ബലിയിൽ ഈശോ നമ്മെ മനസ്സിലാക്കുന്നു. അതു നമുക്ക് രക്ഷയാകുന്നു. നാം അവിടുത്തെ അടുത്ത് അറിയുന്തോറും കൂടുതൽ കൂടുതൽ ക്ഷമിക്കാനും സ്നേഹിക്കാനും നമുക്ക് സാധിക്കുന്നു. കാണാൻ ആഗ്രഹിക്കുന്നവന് സ്വയം കാണിക്കയായി കൊടുക്കുന്നവനാണ് നമ്മുടെ കർത്താവ്. പൂ ചോദിക്കുന്നവന് പൂന്തോട്ടം കൊടുക്കുന്നവനാണ് അവിടുന്ന്.
സഭയുടെ ചങ്കും വിശാലമായ ചക്രവാളവുമാണ് വിശുദ്ധ കുർബാന. അതു നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാകുമ്പോൾ നമ്മുടെ അലകുംപിടിയും മാറും. നാം തീഷ്ണതയോടെ ദിവ്യബലിയിൽ സംബന്ധിക്കണം. ആദിമ ക്രൈസ്തവരേപോലെ താൽപര്യപൂർവം ബലിയർപ്പിക്കണം. കുർബാനയ്ക്ക് ശേഷം നന്ദി പറഞ്ഞു കൊണ്ടിരിക്കണം. പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു നന്ദി പറയുക. ഭക്തിപൂർവം ബലിയർപ്പിക്കുന്നവർ ഈശോയുടെ തിരുമുറിവുകളിലാണ് ഇരിക്കുന്നത്. ഒരു പുതിയ സമർപ്പണ മനോഭാവത്തോടെ വേണം ഓരോദിവസവും ബലിയർപ്പിക്കാൻ. ഓരോ കുർബാനയും പുത്തൻ കുർബാനയാണ്.
യോഗ്യതയോടെ ബലിയർപ്പിക്കുന്ന വർ ദൈവാലയം ആയി മാറും
യോഗ്യതയോടെ ബലിയർപ്പിക്കുന്നവരിൽ പരിശുദ്ധാത്മാവ് വന്നു വാസം ചെയ്യും. അവിടുന്ന് നമ്മെ എല്ലാ നന്മയും പഠിപ്പിക്കും. തിന്മയെ ദൂരെ അകത്തും മുറിയുന്ന തിരുവോസ്തിയിൽ നിറവാർന്ന സ്നേഹമാണ് നാം കാണുക. ഉയരുന്ന കാസയിൽ നമുക്ക് ഒഴുകുന്ന സ്നേഹധാര നമുക്ക് കാണാം. എല്ലാ മുറിവുകളും കുറവുകളും കാസയിലും പീലാസയിലുമായി കാഴ്ചവെച്ച് വല്ലഭനെ നാം വാഴ്ത്തണം. ഓരോ നിമിഷവും ദൈവകൃപ നമ്മിലേക്കൊഴുക്കുന്ന സ്നേഹനിർഝരിയാണ് പരിശുദ്ധ കുർബാന. ജീവാത്മാവ് പരമാത്മാവിൽ ലയിക്കുന്ന, ലയിക്കേണ്ട സുന്ദര നിമിഷമാണ് പരിശുദ്ധ കുർബാനയുടെ നിമിഷം.’ ആത്മനാഥാ ഞാൻ, നിന്നിൽ ചേരണം’.