ഈശോയെ ലോകരക്ഷകനും ഏക രക്ഷകനുമാണെന്ന് വെളിപ്പെടുത്താൻ മുന്നോട്ടുവെക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും സൗഖ്യങ്ങളും പിശാചിന്റെ ബഹിഷ്കരണങ്ങളും മറ്റും ബൈബിൾ പണ്ഡിതന്മാർ, ന്യായേണ ഉപയോഗിക്കാറുണ്ട്. ലൂക്കാ സുവിശേഷകന്റെ ഈ ദിശയിൽ ആദ്യം അവതരിപ്പിക്കുന്നത് പിശാച് ബാധിതനെ സുഖപ്പെടുത്തുന്നതാണ്.
പിന്നെ അവന് ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.
അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം.
അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധി ച്ചഒരുവന്‍ ഉണ്ടായിരുന്നു. അവന് ഉറക്കെ നിലവിളിച്ചു പറഞ്ഞു:
നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്.
യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.
എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വച നമാണിത്! ഇവന് അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കല്പിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ.
അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.
ലൂക്കാ 4 : 31-37
കഫർണാമിലെ സിനഗോഗിൽ അശുദ്ധാത്മാവ് ബാധിതനെ മോചിപ്പിക്കുന്നു. മരുഭൂപരീക്ഷയിൽ ഈശോ പിശാചിനെ കീഴടക്കി; ദൈവഹിതം, ദൈവത്തിന്റെ രാജ്യം സ്ഥാപിച്ചു. അതിന്റെ തുടർച്ചയെന്നോണം ലൂക്കാ സുവിശേഷത്തിൽ പ്രത്യക്ഷവും വിശദവുമായ നാല് പിശാച് ബഹിഷ്കരണ കഥകൾ കൂടി വിവരിക്കുന്നുണ്ട്. അവയിൽ ആദ്യത്തേതാണ് 4: 31 -37 ലേത്. നാലാമത്തേത് ലൂക്കാ മാത്രമേ വിവരിക്കുന്നു ള്ളൂ. ബാക്കി മൂന്നും മറ്റ് സമാന്തര സുവിശേഷങ്ങളിൽ ഉണ്ട്. പിശാചിന്റെ ആധിപത്യത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുക വഴി ദൈവീക ഭരണത്തിന്റെ സവിശേഷതകൾ ഈശോ വെളിപ്പെടുത്തുന്നു.
4: 31 -37 ലെ അശുദ്ധാത്മബാധയൊഴിക്കലിന്റെ വിവരണത്തിനു മൂന്നു ഭാഗങ്ങളുണ്ട് ഈശോ അധികാരത്തോടു കൂടി കഫർണാമിലെ സിനഗോഗിൽ പഠിപ്പിക്കുന്നു. അശുദ്ധാത്മാവിനെ മൗനിയാക്കി പുറത്താക്കുന്നു ; ഈശോയുടെ വചനങ്ങളോടുള്ള ജനത്തിന്റെ പ്രതികരണവും അവന്റെ കീർത്തി സമീപ പ്രദേശങ്ങളിൽ നിന്നും വ്യാപിച്ചെന്ന റിപ്പോർട്ട്.
ഈശോ അധികാര പൂർവ്വം പഠിപ്പിക്കുന്നു.
ഈശോയുടെ
പ്രബോധന ശുശ്രൂഷയ്ക്കും അതിനോടുള്ള പ്രതികരണത്തിനും ഇടയ്ക്കാണ് പിശാചുബാധയൊഴിക്കൽ. അത് പ്രബോധനത്തിന്റെ ഭാഗമാണ്. അവിടുന്ന് സിനഗോഗിൽ പഠിപ്പിക്കുന്നതും ജനങ്ങൾ വിസ്മയത്തോടെ പ്രതികരിക്കുന്നതും ലൂക്ക വീണ്ടും അനുസ്മരിക്കുന്നു. ഈ വിവരണത്തിന്റെ മറ്റൊരു പ്രത്യേകത ഇത് ആരംഭിക്കുന്നതും അവസാനിക്കുന്നതും അധികാരത്തോടും ശക്തിയോടും കൂടിയുള്ള ഈശോയുടെ വാക്കുകളെ പരാമർശിച്ചു കൊണ്ടാണ്. അവിടുത്തെ വചനങ്ങളുടെ ഈ സ്വഭാവം അവയെ നിയമജ്ഞരുടെയും പുരോഹിതന്മാരുടെയും വചനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പരിശുദ്ധാത്മ ശക്തിയാലുള്ള അത്ഭുതപ്രവൃത്തി പ്രവചനത്തിന്റെ ആത്മാവിനാലുള്ള പ്രവാചക ധർമ്മത്തിന്റെ ഭാഗമാണ്. അത് യുഗാന്ത മിശിഹായുടെ പ്രവർത്തിയും ആണ് ( ലൂക്കാ.7 :21 ) അത്ഭുതപ്രവൃത്തി ഈശോയുടെ വചന ത്തിന്റെ പ്രവർത്തിയാണ്. പിശാചിനെ പുറത്താക്കുന്ന പ്രവർത്തി എന്നതിനേക്കാളുപരി അവിടുത്തെ വചന ത്തിന്റെ ആധികാരികതയും ശക്തിയുമാണ് സുവിശേഷത്തിന്റെ പ്രത്യേക താല്പര്യം. തന്റെ പ്രബോധനങ്ങൾ അധികാര പൂർവ്വം ഉള്ളതും ആധികാരികവും ആണ്. അത്ഭുതങ്ങൾ അവയെ സ്ഥിരീകരിച്ചു കൊണ്ടിരുന്നു. അതിന്റെ തെളിവാണ് ഈശോയുടെ വചനം ശക്തിയോടും അധികാരത്തോടും ഉള്ളതായിരുന്നു എന്ന പ്രസ്താവന അശുദ്ധാത്മ ബഹിഷ്കരണത്തിനു ശേഷം ഉയർന്നുവരുന്നത്. അവന്റെ വചനങ്ങളുടെ അധികാരത്തിനു നിദാനം ഈശോയുടെ വചനങ്ങളും പ്രവർത്തികളും പരിശുദ്ധാത്മാവിനാലും ശക്തിയാലും ഉള്ളതായിരുന്നു എന്നതാണ് .
” ദൈവവിരൽ കൊണ്ടാണ് ” ഈശോ പിശാചുബാധയിൽനിന്നു മനുഷ്യരെ മോചിപ്പിക്കുന്നത് ( 11 :14- 23 ).
അശുദ്ധാത്മാവിനെ മൗനിയാക്കി പുറത്താക്കുന്നു
. ” കഫർണാമിലെ സിനഗോഗിൽ അശുദ്ധാത്മാവ് ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു”. ഇവിടെ പിശാചിനെ “അശുദ്ധാത്മാവ്” എന്ന് വിശേഷിപ്പിക്കുന്നു. ലൂക്കാ അഭിസംബോധന ചെയ്ത സമൂഹത്തിന് ആത്മാക്കളെ കുറിച്ച് ഉണ്ടായിരുന്ന സങ്കൽപങ്ങളുടെ പശ്ചാത്തലം ഇവിടെ പ്രതിഫലിക്കുന്നു. വിജാതിയ ക്രൈസ്തവരെ മുഖ്യമായി മുന്നിൽക്കണ്ടുള്ളതാണ് ലൂക്കായുടെ രചന. അതിനാൽ പിശാചുക്കളെ കുറിച്ച് പറയുമ്പോൾ വിജാതിയ സങ്കൽപങ്ങളുടെ പശ്ചാത്തലമുണ്ട്. അവരുടെ ധാരണയിൽ ലോകം നല്ലതും ദുഷ്ട വുമായ ആത്മാക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പിശാചുക്കൾ മനുഷ്യരിൽ ആ വസിക്കാൻ കഴിവുള്ള ആത്മീയ ശക്തികളാണ്. രോഗങ്ങൾ പലതും പിശാച് ബാധയാൽ ഉള്ളതാണ്. അവയ്ക്ക് ദൈവത്തെയും അവിടുത്തെ പുത്രനെയും അറിയാം. കഫർണാംമിലെ സിനഗോഗിൽ ഉണ്ടായിരുന്ന ആ “മനുഷ്യനെ” ബാധിച്ചിരുന്ന പിശാചിന് ഈശോയെ ഭയമായിരുന്നു . അതിനാലാണ് അത് “അലറി വിളിക്കുന്നത് “( അപ്പ.8: 7 ).
“….. ഞങ്ങളെ നശിപ്പിക്കാൻ ആണോ നീ വന്നിരിക്കുന്നത്?”
ഞങ്ങളെ എന്ന ബഹുവചനം ശ്രദ്ധിക്കുക, അശുദ്ധാത്മാക്കളെയെ ല്ലാം നശിപ്പിക്കാനാണ് ഈശോ വന്നിരിക്കുന്നതെന്ന് ഈ അശുദ്ധാത്മാവ് മനസ്സിലാക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. അവനെ ഈശോയെയും അവന്റെ ഉന്നത പദവിയും അവന്റെ ദൈവികോദ്ഭവത്തെയും അറിയാം. അതുകൊണ്ടാണ് “ദൈവത്തിന്റെ പരിശുദ്ധൻ” എന്ന് ഈശോയെ സംബോധന ചെയ്യുന്നത് . “ദൈവത്തിന്റെ പരിശുദ്ധൻ “എന്ന സ്ഥാനപ്പേര് പഴയനിയമത്തിൽ പലർക്കുമുണ്ട്. ഉദാഹരണം അഹറോൻ ( സങ്കീ. 106:16), സാംസൺ( ന്യായ.13 :7) ,
ഏലീഷ (2രാജാ 4:9).
ഈശോ പരിശുദ്ധാത്മാവിനാൽ ജനിച്ചവനാകയാലും അവനു ഭരണാധികാരം ഉള്ളതിനാലും “ദൈവത്തിന്റെ പരിശുദ്ധൻ “ആണ്. ഈ പദവിയിലുള്ള ഈശോയുടെ അധികാരം സ്ഥിരീകരിക്കുന്നു. അവിടുത്തെ അഭിഷിക്തനായ( മിശിഹാ) രാജാവെന്ന് പിശാചുക്കൾ തിരിച്ചറിഞ്ഞു. അവിടുത്തെ അറിയാം എന്ന് പറഞ്ഞും “ദൈവത്തിന്റെ പരിശുദ്ധൻ” എന്ന് പേര് വിളിച്ചും അവനെ തന്റെ അധീനതയിൽ ആക്കാൻ അശുദ്ധാത്മാവ് ശ്രമിക്കുന്നു. പിശാച് വിജാതിയ ഭൂതോച്ചാടകരുടെയും മന്ത്രവാദികളുടെയും തന്ത്രം
പ്ര യോഗിക്കുന്നു. ഉച്ചാടനം ചെയ്യേണ്ട ഭൂതത്തിനെ പേരുകൾ ചൊല്ലി വിളിച്ചു കീഴ്പ്പെടുത്തി പുറത്താക്കുന്ന രീതി. പക്ഷേ,ഈശോ അശുദ്ധാത്മാവിനോട് ശാസിച്ചും ആജ്ഞാപിച്ചും അവനെ പുറത്താക്കി. പോകുമ്പോൾ അതൊരു പരാക്രമം കാട്ടി തന്റെ ശക്തി പേടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, “മനുഷ്യന് ” ഉപദ്രവം ഉണ്ടാക്കാൻ അവന് കഴിഞ്ഞില്ല.
ഈശോ അവനെ ശാസിച്ചു. ശാസിച്ചു എന്ന പദം അവിടുന്ന് പിശാചിനെ ശാസിക്കുന്നതിനെക്കുറിച്ച് ഉപയോഗിക്കുന്നത് സമാന്തര സുവിശേഷങ്ങളുടെ സവിശേഷതയാണ്( മത്തായി – 3; മാർക്കോസ് -5 ;ലൂക്ക -6 പ്രാവശ്യം വീതം ). നിശബ്ദമായി ഇരിക്കുക എന്ന ഫിമൊഓ എന്ന വാക്കുകൊണ്ട് പൈശാചിക ശക്തിയോട് ഈശോ ആഞ്ഞാപിക്കുന്നത് മാർക്കോസും ലൂക്കായും മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സെമറ്റിക് ശൈലിയിലാണ് ഈശോ പിശാചിനെ ശാസിക്കുന്നത്.