ക്രിസ്തുമസ് സംഭവം പോലെവൈരുദ്ധ്യങ്ങളും വിരോധാഭാസങ്ങളും നിറഞ്ഞുതുളുമ്പുന്ന മറ്റൊന്നും മാനവചരിത്രത്തിലില്ല.സർവ്വശക്തനും സർവ്വവ്യാപിയും സകലത്തിന്റെയും സൃഷ്ടാവും ഉടയവനും സകലത്തെയും നയിക്കുകയും നിയന്ത്രിക്കുകയും പരിപാലിക്കുകയും വഴി നടത്തുകയും വിധിക്കുകയും സർവ്വഭൗമനും സ്വയം ഭൂവും സർവ്വ നന്മ സ്വരൂപനും ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും രാജാധിരാജനും കർത്താധി കർത്തനും സർവ്വ നിർമ്മല നുമായ ദൈവപുത്രൻ. മനുഷ്യ രക്ഷ നേടിയെടുക്കാൻ സ്വയം ശൂന്യനായി താണിറങ്ങി പരിശുദ്ധ കന്യകയുടെ ഉദരത്തിൽ, നഗ്നനേത്രങ്ങൾക്ക് അദൃശ്യമായ ഒരുഅണുവായി മറ്റേതൊരു മനുഷ്യ ശിശുവിനെ പോലെ ഒമ്പത് മാസവും ഒമ്പത് ദിവസവും 9 നാഴികയും 9 വിനാഴികയും ക്രമേണ വളർന്ന് ഒരു പൈതലായി, പിറക്കാൻ ഒരു ഇടം കിട്ടാതെ അലഞ്ഞു തിരികയും അവസാനം ഇടിഞ്ഞുപൊളിഞ്ഞ കാലികൂട്ടിലെ പുൽത്തൊട്ടിയിൽ പിറന്നു വീഴുന്നു.
യൗസേപ്പിതാവ് വയ്ക്കോൽ ചേർത്തുവെച്ച രൂപപ്പെടുത്തിയ പട്ടമെത്തയിൽ ഉണ്ണിഈശോയ്ക്ക് അമ്മ ജന്മം നൽകുന്നു. കൊടും തണുപ്പിൽ നിന്ന് അവിടുത്തെ രക്ഷപ്പെടുത്തിയത് പരിശുദ്ധ അമ്മയുടെ മാറിലെ ചൂടും യൗസേപ്പിതാവിന്റെ കരങ്ങളിലെയും മാറിലെ ചൂടും മാത്രമാണ്. സർവ്വശക്തൻ ബലഹീനൻ ആവുന്നു. നിത്യ വചനം നിശബ്ദമാകുന്നു. പരസഹായമില്ലാതെ ഒന്നും സ്വയം ചെയ്യാനാവാത്ത അവസ്ഥയിൽ ആവുന്നു. സർവ്വശക്തൻ അശക്തനാവുന്നു. തന്റെ സൃഷ്ടികൾക്ക് വിധേയനായി അവരെ അനുസരിച്ചു ജീവിക്കുന്നു. “നസ്രത്തിലെ തച്ചൻ യൗസേപ്പിന്റെ മകൻ” ആയി ഈശോ 30 വയസ്സുവരെ അറിയപ്പെടുന്നു.