പിതാവിന്റെ ഏകജാതനും യുഗങ്ങൾക്കെല്ലാം മുമ്പ് പിതാവിൽ നിന്നു ജനിച്ചവനുമായ (എന്നാൽ സൃഷ്ടിക്കപ്പെടാത്തവനുമായ) ഈശോമിശിഹാ മാത്രമാണ് പൂർണ്ണമായ വിധത്തിൽ ദൈവപുത്രൻ എന്ന സ്ഥാനത്തിന് അർഹൻ. അധികാരത്തിനും ശക്തിയിലും മഹത്വത്തിലും പുത്രനെന്ന നിലയിൽ, താൻ പിതാവിനോട് സമനാണെന്ന് സുശക്തവും സുദൃഢവുമായ അവബോധം അവിടുത്തേക്ക് ഉണ്ടായിരുന്നു. യോഹ 5 :19 ൽ ദിവ്യ നാഥൻ വളരെ വ്യക്തമായി പറയുന്നു :” പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു”. വീണ്ടും 5:21 അവിടുന്ന് പ്രസ്താവിക്കുന്നു:” പിതാവ് മരിച്ചവരെ എഴുന്നേൽപ്പിച്ച് അവർക്ക് ജീവൻ നൽകുന്നതുപോലെ തന്നെ പുത്രനും താൻ ഇച്ഛിക്കുന്നവർക്ക് ജീവൻ നൽകുന്നു.
പിതാവിനും പുത്രനും ഒരേ ആദരം നൽകണമെന്നും നല്ല നാഥൻ നിഷ്കർഷയോടെ നിർദ്ദേശിക്കുന്നു.
” പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രനെയും ആദരിക്കണം “(യോഹ. 5: 23 ). യോഹ 5: 26 വ്യക്തമാക്കുന്നത് പരമപ്രധാനമായ മറ്റൊരു സത്യമാണ്.” പിതാവിനും തന്നി ൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉണ്ടാകാൻ അവിടുന്ന് വരം നൽകിയിരിക്കുന്നു.” ഞാൻ വഴിയും സത്യം ജീവനുമാണെന്ന് മിശിഹാ തമ്പുരാന്റെ പ്രഖ്യാപനം എത്ര വലിയ യാഥാർത്ഥ്യമാണെന്ന് 5 :26 വെളിപ്പെടുത്തുന്നു.
യോഹ. 12: 44,45 ഈശോയുടെ പ്രസ്താവം പരമപ്രധാനമാണ്. അവിടുന്ന് ആധികാരികമായി പറയുന്നു. ” എന്നെ വിശ്വസിക്കുന്നവൻ എന്നിലല്ല,എന്നെ അയച്ചവനിലാണ് വിശ്വസിക്കുന്നത്. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു
യോഹ 14:17ൽ ഈശോ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക: “നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു “.
യോഹാ. 14: 9 ൽ ഈശോ പ്രസ്താവിക്കുന്നു :” എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു”. അങ്ങേയറ്റം സത്യവും വ്യക്തവുമാണ് യോഹ. 10 :30. ” ഞാനും പിതാവും ഒന്നാണ്”. ഈശോ ആര് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാണ്അ വിടുത്തെ ഈ സ്വയാവബോധം.
പരിശുദ്ധ ത്രിത്വത്തിലെ mutual indwelling നെ കുറിച്ചും ഈശോ പരാമർശിക്കുന്നു. അതായത്,പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ, പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരാവാസത്തിലാണ്. പിതാവ് പുത്രനിലും പരിശുദ്ധാത്മാവിലും ആണ്. പുത്രൻ പിതാവിലും പരിശുദ്ധാത്മാവിലും ആണ്. പരിശുദ്ധാത്മാവ് പിതാവിലും പുത്രനിലുമാണ്. ചുരുക്കത്തിൽ ദൈവം ഏകനാണ് ഒപ്പം അവിടുന്ന് ത്രിത്വവുമാണ്.
പിതാവുമായുള്ള പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും സമാനതയും വ്യക്തിത്വത്തിലുള്ള വൈവിധ്യവും ക്രൈസ്തവ വിശ്വാസത്തിന്റെ പരമകാഷ്ഠയും മഹാ രഹസ്യങ്ങളുടെ രഹസ്യവുമാണെന്ന് കത്തോലിക്കാ തിരുസഭ വിശ്വസിച്ചേറ്റുപറയുന്നു. തന്റെ ദൈവത്വത്തിലുള്ള ആത്മബോധം ഈശോമിശിഹായിൽ സദാ ജ്വലിച്ചു നിന്നിരുന്നു.