സഹനങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പലരും തന്നോട് തന്നെ ചോദിക്കാറുണ്ട്. ‘ഞാനെന്തിന് ജീവിക്കണം?’ അന്ന് ഒരു പക്ഷെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. എന്നാൽ ഇന്ന് കുട്ടികളായിരിക്കുമ്പോൾ തന്നെ ഓരോരുത്തരും തന്നോട് തന്നെ ഈ ചോദ്യം ചോദിക്കണം. കാരണം വ്യക്തമായ ലക്ഷ്യത്തോടെയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ തന്നെ അത് തിരിച്ചറിയുന്നവരാണ് വിജയം വരിക്കുന്നത്. എങ്ങോട്ടെന്നറിയാതെ എന്തിനെന്നറിയാതെ യാത്ര തുടരുന്നതിൽ അർത്ഥമില്ലല്ലോ.
ഗാന്ധിജി അഭിഭാഷകവൃത്തിയിൽ ഏർപ്പെടുന്ന നാളുകളിൽ കേസ് വാദിക്കാനായി സമ്പന്നനായ ഒരു വ്യാപാരി വന്നു. കണക്കുകളിൽ കൃത്രിമം കാണിച്ചതിന്റെ പേരിൽ അയാൾ പിടിക്കപ്പെട്ടിരുന്നു. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ ഗാന്ധിജിക്കു മനസ്സിലായി അയാൾ കുറ്റവാളിയാണെന്ന് . സത്യത്തിന്റെ മൂർത്തീഭാവമായിരുന്ന ഗാന്ധിജി സമൂഹത്തിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ആ മനുഷ്യനോട് ചോദിച്ചു: ‘എന്തിനാണ് നിങ്ങൾ കണക്കിൽ കള്ളത്തരം കാണിച്ചത്?’
പെട്ടന്നയാൾക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. പിന്നെ നിർവികാരതയോടെ അയാൾ പറഞ്ഞു.
‘അങ്ങനെയൊക്കെ ചെയേണ്ടിവന്നു. എനിക്ക് ജീവിക്കണ്ടേ?’ അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കികൊണ്ട് ഗാന്ധിജി ചോദിച്ചു. ‘എന്തിനാണ് നിങ്ങൾ ജീവിക്കുന്നത്?’
ഉത്തരം പറയാനാകാതെ തലതാഴ്ത്തി അയാൾ ഇറങ്ങിപ്പോയി. പ്രിയ കുഞ്ഞുങ്ങളെ, സത്യത്തെ മുറുകെ പിടിക്കുക. നിങ്ങൾക്ക് ലജ്ജിക്കേണ്ടി വരികയില്ല.
മാത്യു മാറാട്ടുകളം