“നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ” ലൂക്കാ 10 :20.
ഞാൻ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ എത്തുന്നത്. അത് എനിക്ക് വലിയ ഒരു അത്ഭുതം ആയിരുന്നു. അന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, ” അമ്മേ, നമ്മൾ ചന്ദ്രനിൽ എത്തി.ഇനി ദൈവം എവിടെ പോകും? “
നാം ദൈവത്തിലേക്കുള്ള യാത്രയിലാണ് എന്ന ചിന്ത അന്നേ മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ ചിന്ത വാസ്തവത്തിൽ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ കോറിയിടപ്പെട്ടിരിക്കുന്നു. ഈ ബോധത്തിന് ആഴത്തിൽ നിന്നാണ് വിശുദ്ധ അഗസ്റ്റിൻ സ്വയം പറയുന്നത്, “നിന്നിൽ അലിയു വോളം എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും”.
അപ്രകാരം നോക്കുമ്പോൾ മനുഷ്യജീവിതത്തിലെ വളരെ നൈസർഗികമായ ചോദ്യമാണ് യേശുവിന്റെ അടുക്കൽ എത്തിയ ചെറുപ്പക്കാരൻ ചോദിക്കുന്നത്. ” നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം? ” കാരണം മനുഷ്യന്റെ മനസ്സ് ഈ ലോകത്തിന് അപ്പുറത്ത് തന്നെ കാത്തിരിക്കുന്ന ജീവിതത്തെക്കുറിച്ച് സദാ ചിന്തിക്കുന്നുണ്ട്. അതിനാലാണ് “എത്ര വൈകി ദൈവമേ, നിന്നെ കണ്ടെത്താൻ…… എന്ന് വിശുദ്ധ അഗസ്റ്റിൻ വിലപിച്ചതും.
എന്നാൽ ഇനി നിന്റെ ഒരു ചിന്ത അങ്ങനെയല്ല ‘ നാളെ എന്തോ ലഭിക്കുമെന്ന് കരുതി ഇന്നത്തെ സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ട. ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ച് ജീവിക്കേണ്ടതില്ല. വെറുതെ മണ്ടന്മാർ ആകരുത്’. ഇപ്രകാരം ചിന്തിക്കുന്ന ഒരാളെ നാം തിരുവചനത്തിൽ കാണുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വിളവ് വയലിൽ നിന്ന് ലഭിച്ച വ്യക്തി. അദ്ദേഹം സ്വന്തം ആത്മാവിനോട് പറയുന്നത് ഞാനെന്റെ അറപ്പുര കൾ വലുതാക്കി പണിയും. അനേകം വർഷങ്ങളിലേക്കുള്ളത് ഞാൻ ശേഖരിച്ചു കഴിഞ്ഞു. ഇനി സുഖിച്ച് ജീവിക്കുമെന്നാണ്. എന്നാൽ കർത്താവ് അവനെ ഭോഷൻ എന്ന് വിളിക്കുന്നു. ഭോഷൻ എന്നാൽ വിഡ്ഢി വെറും വിഡ്ഢി അല്ല പമ്പരവിഡ്ഢി എന്നാണ് അർത്ഥം.
” ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെടും ; അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നത് ആരുടേത് ആകും?( ലൂക്കാ 12 :20) – ഇതാണ് കർത്താവിന്റെ ചോദ്യം. ആത്മാവ് തിരികെ ദൈവത്തിലേക്ക് ചേരാൻ ഉള്ളതാണ്. അതിനാൽ ദൈവസന്നിധിയിൽ സമ്പന്നൻ ആവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്കുവേണ്ടി സമ്പത്ത് ശേഖരിക്കുന്നവന് ആത്മാവ് നഷ്ടപ്പെട്ടാൽ പിന്നെ എന്ത് സൗഭാഗ്യമാണ് ആസ്വദിക്കാൻ ആവുക? അതിനാൽത്തന്നെ വരാനിരിക്കുന്ന സൗഭാഗ്യത്തെ കുറിച്ച് പരിചരിക്കാതെ ഇപ്പോൾ കാണുന്നതെല്ലാം ഈ ലോകത്തിന്റെ പ്രതാപം ആണെന്ന് കരുതി ജീവിക്കുന്നവനെ ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കാൻ കഴിയാത്ത മണ്ടൻ എന്ന് വിളിക്കേണ്ടി വരും.
എപ്പിക്യൂറസ് അങ്ങനെയാണ് കരുതിയത്. എപ്പിക്കൂരിയൻ ചിന്ത ഒരു സംസ്കാരത്തെ തന്നെ നശിപ്പിച്ചു കളഞ്ഞതും അങ്ങനെയാണ്. ‘ നാളെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇപ്പോൾ ജീവിതം ആസ്വദിക്കുക ‘- ഈ തത്വചിന്ത റോമൻ സംസ്കാരം നശിക്കാൻ കാരണമായി. തിന്നു കുടിച്ചു മദിച്ചു ജീവിക്കുക. അതിനായി വൊമിറ്റോറിയാൻ നിർമ്മിക്കപ്പെട്ടു. ഇതു ഇന്നും ആവർത്തിക്കപ്പെടുന്നു.
എന്നാൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ആണ്. അവൻ മണ്ണിൽ അവസാനിക്കേണ്ട പ്രതിഭാസമല്ല. അതിനപ്പുറത്തേക്ക് അവന് ജീവിതമുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ ദൈവീക സുകൃതങ്ങൾ ആവശ്യമാണ്. സഭാപിതാക്കന്മാർ പറയുന്നു,
‘ മനുഷ്യ ജീവിതം നാളേക്ക് ഒരു വിരുന്ന് ആകുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവീക പുണ്യങ്ങളിൽ ആണ്.’
ലൂക്കാ പതിനൊന്നാം അധ്യായത്തിൽ രാത്രിയിൽ കതകടച്ചു കിടന്ന സുഹൃത്തിന്റെ അരികിൽ വരുന്ന ആളുടെ കഥപറയുന്നു. ആഗതൻ മൂന്ന് അപ്പം ചോദിക്കുമ്പോൾ അത് നൽകിയില്ലെന്നാണ് ആദ്യം സുഹൃത്ത് പറയുന്നത്. താൻ കിടന്നു, കുഞ്ഞുങ്ങളും എന്നോടൊപ്പമുണ്ട് എന്നിങ്ങനെയുള്ള തടസ്സങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. എന്നാൽ പിന്നീട് ആഗതന്റെ നിർബന്ധം സഹിക്കാതെ മൂന്ന് അപ്പം കൊടുക്കുകയാണ്. പിന്നീടുള്ള വചനഭാഗങ്ങൾ നോക്കുക. ചോദിക്കുവിൻ ലഭിക്കും, അന്വേഷിക്കുവിൻ കണ്ടെത്തും, മുട്ടുവിൻ തുറന്നുകിട്ടും, ചോദിക്കുന്നതിലും കൂടുതൽ പരിശുദ്ധാത്മാവിനെ നൽകും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അവിടെ കാണുന്നത്. ഈ വചനഭാഗത്തിൽ വിവരിക്കപ്പെടുന്ന 3 അപ്പം സ്വർഗീയദാനങ്ങളായ 3 പുണ്യങ്ങൾ ആണ്. ഈ സ്വർഗ്ഗീയ ദാനങ്ങൾ സ്വീകരിച്ച് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം നാളേക്ക് വിരുന്ന് ആകുന്നത്. ഒരാളുടെ ജീവിതം വലിയ വിഭവമായി രൂപാന്തരപ്പെടുന്നത് ഈ ദൈവിക സുകൃതങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ്.
മത്തായി 25ൽ അതിനെപ്പറ്റി വിവരിക്കുന്നുണ്ട്. അവിടെ കാഴ്ചയുടെ പ്രത്യേകതയാണ് അന്ത്യവിധിയിൽ രണ്ടായി തിരികെ പ്പെടുന്നതിന്റെ മാനദണ്ഡം. നിത്യതയുടെ ദൈവിക സുകൃതങ്ങളുടെ കണ്ണുകൾകൊണ്ട് ജീവിതത്തെ കണ്ടവർ അതിനനുസരിച്ച് അർത്ഥപൂർണ്ണമായ ജീവിച്ചു. അല്ലാത്തവർ ആകട്ടെ, ജീവിതത്തിൽ അപ്പോഴത്തെ സന്തോഷങ്ങൾ മാത്രം ആസ്വദിച്ചുകൊണ്ട് വിലപ്പെട്ട പലതും പരിഗണിക്കാൻ വിട്ടുപോയി. നിത്യതയുടെ കണ്ണുകൊണ്ട് കണ്ടാൽ ഈ ലോകം നൈമിഷികമാണ്. ഞാനൊരു തീർത്ഥാടനത്തിൽ ആണ് എന്നാൽ ഈ ലോകത്തിന്റെ കണ്ണടയാണ് എന്റെ കണ്ണുകൾക്കു മേൽ ധരിച്ചിരിക്കുന്നത് എങ്കിൽ ഞാൻ ഒരു മൺകൂനയിൽ അവസാനിക്കും. വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ വാക്കുകൾ ഓർത്തിരിക്കേണ്ടതാണ്. ” മരണമടഞ്ഞ മണ്ണിൽ അടയ്ക്കപ്പെട്ട ഒരു ക്രൈസ്തവൻ മണ്ണിൽ വയ്ക്കപ്പെട്ട വിത്താണ്. മുളപൊട്ടാൻ ഉള്ളവനാണവൻ “.
പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവച്ച കൂട്ടുകൾ പരിതപിക്കാറില്ലേ, കുറച്ചുകൂടി അധ്വാനിക്കാൻ ആയിരുന്നു എന്ന്. പക്ഷേ അപ്പോഴേക്കും പരീക്ഷ കഴിഞ്ഞു പോയിരിക്കും. ജീവിതത്തിനുശേഷം അങ്ങനെ ഖേദിക്കാതിരിക്കാൻ ആണ് നിത്യ ജീവിതത്തെ കുറിച്ച് ധ്യാനിക്കേണ്ടത്. അതിനാൽ അല്ലേ വിശുദ്ധ അഗസ്റ്റിൻ പറഞ്ഞത്, “ഞാൻ എത്രയോ മുൻപേ നിന്നെ അറിയേണ്ടതായിരുന്നു നിനക്കുവേണ്ടി ജീവിക്കേണ്ടതായിരുന്നു’.
സ്വർഗ്ഗവും നരകവും ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. എന്തെന്നാൽ അത് യാഥാർഥ്യമാണ്. സ്വർഗ്ഗത്തിന് അനുയോജ്യമായ വിധത്തിൽ എന്റെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് ചെയ്യാനുള്ളത്. വിശ്വാസവും പ്രത്യാശയും സ്നേഹവും ദൈവത്തിൽ നിന്ന് നാം ചോദിച്ചു വാങ്ങണം. അങ്ങനെ സ്വർഗത്തെ സ്വപ്നം കണ്ട് ജീവിക്കാൻ പഠിക്കണം.
‘ ‘നിത്യമാം പ്രകാശമേ നയിക്കെന്നെ നീ…’ എന്ന് വിശുദ്ധ കാർഡിനൽ ന്യൂമാൻ പാടുന്നു. നമുക്ക് അത് ആവർത്തിക്കാം. എന്തെന്നാൽ മനുഷ്യൻ സ്വർഗ്ഗത്തിലേക്ക് പറക്കാൻ ചിറകുകൾ ഉള്ളവനാണ്. അതെ, എനിക്ക് സ്വർഗ്ഗത്തിലേക്ക് പറക്കാൻ കഴിയും. സ്വർഗ്ഗത്തിന് ചേർന്ന എന്റെ ജീവിതം അനേകർക്കുള്ള ആനന്ദ വിരുന്നായി മാറട്ടെ!
മാർ റഫേൽ തട്ടിൽ
ഷംഷബാദ് രൂപതാധ്യക്ഷൻ