ,അലിവ് ,ആർദ്രത,ദയ തുടങ്ങിയവ അഭ്യസിക്കുക(15 :22 )
കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി ജീവിക്കുക(16 :1 -5 )
എല്ലാറ്റിനുമുപരി ദൈവത്തെ സ്നേഹിക്കുക (16 :13 -20 )
ദൈവത്തിന്റെ പ്രിയപുത്രൻ,പ്രിയപുത്രയായി ജീവിക്കുക (17:14-21)
ആർക്കും ദുർമാതൃക നൽകാതിരിക്കുക (18:6-9)
പരസ്പരം തിരുത്തുക (18:15-20)
എപ്പോഴും ദൈവപിതാവിന്റെ ഇഷ്ടം നിറവേറ്റാൻ പരമാവധി പരിശ്രമിക്കുക (21:28-32)
ഒരുങ്ങിയിരിക്കുക (മരണം കള്ളനെപ്പോലെ വരും) (22:1-14)
നമ്മുടെ നാല് അന്ത്യങ്ങളെക്കുറിച്ചുചിന്തിക്കുക- മരണം,വിധി,മോക്ഷം,നരകം
മനുഷ്യപുത്രനായ മിശിഹായുടെ രണ്ടാമത്തെ ആഗമനം മനസ്സിൽ സൂക്ഷിക്കുക (24:29-31)
ജാഗരൂകരായിരിക്കുക (24:37-44)
നിയമം പൂർത്തീകരിക്കുക (മത്താ. 5:19)
പാപഹേതുകമാകുന്നതിനെ ദൂരെയെറിയുക (5:30)
തിന്മയെ നന്മകൊണ്ട് ജയിക്കുക (5:38-42)
ശത്രുക്കളെ സ്നേഹിക്കുക (5:43-48)
വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ (6:4)
ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ പ്രാർത്ഥന (6:6-8)
മറ്റുള്ളവരോട് ഹൃദയപൂർവം ക്ഷമിക്കുക (6:14,15)
എല്ലാകാര്യങ്ങളിലും പിതാവിന്റെ ഇഷ്ടം നിറവേറ്റുക (7:21)
പാപമോചനത്തിനുള്ള അനുതാപത്തിന്റെ മാമ്മോദീസ സ്വീകരിക്കുക (മാർക്കോ. 1:4)
അനുതാപവും മനസാന്തരവും നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതം (1:15)
ദൈവത്തിന്റെ പ്രിയപുത്രൻ, പ്രിയപുത്രി ആയി ജീവിക്കുക (1:11)
അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക (1:15)
ഈശോയെ അനുഗമിക്കുക,അനുകരിക്കുക (1:17)
പ്രാർത്ഥനയുടെ മനുഷ്യരാവുക(1:35)
അനുതപിച്ച് അടുക്കലടുക്കൽ കുമ്പസാരിക്കുക (2:5-12)
പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയാതിരിക്കുക (3:29)
തിന്മയിൽനിന്ന് ഓടിയകലുവിൻ (4:1-9)
രക്തസ്രാവക്കാരിയുടെ വിശ്വാസത്തിൽനിന്നു പഠിക്കുക (5:25-34)
നീതിമാനും വിശുദ്ധനുമായിരിക്കുക (6:20)
അനുകമ്പയുള്ളവരായിരിക്കുക (6:34)
മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ദൈവത്തെ സ്തുതിക്കുക (ഏശാ. 29:13)
നിങ്ങളുടെ ഉള്ളിൽ നിന്ന്, നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പുറപ്പെടാൻ സാധ്യതയുള്ള ദുശ്ചിന്ത, പരസംഗം, മോഷണം,കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം,ദുഷ്ടത, വഞ്ചന,ഭോഗാസക്തി,അസൂയ,ദൂഷണം,അഹങ്കാരം,മൂഢത ആദിയായവയിൽനിന്ന് ഓടിയകലുക(7:20-23)
എല്ലാകാര്യങ്ങളും നന്നായി ചെയ്യുക (7:37)
(എപ്പോഴും നന്മ ചെയ്യുന്നതിനു) സദാ ജാഗരൂകരായിരിക്കുവിൻ (8:15)
ഈശോയെ നാഥനും രക്ഷകനും ദൈവവും രാജാവും ജീവദാതാവുമായി സ്വീകരിക്കുക (9:37)
ദുഷ്പ്രേരണകൾ നൽകാതിരിക്കുക (9:42-50)
ആരെയും ശപിക്കരുത്, സകലരേയും അനുഗ്രഹിക്കുക(10:13-16)
ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന മഹാസത്യം ഉൾക്കൊള്ളുക (10: 27)
ശുശ്രൂഷിക്കപ്പെടാനല്ല,ത്യാഗം സഹിച്ചും ശുശ്രൂഷിക്കാൻ പരിശ്രമിക്കുക (10:45)
എപ്പോഴും കർത്താവിനെ സ്തുതിക്കുക, വാഴ്ത്തുക മഹത്വപ്പെടുത്തുക (11:1-11)
ദൈവഭവനത്തിന്റെ,ദൈവാലയത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുക (11:17, ഏശാ. 66:7, ജറെ. 7:11)
ദൈവത്തിൽ പരിപൂർണ്ണമായി വിശ്വസിക്കുക. വിശ്വാസത്തോട് കൂടിയ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും (11:20-26)
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നൽകുക (12:17)
ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നതിനുള്ള പരമപ്രധാന വ്യവസ്ഥകളാണ്,
(1) ‘നീ നിന്റെ ദൈവവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും സർവ്വശക്തിയോടും സ്നേഹിക്കുക’ (12:30)
(2) ‘ഞാൻ നിങ്ങൾക്കൊരു പുതിയ കല്പന നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ’ (യോഹ. 13:34)
ഈശോയെയും സുവിശേഷത്തെയും പ്രതി സർവ്വസംഗപരിത്യാഗം ചെയ്യുക (10:30-31)
വലിയവനാകാൻ ആഗ്രഹിക്കുന്നവൻ സകലരുടെയും ശുശ്രൂഷകനാകുക (10:43,44)
ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുക (11:22)
എല്ലാവരോടും ക്ഷമിച്ചു പ്രാർത്ഥിക്കുക (12: 25,26)
ഈശോയെപ്രതി സഹിക്കുക അവസാനം വരെ സഹിച്ചു നിൽക്കുന്നവനേ രക്ഷപ്രാപിക്കുകയുള്ളു (13:13)
സ്വന്തം ഹിതമല്ല, ദൈവത്തിന്റെ തിരുഹിതം നിറവേറ്റുക (14:36)
ലോകമെങ്ങുംപോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക [ വിശ്വസിച്ചു മാമ്മോദീസാ സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും. വിശ്വാസിക്കാത്തവൻ ശിക്ഷിക്കപ്പെടും] (16:15,16)
പരിശുദ്ധ അമ്മയെപ്പോലെ കർത്താവു പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുക (ലൂക്കാ. 1:45)
എപ്പോഴും കർത്താവിനെ മഹത്ത്വപ്പെടുത്തുക രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുക എളിമയോടെ ജീവിക്കുക കർത്താവു നിങ്ങളെ ഉയർത്തും. കർത്താവിന്റെ കരുണ വർഷിക്കപ്പെടാൻ അവിടുത്തെ ഭക്തരായിരിക്കുക (1:46-54)
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനുവേണ്ടി തീക്ഷണമായി പ്രാർത്ഥിക്കുക (1:67)
നീതിയിലും പരിശുദ്ധിയിലും നിർഭയം കർത്താവിനെ ശുശ്രൂഷിക്കുക (1:75)
കൂടെക്കൂടെ കുമ്പസാരിച്ചു പാപമോചനം സ്വീകരിക്കുക (1:77)
വചനം ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിക്കുക (2:19)
നമ്മെയും നമ്മുക്കുള്ളവരെയും നമ്മുക്കുള്ളവയെയും ദൈവത്തിനു പൂർണ്ണമായി സമർപ്പിക്കുക (2:22)
ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക (2:37)
ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെ കൃപയിലും മനുഷ്യരുടെ പ്രീതിയിലും വളരുക (2:40,52)
മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുക (3:8)
നല്ല ഫലം പുറപ്പെടുവിക്കുക (3:9)
പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള മാമ്മോദീസ സ്വീകരിക്കുക (3:16)
ദരിദ്രരെ (ഈശോയെ അറിയാത്തവരെ) സുവിശേഷം അറിയിക്കുക. ബന്ധിതർക്കു മോചനം, അന്ധർക്കു കാഴ്ച,, അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യം, കർത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക (4:18,19)
അനുതപിക്കുക
ഈശോ തന്റെ പരസ്യ ജീവിതം ആരംഭിക്കുന്നത് അനുതാപത്തിനുള്ള ആഹ്വാനവുമായിട്ടാണ് (മർക്കോ. 1:15). അനുതാപത്തിന്റെ അന്ത:സത്ത ഒരു തീരുമാനമാണ്. ഈ തീരുമാനത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്
(1) പാപവും പാപസാഹചര്യങ്ങളും ഉപേക്ഷിക്കാൻ തീരുമാനിക്കുക.
(2) ദൈവത്തിലേക്ക് മടങ്ങിയെത്താൻ തീരുമാനിക്കുക
(3) സദാ അവിടുത്തെ തിരുഹിതം നിറവേറ്റാൻ തീരുമാനിക്കുക ഈശോതന്നെ ധൂർത്ത പുത്രന്റെ ഉപമയുടെ, ഈ മൂന്നു കാര്യങ്ങൾ വ്യക്തമാക്കുന്നു. ‘ഞാൻ എഴുന്നേൽക്കും’ എന്ന് ധൂർത്തൻ പറയുമ്പോൾ, പാപവും, പാപസാഹചര്യവും ഉപേക്ഷിക്കുമെന്ന തീരുമാനമാണ് അവൻ എടുക്കുക. ‘ഞാൻ എന്റെ പിതാവിന്റെ പക്കലേക്കു പോകും’ എന്ന് അവൻ തീരുമാനിക്കുമ്പോൾ തുടർന്ന് എന്നും പിതാവിന്റെ ഇഷ്ടം നിറവേറ്റാനുള്ള തീരുമാനം അവന്റെ മനസ്സിലുണ്ട്. അവിടംകോണ്ടും അവൻ അവസാനിപ്പിക്കുന്നില്ല. തന്റെ തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിക്കാനും തീരുമാനിക്കുന്നു. മാമ്മോദീസ എന്ന കൂദാശയ്ക്കു പുറമേ കുമ്പസാരം എന്ന കൂദാശകൂടി സ്ഥാപിച്ചു നമ്മുടെ സ്വർഗ്ഗപ്രാപ്തി അനായാസമാക്കിയിരിക്കുന്ന ഈശോയ്ക്ക് ആയിരമായിരം നന്ദി, സ്തുതി സ്തോത്രം.
മടങ്ങിവന്ന മകന്റെ മനസ്താപം മനസ്സിലാക്കുന്ന പിതാവ്, എല്ലാം മറന്ന്, എല്ലാം ക്ഷമിച്ച്, ഓടിച്ചെന്ന് അവനെ വാരിപ്പുണർന്ന് അവനെ സ്നേഹത്തിന്റെ ചുടുചുംബനങ്ങൾകൊണ്ട് പൊതിയുന്നു. പാപപ്പൊറുതിക്കുള്ള പ്രഥമപടിയാണ് അനുതാപം (ലൂക്ക. 15:8-14)
നല്ലകുമ്പസാരം നടത്താൻ അത്യന്താപേക്ഷിതമായ അഞ്ചുകാര്യങ്ങളിൽ മൂന്ന്നാമത്തേതു ഇവിടെ പരമപ്രധാനമാകുന്നു. ‘മേലിൽ പാപം ചെയ്യുകയില്ലെന്നു ദൃഢമായി പ്രതിജ്ഞചെയ്യുക’. ഈ പ്രതിജ്ഞയില്ലാത്ത ഈ തീരുമാനമെടുക്കാത്ത കുമ്പസാരങ്ങൾ അവാസ്തവങ്ങളാണ്. മേലിലൊരു പാപം ചെയ്യുന്നതിനേക്കാൾ മരിക്കാനും സന്നദ്ധം (അനുതാപത്തിന്റെ ജപം) എന്ന് പറയുന്നതും ഈ വലിയ യാഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുക.
സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാതയിൽ വിതറികിടക്കുന്നത് മുള്ളുകളും മുൾച്ചെടികളുമാണ്. അത് ബലവശ്യം തന്നെ. ബലവാന്മാർ അത് കരസ്ഥമാക്കും. ഗാന്ധിജി പറഞ്ഞിരിക്കുന്ന ആത്മശക്തി (soul force)യും പഞ്ചശീലാഭ്യസനവും ഇതിനു അത്യന്താപേക്ഷിതമാണ്. ഇവയൊക്കെ കൈമുതലായുള്ളവരോട് ദൈവം ഏശയ്യായിലൂടെ അരുളിച്ചെയ്യുന്നു : ‘വരുവിൻ നമ്മുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും.അവ രക്തവർണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്ചര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ വാളിനിരയായിത്തീരും’ (ഏശ. 1:18-20).
സോളമന്റെ പ്രാർത്ഥനകൾ പലതും പ്രകൃതത്തോട് ഏറെ സാമ്യമുള്ളവയാണ്. ‘അവർ അങ്ങയുടെ നാമം ഏറ്റു പറയുകയും പാപങ്ങളിൽനിന്നു പിന്തിരികയും ചെയ്താൽ, സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥന ശ്രവിച്ച്, അവിടുത്തെ ദാസരായ ഇസ്രായേൽജനത്തിന്റെ പാപങ്ങൾ ക്ഷമിക്കും’ (1 രാജാ. 8:35,36).
ദൈവം തന്നെ ജറെമിയായിലൂടെ വീണ്ടും പറയുന്നു: ‘നീ തിരിച്ചു വന്നാൽ (അനുതപിച്ചു പാപമേറ്റു പറഞ്ഞു കുമ്പസാരിച്ചാൽ) എന്റെ സന്നിധിയിൽ ഞാൻ പുനഃസ്ഥാപിക്കാൻ. വിലകെട്ടവ പറയാതെ, സദ്വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവുപോലെയാകും’ (ജറെ. 15:19).
അനുതപിച്ചാൽ ജീവിക്കും (നിത്യജീവൻ പ്രാപിക്കും) എന്നതാണ് എസെക്കിയേൽ പ്രവാചകന്റെ പ്രബോധനം. ദൈവം അരുളിച്ചെയ്യുന്നു: ‘ഞാനാണേ,ദുഷ്ടൻ മരിക്കുന്നതിലല്ല , അവൻ ദുർമാർഗ്ഗത്തിൽനിന്നു പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം. പിന്തിരിയുവിൻ, തിന്മയില്നിന്നു നിങ്ങൾ പിന്തിരിയുവിൻ….. ദുഷ്ടൻ ദുർമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കുകയും, വാഗ്ദാനങ്ങൾ നിറവേറ്റുകയും… ജീവന്റെ പ്രമാണങ്ങൾ പാലിക്കുകയും തിന്മ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ, അവൻ (പാപി) തീർച്ചയായും ജീവിക്കും (നിത്യജീവൻ നേടും). അവൻ മരിക്കുകയില്ല (നിത്യ നരകാഗ്നിയിൽ നിപതിക്കുകയില്ല). അവൻ ചെയ്തിട്ടുള്ള യാതൊരു പാപവും അവനെതിരായി ഓർമ്മിക്കപ്പെടുകയില്ല. അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു (അനുതപിച്ചിരിക്കുന്നു). അവൻ തീർച്ചയായും ജീവിക്കും ‘(എസെ. 33:11,14-16). ശിഷ്യപ്രധാനന്റെ വാക്കുക്കൾ നല്ല ഒരു ഉപസംഹാരമാവട്ടെ ‘ആരും നശിച്ചുപോകാതെ, എല്ലാവരും അനുതപിക്കണമെന്ന് (നിത്യജീവൻ പ്രാപിക്കണമെന്ന്) അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ടു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നുവെന്നേയുള്ളു’ (2 പത്രോ. 3:9,10)
തിന്മയെ നമകൊണ്ട് ജയിക്കുക
ശത്രുക്കളെ (യും) സ്നേഹിക്കുക
നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുക
ശപിക്കുന്നവരെ അനുഗ്രഹിക്കുക
അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക
മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അങ്ങനെ നിങ്ങൾ അവരോടു പെരുമാറുക (സുവർണ്ണ നിയമം)
അന്യരെ വിധിക്കാതിരിക്കുക.
കർത്താവിന്റെ അടുത്തുചെന്ന് അവിടുത്തെ വചനം കേൾക്കുകയും തദനുസാരം പ്രവർത്തിക്കുകയും ചെയ്യുക (ലൂക്കാ. 6:27-47)
ദൈവത്തിന്റെ നീതിയും സ്നേഹവും അഭ്യസിക്കുക
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പരിശുദ്ധാത്മാവിനെ പ്രാപിക്കുക (ലൂക്കാ.11:1-13,42)
നിന്നിലുള്ള വെളിച്ചം (ദൈവസാന്നിധ്യം) ഇരുളാകാതിരിക്കാൻ (നഷ്ടപ്പെടാതിരിക്കാൻ) സൂക്ഷിച്ചുകൊള്ളുക (11:35)
മറ്റുള്ളവരുടെ മുമ്പിൽ ഈശോയെ ഏറ്റു പറയുക (ലൂക്കാ. 12:6)
ദൈവസന്നിധിയിൽ സമ്പന്നനാകുക (12:21)
നിക്ഷേപം സ്വർഗ്ഗത്തിൽ സംഭരിച്ചുവയ്ക്കുക (നന്മയിൽ സമ്പന്നരാകുക-ഔദാര്യപൂർവ്വം നൽകുക) (12:33)
പ്രതീക്ഷിക്കാത്ത മണിക്കൂറിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് സദാ ജാഗരൂകരായിരിക്കുക (12:40)
നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുക (13:6-9)
പുളിമാവാകുക (നന്മ ഉളവാക്കുക) (13:20,21)
കറതീർന്ന എളിമ അഭ്യസിക്കുക (14:7-14)
ദൈവികമായവയെ കൂടുതൽ സ്നേഹിക്കുക സർവ്വസംഗപരിത്യാഗിയാവുക (14:25-35)
ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുക (16:10)
മറ്റുള്ളവർക്കു കരുണയോടെ നന്മ ചെയ്യുക (16:19-31)
ദുഷ്പ്രേരണ നൽകാതിരിക്കുക (17:2)
എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി പറയുക, ദൈവത്തെ മഹത്വപ്പെടുത്തുക (17:11-12)
ഭഗ്നാശരാകാതെ സദാ പ്രാർത്ഥിക്കുക (18:1-8)
വിനയമുള്ളവരായി ജീവിക്കുക (18:9-14)
ശിശുവിനെപ്പോലെ ആവുക (18:17)
മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണെന്നു മനസ്സിലാക്കി ജീവിക്കുക (18:27)
ഉള്ളത് പങ്കവച്ച് അനുഭവിക്കുക (19:8)
പിതാവിന്റെ കരങ്ങളിൽ സ്വന്തം ആത്മാവിനെ സമർപ്പിച്ച് ജീവിക്കുക (23:46)
വളഞ്ഞ വഴികൾ നേരെയാക്കുക
പരുപരുത്തവ മാർദ്ദവമുള്ളതാക്കുക
കുറവുകൾ നിറവുകളാക്കുക (യോഹ. 1:23; ഏശ. 40:3-5;ലൂക്ക. 3:4-6)
പാപം വർജ്ജിക്കുക, പുണ്യം ചെയ്യുക (യോഹ. 1:29)
പരിശുദ്ധാത്മാഭിഷേകത്തിനുവേണ്ടി പ്രാർത്ഥിക്കുക (1:33)
എപ്പോഴും ദൈവത്തിന്റെ തിരുഹിതം പ്രവർത്തിച്ച് അവിടുത്തെ മഹത്വപ്പെടുത്തുക (1 കൊറീ. 10:31)
നഥാനയേലിനെപ്പോലെ നിഷ്കപടനായ ഒരു യഥാർത്ഥ ക്രൈസ്തവനായിരിക്കുക (യോഹ. 1:47)
എപ്പോഴും ഈശോ പറയുന്നതു ചെയ്യുക (2:5)
ഈശോയുടെ നാമത്തിൽ (ഈശോയിൽ) വിശ്വസിക്കുക (4:21),നിത്യജീവൻ ലഭിക്കും (6:47)
ആത്മാവിലും സത്യത്തിലും ദൈവത്തെ (പിതാവിനെ) ആരാധിക്കുക [യഥാർത്ഥ ആരാധന] (4:24)
പിതാവിന്റെ ഇഷ്ടം നിറവേറ്റുകയും അവിടുത്തെ ജോലി പൂർത്തിയാക്കുകയും ചെയ്യുക (4:3,4)
ദൈവത്തിന് എപ്പോഴും നന്ദി പറയുക (6 :23)
ഈശോയുടെ തിരുശരീരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനം ചെയ്യുകയും ചെയ്യുക-നിത്യജീവൻ ലഭിക്കും (6:54)
നിത്യജീവന്റെ വചനം ‘ഭക്ഷിക്കുക’ (6:68)
പുറമെ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുക (7:24)
ഇനിമേൽ പാപം ചെയ്യാതിരിക്കുക (8:1-11)
അന്ധകാരത്തിൽ നടക്കാതിരിക്കാൻ ഈശോയെ അനുഗമിക്കുക (8:12)
ഈശോ ദൈവമാണെന്ന മഹാസത്യം വിശ്വസിക്കുക. ഈശോ വ്യക്തമാക്കുന്നു: ‘എന്തെന്നാൽ, ഞാൻ ഞാൻ തന്നെ’ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപത്തിൽ മരിക്കും’ (8:24)
വിശ്വസിക്കുക, ദൈവം മഹത്വം കാണും (11:40)
ഗോതമ്പുമണി നിലത്തു വീണ്, അഴിഞ്ഞു വളരെ ഫലം പുറപ്പെടുവിക്കുന്നത് പോലെ, സ്വയം സഹനങ്ങൾ ഏറ്റെടുക്കുക. നിത്യജീവനിലേക്കു പ്രവേശിക്കാം (12:24,25)
ദൈവത്തിന്റെ കല്പന നിത്യജീവനാണെന്നറിഞ്ഞു , അത് അനുസരിക്കുക (12:50)
ശിഷ്യരുടെ പാദങ്ങൾ കഴുകിയ ഈശോയെപ്പോലെ, പരസ്പരം പാദങ്ങൾ കഴുകുക [സ്നേഹ ശുശ്രൂഷ ചെയ്യുക ](13:14)
ഈശോ നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക (13:34)
ഈശോയിൽ ആയിരിക്കുക (14:20)
വചനം കൃത്യമായി പാലിച്ച് ഈശോയെ സ്നേഹിക്കുക (14:23)
വചനത്താൽ വിശുദ്ധീകരിക്കപ്പെടുക (15:3)
ഈശോയിൽ വസിച്ചു ധാരാളം ഫലം പുറപ്പെടുവിക്കുക (15:5)
ഈശോയുടെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുക സത്യത്താൽ വിശുദ്ധീകരിക്കപ്പെടുക (15:10)
കരുണ പ്രദർശിപ്പിച്ചു മറ്റുള്ളവരെ ഈശോയിലേക്ക് അടുപ്പിക്കുക.
എല്ലാറ്റിനെയും എല്ലാവരെയുംക്കാൾ അധികമായി ഈശോയെ സ്നേഹിക്കുക (21:15-19)
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചു ശക്തി പ്രാപിക്കുക (നട. 1:8)
രക്ഷപ്രാപിക്കാൻ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക (2:21)
എല്ലാവരെയുംകാൾ ഉപരി ദൈവത്തെ അനുസരിക്കുക (നട. 4:19)
ദൈവമക്കളുടെ കൂട്ടായ്മയിൽ വളരുക (നട. 14:32-37)
അനനിയാസിനെയും സഫീറായെയുംപോലെ കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാതിരിക്കുക (നട. 5:9)
ഏകമനസ്സോടെ ബലിയർപ്പിക്കുക, പ്രാർത്ഥിക്കുക ഉപവിപ്രവർത്തികൾ ചെയ്യുക (നട. 4:32-36; നട. 2:42)