ദൈവത്തിന്റെ കരുണയ്ക്ക് അടിസ്ഥാനം അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. (ലൂക്ക 1: 37 ജെറെ 32: 27etc..)അഥവാ അവിടുന്ന് സർവ്വശക്തൻ ആണെന്ന് സത്യമാണ്. സൃഷ്ടി കർത്താവും( ഇല്ലായ്മയിൽ നിന്ന്) ദൈവത്തിന്റെ പരിപാലനയും രക്ഷാകര പ്രവർത്തിയും എല്ലാം അവിടുത്തെ സർവ്വശക്തിയും അതിരുകളില്ലാത്ത കാരുണ്യവും വിളിച്ചോതുന്നു. ഇരുമ്പുദണ്ഡ് കൊണ്ട് ഇസ്രായേലിനെ ഭരിച്ച ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് അവളെ അത്ഭുതകരമായ സ്വതന്ത്ര ആക്കിയതും അതിന്റെ ഭാഗമായി ചെങ്കടലിൽ വഴി വെട്ടിയതും പകൽ മേഘ സ്തംഭത്തിനും രാത്രി അഗ്നി സ്തംഭത്തിനും തന്റെ ജനത്തോടൊപ്പം സഞ്ചരിച്ച് അവരെ സംരക്ഷിച്ചതും മന്നായും കാടപ്പക്ഷികളെയും നൽകി അവരെ തീറ്റിപ്പോറ്റിയതും ആ 12 ഗോത്രങ്ങൾക്കായി അത് ഭാഗിച്ചു കൊടുത്തതും, കാനാൻ ദേശം നൽകിയതും, സമയത്തിന്റെ പൂർത്തി യിൽ സ്വസുതനെ അയച്ചു മാനവരാശിയെ മുഴുവൻ, സാത്താന്റെ തല തകർത്തു അവന്റെ ആധിപത്യത്തിൽനിന്ന് മോചിപ്പിച്ചതും അനുനിമിഷം ഓരോ മനുഷ്യനെയും ഉള്ളംകയ്യിൽ കാത്തു പരിപാലിക്കുന്നതും, കൂദാശകൾ, ദൈവീക ജീവൻ നൽകുന്നതും, വിശുദ്ധ കുർബാനയിൽ തന്നെത്തന്നെ മുറിച്ചു വിളമ്പി തരുന്നതും എല്ലാം വിശിഷ്യാ, പരാപരന്റെ അപരിമേയ ശക്തിയും കരുണയും സ്നേഹവും കൊണ്ടാണ്.
പരിശുദ്ധ അമ്മ തന്റെ സ്തോത്ര ഗീതത്തിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വാക്കുകളിൽ പറയുന്നു: ” അവിടുന്ന് (ദൈവം) തന്റെ ഭക്തരുടെ മേൽ തലമുറകൾ തോറും കരുണ വർഷിക്കും… അമ്മ തുടരുന്നു: ” തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. (ലൂക്ക 1:50,54). വാർദ്ധക്യത്തിൽ ഒരു മകനെ നൽകിയനുഗ്രഹിക്കാൻ മഹോന്നതനും കരുണാവാരിധിയുമായ ദൈവത്തിനു മാത്രമേ കഴിയൂ. ഈ മഹാ സത്യമാണ് ലൂക്കാ 1: 58 വ്യക്തമാക്കുക. ” കർത്താവ് അവളോട് എലിസബത്തിനോട് (സ്നാപകന്റെ അമ്മ) വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്ന് കേട്ട് അയൽക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു(ലൂക്കാ 1: 58).
യോഹന്നാൻ എന്നാണ് “അത്ഭുത ശിശുവിനു” നിർദ്ദേശിക്കപ്പെട്ട പേര്. ദൈവത്തിന്റെ വലിയ കരുണയുടെ പ്രവർത്തിയാണ് ഈ കുഞ്ഞിന്റെ ജനനം. ഈ പേരിന്റെ അർത്ഥം “ദൈവം കരുണ ചെയ്തു “എന്നാണല്ലോ. ദൈവകരുണയുടെ ഈ പ്രവർത്തി, സ്വാഭാവികമായും അയൽക്കാരെയും ബന്ധുക്കളെയും അത്യധികം ആനന്ദിപ്പിച്ചു. സഖറിയായുടെയും എലിസബേത്തിന്റെയും ആനന്ദം വർണ്ണനാതീതം ആയിരുന്നിരിക്കണം. കുട്ടിയുടെ ജനനത്തിൽ സഖറിയയ്ക്ക് ആനന്ദവും സന്തോഷവും ഉണ്ടാകുമെന്നും, അനേകർ ആഹ്ലാദിക്കുമെന്നും ദൂതൻ പ്രവചിച്ചത് (1:14) നിവൃത്തിയായി. എന്നാൽ സഖറിയായുടെ സന്തോഷാനന്ദങ്ങൾ, വാർധ്യക്യത്തിൽ തനിക്കൊരു കുഞ്ഞു ജനിച്ചിരിക്കുന്നു എന്നതിലുപരി, ദൈവത്തിന്റെ രക്ഷാകര പദ്ധതി പൂർത്തിയാക്കപെടുന്നതിനാലും, അതിൽ തന്റെ പുത്രൻ നിർവഹിക്കാൻ ഇരിക്കുന്ന സുപ്രധാന പങ്ക് അനുസ്മരിച്ചുകൊണ്ടുള്ളതുമാണെന്നും അവന്റെ വാഴ്ത്തൽ ഗീതം (1:67-79) പ്ര സ്പഷ്ടമാക്കുന്നു.