അക്കാലത്ത്, ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവന്റെ ശിഷ്യന്മാര്ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി.
ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര് ചെയ്യുന്നു.
അവന് പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?
അവന് ദൈവഭവനത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്ക്കല്ലാതെ തനിക്കോ സഹചരന്മാര്ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ?
അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്മാര് സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ?
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്.
ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.
എന്തെന്നാല്‍, മനുഷ്യപുത്രന് സാബത്തിന്റെയും കര്‍ത്താവാണ്.
മത്തായി 12 : 1-8
സാബത്തിനെ കുറിച്ച് ഈശോയും നിയമജ്ഞരും തമ്മിലുള്ള രണ്ട് വിവാദങ്ങൾ ഈ തിരുവചന ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നു.
1. വിശപ്പടക്കാൻ ശിഷ്യന്മാർ ശാപത്തിൽ കതിര് പറിച്ചു തിരുമ്മി തിന്നത്.
2.ശാപത്തിൽ ഈശോ രോഗശാന്തി നൽകിയത് .
വയലിലൂടെ കടന്നുപോകുമ്പോൾ കൈകൊണ്ട് കതിര് പറിച്ചെടുത്തു ഭക്ഷിക്കുന്നത് യഹൂദർക്ക് അനുവദനീയമായിരുന്നു. (നിയ.23:25). എന്നാൽ സാബത്തിൽ അത് നിയമവിരുദ്ധമായിരുന്നു. സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണം നിയമങ്ങൾ വ്യാഖ്യാനിക്കാൻ എന്ന സൂചന ഇവിടെയുണ്ട്.
അത്യാവശ്യങ്ങൾ നേരിടുമ്പോൾ താൽക്കാലികമായ നിയമത്തിന്റെ അനുഷ്ഠാനത്തിൽ നിന്നും മനുഷ്യൻ ഒഴിവാക്കപ്പെടുന്നു. അതുകൊണ്ട് അവർ കുറ്റമറ്റവർ ആയിരിക്കും. രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ശിഷ്യരുടെ പ്രവർത്തിയെ നിയമലംഘനം അല്ലെന്ന് ഈശോ സമർത്ഥിക്കുന്നു. സാബാത്താചരണം നമ്മെപ്പോലെ തന്നെ യഹൂദർക്കും ഏറ്റം പ്രധാനപ്പെട്ട ഒരു ദൈവ കൽപ്പനയാണ്. അതിന്റെ ആചരണം കർക്കശമായി പാലിക്കപ്പെട്ടിരുന്നു. എങ്കിലും ഗുരുതരമായ കാരണങ്ങളുള്ളപ്പോൾ അതിന് അപവാദങ്ങൾ അനുവദിച്ചിരുന്നു. ഈശോ വ്യക്തമാക്കുന്നത് മനുഷ്യന്റെ അത്യാവശ്യങ്ങൾ സാധിക്കുന്നതിനു സാബത്താചാരണം തടസ്സമാകരുത് എന്നാണ് ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങളാണ് ദാവീദും അനുചരന്മാരും ദേവാലയത്തിൽ പ്രവേശിച്ച് കാഴ്ചയപ്പം ഭക്ഷിച്ചതും 1സാമു. 21 :2 -7 ) ദൈവാലയത്തിലെ പുരോഹിതന്മാർ സാബത്ത് ദിവസം ദേവാലയശുശ്രുഷകൾ അനുഷ്ഠിക്കുന്നതും. അവ സാബത്ത് വിശ്രമത്തിന്റെ ലംഘനമല്ല.അതുകൊണ്ട് അവർ കുറ്റമറ്റവരായിരിക്കും (ലേവ്യ 24 :8; സംഖ്യ. 28 :9)
ശിഷ്യന്മാർ കതിരുഭക്ഷിക്കുമ്പോൾ അവരോടൊപ്പം “സാബത്തിന്റെയും കർത്താവ്”( സാക്ഷാൽ ദൈവം) മത്താ. 12 :8) ഉണ്ടായിരുന്നു. മനുഷ്യന്റെ വിശപ്പടക്കുക സാബത്താചരണത്തേക്കാൾ പ്രാധാന്യമുള്ളതാണ്.
കർത്താവ് എന്ന പദമാണ് സർവ്വസാധാരണമായി സർവ്വശക്തനായ ദൈവത്തെ സൂചിപ്പിക്കാൻ പഴയ നിയമത്തിൽ. അവിടത്തോടുള്ള അത്യാദരവുകൊണ്ടാണ് അവർ ആ പേര് അധികമായി ഉപയോഗിക്കാതിരുന്നത്. പ്രസ്തുത പാരമ്പര്യത്തിൽ ഉറച്ചുനിന്നു കൊണ്ടാണ് ഈശോ ഇവിടെ ദൈവം എന്നതിന് പകരം കർത്താവ് എന്ന് ഉപയോഗിച്ചിരിക്കുന്നത്. ഈശോ ഇവിടെ ആധികാരികമായി,വെളിപ്പെടുത്തുന്നു. “ദൈവാലയത്തേക്കാൾ വലിയവൻ”. “സാബത്തിന്റെയും കർത്താവാണ്”. മനുഷ്യനായി മഹിയിൽ അവതരിച്ച ദൈവമാണ്, പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണ് എന്ന്. ഹോസി 6:6 [ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം.
ഹോസിയാ 6 : 6] ഉദ്ധരിച്ചുകൊണ്ട് സാബത്താചരണത്തിന്റെ കല്പനയേക്കാൾ പ്രധാനം സ്നേഹത്തിന്റെയും കരുണയുടെയും കൽപ്പനയാണെന്നും അവിടുന്ന് വ്യക്തമാക്കുന്നു.