റോമ 12:1ൽ ” ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ടാ”ണ് ശ്ലീഹാ ” നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവും ആയ സജീവ ബലിയായി സമർപ്പിക്കു”വാൻ റോമൻ ക്രൈസ്തവരോട് അപേക്ഷിക്കുന്നത്. ദൈവത്തിന്റെ കരുണയെ കുറിച്ച് റോമാ.9-11 അദ്ധ്യായങ്ങളിൽ വിവരിച്ചത് പശ്ചാത്തലത്തിലാണ്12:1-2ലെ വിവരണം എന്ന് 12:1-ലെ ദൈവ കാരണ്യത്തെ കുറിച്ചുള്ള പരാമർശം വ്യക്തമാക്കുന്നുണ്ട്. ദൈവ കാരുണ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി പൗലോസ് ഉപയോഗിക്കുന്ന” എലയോസ്” എന്ന പദത്തിന് പകരം”ഓയിക്ക്തിർമോൻ” എന്ന അസാധാരണ പദമാണ് ഇവിടെ ഉപയോഗിക്കുന്നത്.
12:6-8 ൽ പരിശുദ്ധാത്മാവിനെ വരദാനങ്ങളെ കുറിച്ച് ആണല്ലോ പൗലോസ് പരാമർശിക്കുക. പരിശുദ്ധാത്മാവിന്റെ വരങ്ങളെ ചില ബൈബിൾ പണ്ഡിതർ ഏഴായി പരിമിതപ്പെടുത്താറുണ്ട്. പ്രവചനം, ശുശ്രൂഷ, പ്രബോധനം, ഉപദേശം, ദാനം, നേതൃത്വം,കരുണ- ഇവ യാണല്ലോ. 12:6-8 ന്റെ അടിസ്ഥാനത്തിലാണ് ഈ പരിമിതപ്പെടുത്തൽ. വരങ്ങളുടെ എല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്- സഭയുടെ വിശ്വാസ പോഷണം.
റോമാ പതിനഞ്ചാം അധ്യായത്തിലെ ഒരു പ്രധാന പ്രമേയം ക്രൈസ്തവർ, ആ നാമം സൂചിപ്പിക്കുന്നതുപോലെ, ക്രിസ്തുവിനെ തങ്ങളുടെ ജീവിത മാതൃക ആകണം എന്നാണ്(15:7) ക്രിസ്തു സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക എന്ന ആഹ്വാനമാണ് അദ്ദേഹം നൽകുന്നത്. ” ക്രിസ്തു സ്വീകരിച്ചതുപോലെ” എന്നാ പ്രയോഗത്തിലൂടെ ശ്ലീഹ അർത്ഥമാക്കുന്നത്, പാപികൾ ആയിരുന്നിട്ടും തന്റെ കരുണയിൽ അവിടുന്ന് നമ്മെ രക്ഷിച്ചു എന്നാണ്. കരുണയുടെ അത്യുദാത്ത മാതൃക ക്രിസ്തുവാണ്, ക്രിസ്തു മത്രമാണ്. പിതാവിന്റെ മഹാകരുണയുടെ മുഖമാണ് അവിടുന്നെന്ന് അന്യത്ര നാം പ്രസ്താവിച്ചിട്ടുള്ളതാണ്.
യഹൂദർക്കായി ദൈവം രക്ഷാപദ്ധതി തയ്യാറാക്കിയത് അവിടുത്തെ കരുണ കൊണ്ടാണ്. അതേ കരുണയാൽ വിജാതിയരെല്ലാം അവിടുന്ന് അതെ രക്ഷാപദ്ധതിയിൽ പങ്കാളികൾ ആക്കിയിരിക്കുന്നു. അവിടുത്തെ മഹത്വപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ക്രിസ്തുവിൽ, വിജാതിയരും യഹൂദരും ഒരുപോലെ ദൈവത്തെ ആരാധിച്ചു, സ്തുതിച്ചു മഹത്വപ്പെടുത്താൻ അർഹത ഉള്ളവരായി.
ദൈവത്തിന്റെ കരുണയാണ് തങ്ങളെ അവിടുത്തെ ശുശ്രൂഷയിലേക്ക് വിളിച്ചത് എന്ന് പൗലോസ് ഊന്നി പറയാറുണ്ട്.2 കൊറി 4:1ഉദാഹരണമായി പരിഗണിക്കാം. ശ്ലീഹ പറയുന്നു:” ദൈവ കരുണയാൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഈ ശുശ്രൂഷ ചെയ്ത ഞങ്ങൾ ഭഗ്നാശരല്ല”. Not on our merit but on his grace എന്ന ചൊല്ല് നമുക്ക് സുപരിചിതമാണ്. ദൈവത്തിന്റെ വിളി സ്വീകരിക്കാൻ യോഗ്യരായി മനുഷ്യ മക്കളിൽ ആരുമില്ല. ദൈവത്തിന്റെ കരുണാകര സ്നേഹത്തിന്റെ വരദാനമാണ് ഓരോ ദൈവവിളിയും. ഈ സത്യം അംഗീകരിക്കുന്നതിൽ പൗലോസ് എപ്പോഴും മുൻപന്തിയിലാണ്.