അനുഗ്രഹത്തിന്റെ വഴികളെ നമുക്ക് ജീവിതവിജയത്തിന്റെ പാതകളെന്നു വിളിക്കാം. അനുഗ്രഹം കൂടാതെ ആർക്കും ജീവിതത്തിൽ വിജയിക്കാൻ സാധിക്കുകയില്ല. കാരണം മനുഷ്യന്റെ പ്രയത്നങ്ങളെക്കാളുപരി ദൈവത്തിന്റെ അനുഗ്രഹമാണ് വിജയങ്ങൾക്കു അടിസ്ഥാനം. സങ്കീർത്തകൻ ഇപ്രകാരം പറയുന്നു
‘അതിരാവിലെ എഴുന്നേൽക്കുന്നതും വളരെ വൈകി കിടക്കാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത ഉപജീവിക്കുന്നതും വ്യര്ഥമാണ്. തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു’ (സങ്കീ 127 :2 )
നമ്മുടെ അത്യധ്വാനത്തെയല്ല, ദൈവത്തിനു സംപ്രീതികരമായ ഒരു ജീവിതത്തെയാണ് ദൈവം അനുഗ്രഹിക്കുന്നത്. അധ്വാനിക്കാതെ അലസമായി കിടന്നുറങ്ങണമെന്നല്ല ഇതിന്റെ അർഥം. അലസത ദൈവം ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല അതൊരുപാപവുമാണ്. ദൈവം തന്റെ അനുഗ്രഹം ഏറ്റവും അധികം വർഷിക്കുന്നത് നമ്മുടെ മാതാപിതാക്കളിലൂടെയാണ്. അവരെ സ്നേഹിക്കാതെയും അനുസരിക്കാതെയും നമുക്ക് അനുഗ്രഹം ലഭിക്കുകയില്ല. ചെറുപ്പത്തിൽ തന്നെ ഈ സത്യം ഗ്രഹിക്കുന്നവർ ഭാഗ്യവാന്മാരാണ്.
നന്നായി പഠിച്ച് ഉന്നതവിജയം നേടിയാണ് സാബു ജർമ്മനിയിൽ ഒരു ജോലി സമ്പാദിച്ചത്. കൈനിറയെ ശമ്പളം വാങ്ങുമ്പോൾ സാബുവിന്റെ മനസ്സിൽ ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളു. കുടുംബത്തെ കരകയറ്റുക. സഹോദരങ്ങളെ കൈയയച്ചു സഹായിക്കണം. സഹോദരിമാരെ വിവാഹം വിവാഹം കഴിപ്പിച്ചയയ്ക്കണം. സാബു സമ്പാദിച്ചതിലേറെയും അതിനായി ചെലവഴിച്ചു. ഒടുവിൽ വൃദ്ധരായ മാതാപിതാക്കളോടൊപ്പം നാട്ടിൽ ജീവിക്കണമെന്ന ആഗ്രഹത്തോടെ കുടുംബസമേതം നാട്ടിലേക്കു മടങ്ങി വന്നു. നീണ്ട വർഷങ്ങൾ തനിക്കു നഷ്ടമായ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹം കിട്ടാൻ അവൻ ആഗ്രഹിച്ചു. എന്നാൽ നാട്ടിൽ എത്തിയപ്പോൾ കണ്ട കാര്യങ്ങൾ അവനെ വിസ്മയിപ്പിച്ചു. തങ്ങളുടെ ഓഹരിക്കുവേണ്ടി കലഹിക്കുന്ന സഹോദരങ്ങളെയാണ് അവൻ കണ്ടത്. ഓഹരി പങ്കിട്ടപ്പോൾ എല്ലാവര്ക്കും വേണ്ടി വിദേശത്തു കഷ്ടപ്പെട്ട ബാബുവിന് വീടും അൽപ്പം കൂടുതൽ സ്ഥലവും നൽകാൻ അപ്പൻ ആഗ്രഹിച്ചു. അതും സഹോദരങ്ങൾ എതിർത്ത്. സാബു ശാന്തനായി അപ്പനോട് പറഞ്ഞു. എനിക്ക് വീടും സ്ഥലവും അല്ല, അപ്പന്റെ അനുഗ്രഹമാണ് വലുത് . അവൻ മാതാപിതാക്കളുടെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങി കുടുംബസമേതം ഒരു വാടകവീട്ടിലേക്കുമാറി താമസിച്ചു. കൈകളിൽ ഉണ്ടായിരുന്ന പണം കൊണ്ട് ഒരു ചെറിയ കച്ചവടം തുടങ്ങി. ദൈവാനുഗ്രഹത്താൽ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. ഇന്ന് സാബു വലിയ ബിസിനസ് സംരംഭങ്ങളുമായി സമൃദ്ധിയിലും സന്തോഷത്തിലും കഴിയുന്നു. മാതാപിതാക്കളും ഇന്ന് സാബുവിനോടൊപ്പം ഉണ്ട്. എന്നാൽ സഹോദരങ്ങളാകട്ടെ കഷ്ടപ്പാടും ദുരിതങ്ങളുമായി കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു.
എല്ലാ വിജയങ്ങൾക്കു പിന്നിലും ദൈവത്തിന്റെ കാര്യങ്ങളുണ്ട്. പരാജയങ്ങൾക്കും തകർച്ചകൾക്കും പിന്നിൽ സാത്താന്റെ കൈകളും സുവിശേഷങ്ങളിലെധൂർത്തപുത്രനെ പന്നിക്കൂട്ടിലേക്കയച്ചസാത്താൻ തന്നെയാണ് തങ്ങളുടെ ഓഹരിക്കുവേണ്ടി കലഹിക്കാൻ ഈ സഹോദരങ്ങളെ പ്രേരിപ്പിച്ചത്.
വിജയം നൽകുന്നത് കർത്താവാണ്; കർത്താവിന്റെ അനുഗ്രഹമാണ്. പ്രേത്യേകിച്ചും നമ്മുടെ മാതാപിതാക്കളിലൂടെ നമ്മുടെ മേൽ ചൊരിയുന്ന അനുഗ്രഹം. ‘നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ നിത്യ പർവതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വതഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്തങ്ങളാണ്” (ഉൽപ്പ 49 :26 ).
ഈ അനുഗ്രഹസമ്പത്ത് നമുക്ക് ലഭിക്കരുതെന്നു സാത്താന് നിര്ബന്ധമുള്ളതുകൊണ്ടാണ് മാതാപിതാക്കളെ അവഗണിക്കാൻ അവൻ പ്രേരിപ്പിക്കുന്നതെന്നു തിരിച്ചറിയണം. പ്രിയ കുഞ്ഞുങ്ങളെമാതാപിതാക്കളെ ബഹുമാനിക്കുകയെന്നത് നാലാം പ്രമാണമാണ്; അനുഗ്രഹത്തിന്റെ ഉറവയാണ് മറക്കാതിരിക്കുക.