നരകം ഒരു യാഥാർഥ്യം ആണെന്ന് വചനാധിഷ്ഠിതമായും തിരുസഭയുടെ പഠനം അനുസരിച്ചും മനസ്സിലാക്കാനുള്ള ശ്രമമാണ് ഇതുവരെ പ്രധാനമായും നാം നടത്തിയത്. നരകത്തിലെ അവസ്ഥ എന്തെന്ന് കൂടി അല്പം ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാം. വെളിപാട് ഗ്രന്ഥത്തിൽ നരകത്തിന്റെ അവസ്ഥയെ “അഗ്നി തടാകം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.’ മൃത്യുവും പാതാളവും അഗ്നി തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണ് രണ്ടാമത്തെ മരണം. ജീവന്റെ ഗ്രന്ഥത്തിൽ പേര് എഴുതപ്പെടാത്ത വരെല്ലാം അഗ്നി തടാകത്തിലേക്ക് എറിയപ്പെട്ടു (20: 14 ). മനുഷ്യന്റെ തിന്മയ്ക്ക് ഉള്ള ശിക്ഷ മാത്രമല്ല തടാകം. സത്യത്തിന്റെയും നീതിയുടേയും സാകല്യ പുന സ്ഥാപനവും ഇത് വിളിച്ചറിയിക്കുന്നു. ജീവന്റെ ഗ്രന്ഥത്തിൽ പേര് എഴുതപ്പെടാത്തവർ നിത്യ ശിക്ഷയ്ക്ക് നിത്യ നരകത്തിന് അർഹരാണ്. ഈശോയെ നാഥനും കർത്താവും രാജാവും ദൈവവുമായി സ്വീകരിക്കാതെ, അവിടുത്തെ വാക്കുകൾ അനുസരിച്ച് ജീവിക്കാതെ, സാത്താന്റെ സംസ്കാരത്തിന് ആസക്തികളാലോ,വിഗ്രഹാരാധനയാലോ, മറ്റു തിന്മകളാലോ പൂർണ്ണമായി വശംവദരാകുന്നവർ അവന്റെ തന്നെ അന്ത്യമായ നിത്യ നാശത്തിന് അർഹരാകും . ഒരുവൻ എടുക്കുന്ന തീരുമാനങ്ങളും ചെയ്തുകൂട്ടുന്ന പ്രവർത്തികളും ആണ് അന്തിമ വിധി യുടെ മാനദണ്ഡം.
നരകത്തിലെ അവസ്ഥ എന്തെന്ന് അത് സന്ദർശിക്കാൻ സർവ്വശക്തൻ അനുവദിച്ച ചില വിശുദ്ധാത്മാക്കൾ ഉണ്ട്. സെന്റ് തെരേസാസ് ഓഫ് ആവില. ആവിലായിലെ വിശുദ്ധ ത്രേസ്യ… അവരും മറ്റുചിലരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യങ്ങളും തിരുവചനവും ദൈവശാസ്ത്രവും മറ്റും സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളുടെ വെളിച്ചത്തിലാണ് താഴെപ്പറയുന്നവ രേഖപ്പെടുത്തുക.
ഒന്നാമതായി നിരന്തരവും നിത്യവും ആയ പീഡകൾ, അസഹനീയവും അസാധാരണവുമായ വേദനകൾ, അസഹനീയമായ ചൂട് (അഗ്നി തടാകം അല്ലേ ) സഹിക്ക വയ്യാത്ത ദുർഗന്ധം ഇവയൊക്കെ നരകത്തിലെ അവസ്ഥകളാണ്.
രണ്ടാമതായി അഗ്നി തടാകത്തിൽ ഉള്ളവർ ഒടുങ്ങാത്ത മാനസികസംഘർഷത്തിലും കടുത്ത വിഷാദത്തിലും ആയിരിക്കും. ഈശോ അരുളിച്ചെയ്ത വിവാഹവിരുന്നിന്റെ ഉപമ (മത്തായി 22: 1 -14 )യിൽ ത്തന്നെ ഈ അവസ്ഥയെ കുറിച്ച് വ്യക്തമായ പരാമർശമുണ്ട്. ഇത് സൂചിപ്പിക്കാൻ അവിടുന്ന് ഉപയോഗിക്കുന്ന പ്രയോഗം “കരച്ചിലും പല്ലുകടിയും’ എന്നാണ്. വാ.13. യേശു വീണ്ടും ഉപമകള്‍വഴി അവരോടു സംസാരിച്ചു:
സ്വര്‍ഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.
വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന് ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു.
വീണ്ടും അവന് വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍.
എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന് വയലിലേക്കും, വേറൊരുവന് വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
മറ്റുള്ളവര്‍ ആ ഭൃത്യന്മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു.
രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
അനന്തരം, അവന് ഭൃത്യന്മാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു.
അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍.
ആ ഭൃത്യന്മാര് നിരത്തുകളില്‍ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.
രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന് മൗനം അവലംബിച്ചു.
അപ്പോള്‍ രാജാവ് പരിചാരകന്മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
മത്തായി 22 : 1-14.
പതിമൂന്നാം വാക്യമാണ് സവിശേഷശ്രദ്ധ ആകർഷിക്കുന്നത്. ഉപമിക്കുക പൊതുവിൽ ഒരു യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുണ്ട്. വിവാഹ വസ്ത്രം ധരിക്കാത്ത വ്യക്തിയെ കൈകാലുകൾ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് എറിയാൻ രാജാവ് പരിചാരക രോട് കൽപ്പിക്കുന്നു. പുറത്തെ അന്ധകാരം, വിലാപം, പല്ലുകടി, ഇവയെല്ലാം അന്ത്യവിധി യുമായി ബന്ധപ്പെട്ട പ്രതീകങ്ങളാണ്. ദുഷ്ടർക്കും പാപി കൾക്കും രക്ഷ നൽകാനാണ് ഈശോ വന്നത്. അതിന് അവർ പശ്ചാത്തപിക്കുകയും പാപ മാർഗ്ഗം ഉപേക്ഷിക്കുകയും ദൈവപുത്രനായ ഈശോ മിശിഹായിൽ വിശ്വസിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അതായത് അവർ കൃപയിൽ പ്രസാദ്വരത്തിൽ (grace) ആകണം. ഈ പ്രസാദവരത്തെ ആണ് ഉപമയിലെ ‘വിവാഹവസ്ത്രം’ സൂചിപ്പിക്കുന്നത്.അനു തപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുകയാണ് നിത്യ രക്ഷയ്ക്കുള്ള ഏകമാർഗ്ഗം.
നരകത്തിൽ ഉള്ളവർ സദാ അവർണ്ണനീയവും അഗാധവു മായ ദുഃഖത്തിലാണ്- തീരാ ദുഃഖം. ഇക്കാര്യമാണ് “വിലാപം” സൂചിപ്പിക്കുന്നത് എന്ന് അന്യത്ര സൂചിപ്പിച്ചല്ലോ. ഒപ്പം ദൈവത്തെ നഷ്ടപ്പെട്ടതിൽ ഉള്ള ദുഃഖവും ആണിത്. ഇനി രക്ഷയില്ല എന്ന അറിവാണ് പല്ലു കടിക്കു നിദാനമായി നിൽക്കുന്നത്. ഒരിക്കലും അവസാനിക്കാത്ത തിന്മയുടെ ഭരണമാണ് നരകത്തിൽ നടക്കുക. അന്യത്ര പരാമർശിച്ച സകലപാപങ്ങളും, വെറുപ്പ്,വിദ്വേഷം, വൈരാഗ്യം, പ്രതികാരം, അശുദ്ധി, ദുർ വൃത്തി,അഹങ്കാരം,അതൃപ്തി, അസൂയ… എല്ലാം കൊടികുത്തിവാഴുന്ന അവസ്ഥയാണിത്. Total and callous depravity.
നിലയ്ക്കാത്ത ഏകാന്തത നരകത്തിന്റെ മറ്റൊരു അനുഭവമാണ്. ഒന്നിന് ഒന്നിനെയും കണ്ടുകൂടാ.ആരും ആർക്കും കൂട്ടില്ല ;കൂട്ടായ്മയും ഇല്ല. തങ്ങളുടെ സൃഷ്ടാവിനെ ഒരിക്കലും കാണാൻ കഴിയില്ലെന്ന സത്യം ഓരോരുത്തർക്കും ഭീകരവും ഭയാനകവും ആയി അനുഭവപ്പെടുന്നു. ഈ അനുഭവങ്ങളെല്ലാം നിത്യവും ആണെന്നുള്ളതാണ് ഏറ്റവും ഖേദകരവുംപരിതാപകരമായ വസ്തുത. നശിക്കുന്ന ആത്മാക്കൾക്ക് മാത്രമല്ല സങ്കടം, ദൈവത്തിനും (പരിശുദ്ധത്രിത്വത്തിനും ) പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ യൗസേപ്പി നും സ്വർഗ്ഗം മുഴുവനും സങ്കടമാണ്. ദൈവത്തിൽനിന്നും സ്വർഗ്ഗത്തിൽനിന്നും എന്നേക്കുമായി വേർപെടുന്ന നരകത്തിൽ നിപതി ക്കുന്ന ആത്മാക്കൾ. എന്നെന്നേക്കുമായി നരകത്തിന് അധിപനായ സാത്താന്റെ അടിമത്തത്തിൽ ആയിരിക്കും. പെട്ടുപോകുന്ന വർക്ക് അവനിൽ നിന്ന് രക്ഷപ്പെടുക അസാധ്യം. അതുകൊണ്ട് “ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിൻ (ഫിലി.2 :12 ).