നമ്മുടെ ജീവനും സൗഖ്യവും ജലവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജലം കൂടാതെ ജീവനില്ല. നാം ശ്വസിക്കുന്ന പ്രാണവായു പോലും ജലത്തിന്റെ മറു രൂപം ആണല്ലോ. പ്രഭാതത്തിനും സായാഹ്നത്തിന് ശുദ്ധജലത്തിൽ കുളിക്കുക. അത് ശരീരത്തിന് അഴുക്കും ചെളിയും കഴുകി കളയുക മാത്രമല്ല ശാരീരിക കോശങ്ങൾ ഉണർത്തുകയും ക്ഷീണം അകറ്റുകയും മനസ്സിൽ നവോന്മേഷം നിറയ്ക്കുകയും ചെയ്യും . ധാരാളം ജലം പാനം ചെയ്യുക. ആരോഗ്യത്തിന് ജലപാനം ഒഴിച്ചുകൂടാനാവാത്തതാണ്. ശരീരത്തിലെ മാലിന്യങ്ങൾ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളപ്പെടാൻ ജലപാനം സഹായിക്കും.
ഓരോ പ്രാവശ്യം കുളിക്കുമ്പോഴും കുടിക്കുമ്പോഴും ജലത്തിന്റെ അമൂല്യത ധ്യാനിക്കുക. ജലം ജൈവികത യുടെ അടയാളമാണ്, പരിശുദ്ധാത്മാവിന്റെ പ്രതീകമാണ്. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു (ഉല്പത്തി 1: 2 ). ദൈവത്തിന്റെ യും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവ ജലത്തിന്റെ നദി അവൻ എനിക്ക് കാണിച്ചു തന്നു( വെളിപാട് 22: 1 ).
ബൈബിൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജലത്തിന്റെ ദൈവീക ഭാവത്തെ വെളിവാക്കി കൊണ്ടാണ്. ജലം അമൂല്യമാണ്. ജലത്തിന് നമ്മിൽ ജീവനും സൗഖ്യവും പകരാൻ കഴിവുണ്ട്.യേശുവിന്റെ തിരുമാറിലെ പിളർക്കപ്പെട്ട തിരുമുറിവിൽ നിന്നും പുറപ്പെട്ട ത് രക്തവും ജലവും ആയിരുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും അന്ത്യശ്വാസം വലിക്കുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നത് തൊണ്ട നനയ്ക്കാൻ ഒരു തുള്ളി ജലം മാത്രം. ഓരോ തുള്ളി ജലവും കാണുമ്പോൾ ജലത്തിന്റെ ആത്മീയതയെ ധ്യാനിക്കുക. സൗഖ്യം ലഭിക്കും. കുളിക്കുമ്പോൾ യേശു കുളിച്ച ജോർദാൻ നദിയിലെ ജലത്തെ ധ്യാനിക്കുക. ലൂർദ്ദിലെ അത്ഭുത ഉറവയിൽ നിന്നും ഒഴുകിവരുന്ന സൗഖ്യദായകമായ ജലത്തെ ധ്യാനിക്കുക, സൗഖ്യം കരഗതമാകും. കാരണം ജലം അമൂല്യവും സൗഖ്യദായകവുമാണ്
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം