കിഴക്കു നിന്നുള്ള പൂജരാജാക്കന്മാർ (ജ്ഞാനികൾ) രക്ഷകനെ സന്ദർശിക്കുന്നത്, ഈജിപ്തിലേക്കുള്ള പലായനം,തിരിച്ചുവരവ് എന്നിവ അടങ്ങുന്ന മത്തായി രണ്ടിന് സമാന്തരമായി മറ്റു സുവിശേഷങ്ങൾ ഇല്ല. യഹൂദരിൽ നിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്ന യഹൂദ ക്രൈസ്തവ സമൂഹത്തിന്, യഹൂദരുടെ തന്നെ പ്രതീക്ഷയായിരുന്ന രക്ഷകനാണ് ഈശോ എന്ന് വ്യക്തമാക്കുക യഹൂദ-ക്രൈസ്തവരെ സംബന്ധിച്ച സുപ്രധാന കാര്യമായിരുന്നു.
ഈശോ ബേതലഹേമിൽ ജനിച്ചുവെന്നതുതന്നെ താൻ രക്ഷകനാണ് എന്ന വ്യക്തമായ സൂചനയാണ്. ഇതേ സംബന്ധിച്ചുള്ള മിക്കാ യുടെ പ്രവചനവും സുവിദി തം (മിക്ക.5: 2). അവിടുന്ന് ഇസ്രായേലിനെ ഭരിക്കേണ്ടവനും യുഗങ്ങൾക്കു മുമ്പുതന്നെ ഉള്ളവനും ആണെന്ന് പ്രവാചകൻ സൂചിപ്പിക്കുന്നുണ്ട്.
ഹേറോദേസ് രാജാവിന്റെ കാലത്ത്യൂദയായിലെ ബേത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.
ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും.
അവന് പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു.
അവര്‍ പറഞ്ഞു:യൂദയായിലെ ബേത്ലെഹെമില്‍. പ്രവാചകന് എഴുതിയിരിക്കുന്നു:
യൂദയായിലെ ബേത്ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക.
അപ്പോള്‍ ഹേറോദേസ് ആജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു.
അവന് അവരെ ബേത്ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക.
രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേനീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.
നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.
അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു.
ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
മത്തായി 2 : 1-12.
ഈശോ ദൈവപുത്രനും ലോകരക്ഷകനുമായതിന്റെ മറ്റൊരു വ്യക്തമായ തെളിവാണ് ഈജിപ്തിലേക്കുള്ള പലായനം. യഥാർത്ഥത്തിൽ ഇതും പ്രവചനത്തിന്റെ പൂർത്തീകരണമാണ് .അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും.
അവന് ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി;
ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്സിലാക്കിയ സമയമനുസരിച്ച് അവന് ബേത്ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.
ഇങ്ങനെ, ജറെമിയാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:
റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.
മത്തായി 2 : 13-18
ഫറവോയുടെ വധശ്രമത്തിൽ നിന്ന് മോശ രക്ഷപ്പെട്ടതുപോലെ (വിമോചകൻ എന്ന നിലയിൽ ഇരുവരും തമ്മിൽ സാമ്യമുണ്ട് ; ഇരുവരുടെയും ജീവിതത്തിൽ സ്വർഗ്ഗത്തിലെ ഇടപെടൽ ഉണ്ട്. ഹേറോദേസിന്റെ വധശ്രമത്തിൽ നിന്ന് ഈശോയും സ്വർഗ്ഗത്തിലെ ഇടപെടൽ വഴി രക്ഷപ്പെടുന്നു.. ദൈവപരിപാലനയിൽ ജോസഫ് (യാക്കോബിന്റെ പുത്രൻ ഈജിപ്തിൽ എത്തിയ പോലെ ദൈവത്തിന്റെ ഇടപെടൽ വഴി ഈശോയും ഈജിപ്തിൽ എത്തുന്നു. യഹൂദരെ സംബന്ധിച്ചിടത്തോളം ഈജിപ്ത് അടിമത്തത്തിന്റെ നാടാണ്. മോശയെപ്പോലെ ഈശോയും ഒരു വിമോചനത്തിന്റെ ദൗത്യം നിശബ്ദമായി ഏറ്റെടുക്കുന്നു. തന്റെ ജനത്തെ (ഇസ്രായേലിനെ) അവരുടെ പാപങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ഈശോ ഏറ്റെടുത്ത് വലിയ ദൗത്യം. ഇത് ദൈവിക പദ്ധതിയുടെ ഭാഗവും ഹോസിയായുടെ പ്രവചത്തിന്റെ പൂർത്തീകരണവുമാണ്. “ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചു”( ഹോസിയ 11 :1 ; മത്താ.2:18 )
ഈശോ ലോകത്തിന് നൽകുന്ന വിമോചനം രാഷ്ട്രീയമോ സാമൂഹികമോ ആയിരുന്നില്ല. മറിച്ചു പാപത്തിന്റെ അടിമത്തത്തിൽ നിന്നാണ് . ” അവൻ തന്റെ ജനത്തെ തങ്ങളുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും ( മത്തായി 1: 21 ).
ഈജിപ്തിലേക്കുള്ള പലായന വും അവിടെ നിന്നുള്ള തിരിച്ചുവരും സംഭവിക്കുന്നത് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് യൗസേപ്പിനെ നൽകുന്ന നിർദ്ദേശപ്രകാരമാണ് (മത്തായി 2: 13; 18- 19 ). ഈശോയുടെ ജനനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സംഭവിക്കുന്നത് സ്വർഗ്ഗത്തിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ്. നാലു പ്രാവശ്യം ദൈവദൂതൻ യൗസേപ്പിനെ പ്രത്യക്ഷപ്പെട്ടു ദൈവിക പദ്ധതി വെളിപ്പെടുത്തുന്ന അഞ്ചു പ്രവചനങ്ങൾ ഇവിടെ പൂർത്തിയാകുന്നു ഉണ്ട്( മത്തായി 1 :22 -23; 2: 5 -6 ;15, 17,18, 23).
അക്കലാവോസിന്റെ ക്രൂരതയെ കുറിച്ച് അറിഞ്ഞത് കൊണ്ടാവാം യൗസേപ്പ് ശിശുവിനെയും അമ്മയെയും കൊണ്ട് ഗലീല യിലെ നസ്രത്തിൽ ചെന്ന് താമസിച്ചത്. അതുകൊണ്ടുതന്നെ അവിടുന്ന് നസ്രായൻ എന്ന് വിളിക്കപ്പെട്ടു. പീലാത്തോസ് അവിടുത്തെ കുരിശിന്റെ മുകളിൽ എഴുതി വച്ച ശീർഷകം അങ്ങനെ പ്രസക്തമാവുന്നു.: ” നസ്രായനായ ഈശോ, യഹൂദരുടെ രാജാവ്”. നസ്രായ പക്ഷക്കാർ എന്ന് ആദിമ ക്രൈസ്തവർ വിളിക്കപ്പെട്ടിരുന്നതായി സൂചനകളുണ്ട് (നട.24: 5 )
പൗരസ്ത്യ ദേശത്ത് നിന്നുവന്ന വിജാതിയർ ആയ ജ്ഞാനികളുടെ സാന്നിധ്യം ഈശോ നൽകുന്ന സാർവത്രിക രക്ഷയുടെ സന്ദേശം വ്യക്തമാക്കുന്നതാണ്. ഹെറോ ദേസും ഇസ്രായേലിലെ പുരോഹിതരും നിയമജ്ഞരും തങ്ങളുടെ രക്ഷകനായി, രാജാവായി അവതരിച്ച ദൈവപുത്രനെ പൂർണ്ണമായും തിരസ്കരിച്ചു. എന്നാൽ പൗരസ്ത്യ ദേശത്ത് നിന്ന് വന്ന ജ്ഞാനികൾ അവിടുത്തെ യഹൂദരുടെ രാജാവായി തിരിച്ചറിഞ്ഞു എന്നത് ഈശോയുടെ രക്ഷാ കർമത്തിന്റെ സാർവത്രികത വെളിപ്പെടുത്തുന്നു. (മത്തായി 2 :2 ). അവർ വന്നത് ഈശോയെ ആരാധിക്കാനാണ്. അതായത് രക്ഷകനായി,രാജാവായി മാത്രമല്ല ദൈവമായും അവൻ അവിടുത്തെ തിരിച്ചറിയുന്നു( മത്തായി 2: 2- 11 ). ഇത് അവർക്ക് ലഭിച്ച ദൈവീക വെളിപ്പെടുത്തലിന്റെ ഭാഗം തന്നെയാണ്. അതിന്റെ സൂചനയാണല്ലോ അവരെ നയിച്ച നക്ഷത്രം .