വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ ആ പദം അലങ്കരിക്കുന്ന അധികമാരും കരുതിയിരുന്നില്ല. പലർക്കും വാർത്ത ഒരു ‘surprise’ ആയിരുന്നു. അവിശ്വസനീയം എന്ന് തോന്നിയവർ പോലും ഉണ്ടായിരുന്നു. അത് സംഭവിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഒരു ചായ ചിത്രത്തിനു മാധ്യമപ്രവർത്തകർ വളരെയേറെ അലയേണ്ടി വന്നു. പല കർദിനാൾമാരും നെറ്റിചുളിച്ചു.
” എടുത്തുപറയത്തക്ക നേട്ടങ്ങളോ, സിദ്ധികളോ, വിജ്ഞാന പാരമ്പര്യമോ ഒന്നും ഇല്ലാത്ത ഒരാൾ എങ്ങനെ?…. ഈ മാനുഷിക ചിന്തകൾ ആ ദൈവമനുഷ്യന്റെ കർണ്ണപുടങ്ങളിലും എത്തി.
ഇറ്റലിയിലെ ഏതോ ഒരു കുഗ്രാമത്തിൽ ജനനം. മാതാപിതാക്കൾ നിരക്ഷരരായ കൂലിവേലക്കാർ. പ്രൗഡികൾ ഒന്നുമില്ലാത്ത ഒരു ലളിത ഭവനം. വാഹനങ്ങളൊന്നും എത്താത്ത ഒരിടം. ഇന്നും ഈ അവസ്ഥക്കൊന്നും കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. വൈദ്യുതി ഇല്ല; പലപ്പോഴും ജലക്ഷാമം, പുറംലോകവുമായുള്ള ബന്ധം, തുലോം പരിമിതം. ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഒന്നുമില്ലാത്ത ഒരു പച്ച മനുഷ്യൻ. അങ്ങനെ… അങ്ങനെ!
നിത്യനായ ദൈവം നിത്യതയിലേ നിശ്ചയിച്ചതാണ് ഈ സാധാരണ വ്യക്തിത്വം മാർപ്പാപ്പയായി രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചു ചേർക്കണമെന്നും, അങ്ങനെ, സഭയിൽ
” ഒരു പുതിയ പന്തകുസ്തായുടെ അനുഭവം ഉണ്ടാകണമെന്നും ധ്യാന സമ്പൂർണ്ണതയിൽ വിശുദ്ധ പദം അലങ്കരിക്കണം” എന്നും. ദൈവ തിരുമനസ്സ് അപ്രമാദം ആണ്.
ഒരു വൈദികനാകാൻ അത്യാവശ്യമായ വിദ്യാഭ്യാസ യോഗ്യത സമ്പാദിച്ചുടനെ തന്റെ ആഗ്രഹം മാതാപിതാക്കളെയും അധികാരികളെയും അറിയിച്ചു. ഭക്തയായ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “നീ ഒരു കുസൃതി കുടുക്കുകയാണ് “. നിന്റെ കുസൃതികൾ ഒന്നും സെമിനാരിയിൽ വിലപ്പോവില്ല. പരിശുദ്ധ അമ്മയ്ക്കു നിന്നെ തന്നെ സമർപ്പിക്കുക. നന്നായി പ്രാർത്ഥിച്ച് ഒരുങ്ങുക. കൂടുതൽ ജപമാലകൾ ചൊല്ലുക “.
താമസിയാതെ സെമിനാരിയിൽ പ്രവേശനം ലഭിച്ചു. എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്ന കരോൾ സെമിനാരിയിലേക്ക് പോകേണ്ട ദിവസം സമാഗതമായി. അമ്മയ്ക്ക് സ്തുതി ചൊല്ലി യാത്ര പറഞ്ഞപ്പോൾ, അമ്മ ഉപയോഗിച്ചു പഴകിയ ഒരു ജപമാല പൊന്നു മകന്റെ ഉള്ളം കയ്യിൽ വച്ചിട്ട് അമ്മ പറഞ്ഞു: ” നിത്യവും ജപമാല ചൊല്ലി നിന്റെ സ്വർഗ്ഗീയ അമ്മയ്ക്ക് നിന്നെ തന്നെ സമർപ്പിക്കുക”. അമ്മ തന്റെ കാപ്പക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളും.
സെമിനാരി പഠനം കഴിഞ്ഞ് നവവൈദികൻ പുത്തൻ കുർബാനയും ചൊല്ലി സ്വഭവനത്തിൽ എത്തി. മകനെ കണ്ടയുടനെ അമ്മ ഞാൻ സമ്മാനിച്ച ജപമാല എന്നുവരെ പറഞ്ഞപ്പോൾ, ഉടനെ കാര്യം മനസ്സിലാക്കിയ മകൻ, തന്റെ പോക്കറ്റിൽനിന്ന് അതെടുത്ത് അമ്മയെ കാണിച്ചു കൊണ്ട് പറഞ്ഞു : “പ്രിയപ്പെട്ട അമ്മേ, ജപമാല പ്രാർത്ഥിക്കുന്നതിൽ ഞാൻ ഒരിക്കലും മുടക്കം വരുത്തിയിട്ടില്ല”.
വർഷങ്ങൾക്കുശേഷം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, തന്റെ തിരഞ്ഞെടുപ്പിൽ നെറ്റിചുളിച്ചവർ ഉൾപ്പെടെയുള്ള കർദ്ദിനാൾ സംഘത്തെ, തന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ജപമാല എടുത്ത് അവരുടെ നേരെ നീട്ടിക്കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു: ” ഞാൻ സെമിനാരിയിലേക്ക് ആദ്യമായി യാത്ര പുറപ്പെട്ടപ്പോൾ എന്റെ പ്രിയപ്പെട്ട അമ്മ സമ്മാനിച്ചതാണ് ഈ ജപമാല. സാധാരണക്കാരിൽ സാധാരണക്കാരനായ ഞാൻ ഈ ജപമാലയും ദിവസേനയുള്ള കുമ്പസാരവും ( ആത്മകഥ) സർവോപരി, പരിശുദ്ധ കുർബാന എന്നീ ആയുധങ്ങളും ധരിച്ച്, പരിശുദ്ധാത്മ പ്രചോദനം അനുസരിച്ച്, യുദ്ധം ചെയ്യും. ദൈവത്തിന്റെ പദ്ധതി എല്ലാം ക്ഷേമത്തിനുള്ളവയാണ്”.
ഈ പരിശുദ്ധ പിതാവാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടി സഭയെ നവീകരണത്തിന്റെ പാതയിൽ ബഹുദൂരം നയിച്ചത്.