കപ്പൽയാത്രയിൽ അപകടം സംഭവിച്ചാൽ ആളുകളുടെ ജീവൻ സംരക്ഷിക്കുവാൻ വേണ്ടിയാണു ലൈഫ് ബോട്ടുകൾ കപ്പലിൽ സൂക്ഷിക്കുക. ടൈറ്റാനിക്കിൽയാത്ര ചെയ്തിരുന്ന 2201 പേർക്കുവേണ്ടി കണക്കനുസരിച്ചു 64 ലൈഫ് ബോട്ടുകൾ വേണ്ടിയിരുന്നതാണ്. എന്നാൽ അപകട സാധ്യത മുന്നിൽ കാണാതിരുന്നതുകൊണ്ടു ലൈഫ് ബോട്ടുകളുടെ എണ്ണം ഇരുപതായി കപ്പലിന്റെ ഉടമകൾ കുറയ്ക്കുകയുണ്ടായി. ടൈറ്റാനിക് മഞ്ഞുകട്ടയുമായി കൂട്ടിയിടിക്കുമ്പോൾ ആ കപ്പലിന്റെ മുകൾത്തട്ടിൽ ഫാ.തോമസ് ബോയിൽസ് കാനോന നമസ്ക്കാരം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ടുകാരനായ ഈ വൈദികൻ ന്യൂയോർക്കിൽ താമസിക്കുന്ന തന്റെ സഹോദരനായ വില്യമിന്റെ വിവാഹം ആശീർവദിക്കാൻ വേണ്ടി യാത്രതിരിച്ചതായിരുന്നു. കപ്പലിന് അപകടം സംഭവിച്ചു എന്ന് മനസ്സിലാക്കിയ ഉടനെ അദ്ദേഹം കപ്പലിന്റെ അടിത്തട്ടിലേക്ക് ഓടി. അവിടെയായിരുന്നു മൂന്നാം ക്ലാസ്സ് യാത്രക്കാരായ സാധാരണക്കാർ താമസിച്ചിരുന്നത്. അവരിൽ ഒട്ടേറെപ്പേരെ മുകളിലെത്തിക്കുവാനും അങ്ങനെ അവരിൽ കുറേപ്പേരെ രക്ഷിക്കുവാനും അദ്ദേഹത്തിനും സാധിച്ചു. ആവശ്യത്തിനുമാത്രം ലൈഫ് ബോട്ടുകൾ ഇല്ലാതിരുന്നതുകൊണ്ട് എല്ലാവർക്കും രക്ഷപ്പെടുവാൻ സാധിക്കുകയില്ലെന് അദ്ദേഹത്തിനറിയാമായിരുന്നു. തന്മൂലം ഭയചകിതരായി യാത്രക്കാർക്ക് ആശ്വാസം പകർന്നുകൊടുത്തുകൊണ്ട് അവരോടൊപ്പം പ്രാർത്ഥിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചു. താല്പര്യം പ്രകടിപ്പിച്ചവർക്കു വ്യക്തിപരമായും അല്ലാത്തവർക്ക് പൊതുവായും അദ്ദേഹം പാപമോചനം നൽകി.
ഫാ.ബോയിൽസിനോടൊപ്പം ജർമൻകാരനായ ഫാ.ജോസഫ് പെറുഷിറ്റ്സു , ലിത്വേനിയക്കാരനായ ഫാ. ജുവോസാസ് മോൺട് വിളയും യാത്രക്കാർക്ക് ആശ്വാസവും ധൈര്യവും നൽകുവാൻ ശ്രമിച്ചു. ലൈഫ് ബോട്ടുകളിൽ രക്ഷപ്പെടുവാൻ അവർക്കു അവസരം ലഭിച്ചുവെങ്കിലും മറ്റുള്ളവർക്കുവേണ്ടി അവർ വഴിമാറിക്കൊടുത്തു . അവർ കപ്പലിന്റെ മുകൾത്തട്ടിൽ മറ്റുള്ളവരോടൊപ്പം പ്രാർത്ഥനയിൽ ചെലവഴിച്ചു. അങ്ങനെ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവരുടെയെല്ലാം ജീവൻ അപഹരിച്ചുകൊണ്ടു കപ്പൽ മുങ്ങിത്താഴ്ന്നത്.
കപ്പൽ മുങ്ങിയതിന്റെ തലേദിവസം ഞായറാഴ്ച രണ്ടാം ക്ലാസ്സിലെയും മൂന്നാം ക്ലാസിലെയും യാത്രക്കാർക്കുവേണ്ടി ഫാ. ബോയിൽസ് പ്രത്യേകം പ്രത്യേകം വിശുദ്ധ കുർബാന അർപ്പിക്കുകയുണ്ടായി. ആ കുർബാനയുടെ അവസരത്തിൽ അദ്ദേഹം പ്രാർത്ഥനയെക്കുറിച്ചു പറഞ്ഞത് ലൈഫ് ബോട്ടുകളുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു. കപ്പലപകടം ഉണ്ടാകുമ്പോൾ ലൈഫ് ബോട്ടുകൾ എപ്രകാരം നമ്മുക്ക് ഉപകാരപ്രദമാകുന്നുവോ അതുപോലെയാണ് പ്രാർത്ഥന നമ്മുടെ ജീവിതനൗകയെ അപകടത്തിൽനിന്ന് രക്ഷപ്പെടുവാൻ സഹായിക്കുന്നതെന്നാണ് അന്ന് അദ്ദേഹം പ്രസംഗിച്ചത്. ഫാ. ബോയിൽസ് അന്ന് ഊന്നൽ നൽകിയത് ആദ്ധ്യാത്മികമായ കപ്പലപകടത്തിൽനിന്നു രക്ഷപ്പെടുന്നതിനും പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചായിരുന്നു.
ഫാ ബോയിൽസ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചതുപോലെ പ്രാർത്ഥനയാകുന്ന ലൈഫ് ബോട്ട് നമുക്ക് കൂടിയേ തീരു. അല്ലെങ്കിൽ ജീവിതമാകുന്ന ദുഃഖസാഗരത്തിൽ നാം മുങ്ങിത്താഴുകതന്നെ ചെയ്യും. നാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിൽനിന്നു പ്രധാനമായും നമുക്ക് ലഭിക്കുന്നത് അവിടുത്തെ അനുഗ്രഹമാണല്ലോ. ദൈവത്തിൽനിന്നു ലഭിക്കുന്ന അവിടുത്തെ അനുഗ്രഹമാണു നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ അഭിമുഖീകരിക്കുവാനുള്ള ശക്തിയും ധൈര്യവും നമ്മുക്ക് നൽകുന്നത്. ടൈറ്റാനിക്കിലെ ഭൂരിപക്ഷം പേർക്കും രക്ഷപ്പെടുവാൻ സാധിക്കാതെ പോയത് (രക്ഷപ്പെട്ടവർ 706 പേർ) കപ്പലിൽ ആവശ്യത്തിന് വേണ്ടിയിരുന്ന ലൈഫ് ബോട്ടുകളുടെ അഭാവമാണ്. ഇതുപോലെ, നമ്മുടെ ജീവിതത്തിലെ പ്രാർത്ഥനയുടെ അഭാവമാണെന്നതിൽ സംശയം വേണ്ട. നമ്മുടെ ജീവിതത്തിൽ മതിയായ പ്രാർത്ഥനയുണ്ടെങ്കിൽ ഏതു പ്രതിസന്ധിക്കിടയിലും പതറാതെ നാം പിടിച്ചുനിൽക്കുമെന്നു തീർച്ചയാണ്. അതുപോലെ, നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയുണ്ടെങ്കിൽ അതുവഴിയായി നമ്മുടെ ആധ്യാത്മികരക്ഷ ഉറപ്പാണെന്നും തീർച്ചയാണ്. നമ്മുടെ ജീവിതത്തിലെ ലൈഫ് ബോട്ടാണ് പ്രാർത്ഥന എന്നത് നമുക്കു മറക്കാതിരിക്കാം. ആ ലൈഫ് ബോട്ട് എപ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കട്ടെ.
കടപ്പാട് ദീപിക