“ലോകത്തിൽ തനിക്ക് സ്വന്തമായ വരെ അവൻ സ്നേഹിച്ചു ;അവസാനം വരെ സ്നേഹിച്ചു’ (യോഹന്നാൻ 13: 1 ). സ്വയം ശൂന്യനായി മനുഷ്യനായി അവതരിച്ചു കുരിശിലെ ത്യാഗവും യാഗവുമായി, ഏറ്റം ചെറുതായി, തനിക്കു സ്വന്തമായുള്ള വരെ അവിടുന്ന് അവസാനം വരെ സ്നേഹിച്ചു.” എല്ലാം പൂർത്തിയായി” എന്ന് പ്രഖ്യാപിച്ചു കൊണ്ടാണല്ലോ അവിടുന്ന് അന്ത്യശ്വാസം വലിച്ചത്. പരിശുദ്ധ കുർബാന യിലൂടെ അവിടുന്ന് നമ്മിൽ വസിക്കുന്നു. നമ്മുടെ മധ്യ ജീവിക്കുന്നു. ഈ സ്നേഹ സാന്നിധ്യം അനശ്വരമാണ്.
പരിശുദ്ധ കുർബാനയുംപാദക്ഷാളനവും
പരിശുദ്ധ കുർബാനയോട് അഭേദ്യമായി ബന്ധപ്പെട്ട് അതിന് ഉപോദ്ബലകമായിനിൽക്കുകയാണ് കർത്താവു നടത്തിയ പാദക്ഷാളനം.” ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു”( യോഹ 13: 15) എന്ന് അരുളി ചെയ്ത് എളിമയുടെ ശുശ്രൂഷയിൽ നാം ഉത്തരോത്തരം വളരണമെന്ന് വ്യക്തമാക്കാനാണ് അവിടുന്ന് ഇത്ര ചെറുതായത്. സർവ്വം സ്പർശിയായ ത്യാഗത്തിന്റെയും സ്നേഹത്തിന്റെ യും ബലിയും ജീവകാരുണ്യവും സത്താപരമായി ബന്ധപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കുർബാനയും പുതിയ കല്പനയും (യോഹ.13:34)ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.
ബലി പീഠത്തിലെ ഭാഗഭാഗിത്വവും സഹോദരനെ സ്നേഹിക്കുന്നതിനുള്ള കടമയും പരസ്പരപൂരകങ്ങളാണ്. ഈശോമിശിഹായുടെ ശരീരരക്തങ്ങൾ സ്വീകരിക്കുന്ന നാം പരസ്പരം പാദങ്ങൾ കഴുകാനും കടപെടുന്നു. യഥാർത്ഥ എളിമയിലൂടെ നാം ” സ്വയം ശൂന്യനാക്കി ദാസ വേഷം ധരിച്ച” (ഫിലി.2:7)വന്റെ പ്രതിരൂപങ്ങൾ ആകുവാൻ പ്രതിജ്ഞാബദ്ധരാവുകയാണ്.