” അവരെല്ലാവരും ഒന്നായിരിക്കാൻ വേണ്ടി, പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലുമായിരിക്കുന്നത് പോലെ അവരും നമ്മിൽ ഒന്നായിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചു വെന്ന് ലോകം അറിയുന്നതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.” (യോഹ. 17: 21)
സഭാ മക്കളുടെ മുഖമുദ്ര എന്ത് എന്നാണ് ഈ പ്രാർത്ഥനകളുടെ പ്രാർത്ഥനയിൽ ഈശോ വ്യക്തമാക്കുക. “അവർ എല്ലാവരും ഒന്നായിരിക്കണം” ഈശോ പിതാവിലും പിതാവ് ഈശോയിലും ഒന്നായിരിക്കുന്നതുപോലെ (അങ്ങ് എന്നിലും ഞാൻ അങ്ങയിലുമായിരിക്കുന്നതുപോലെ) ക്രിസ്തു ശിഷ്യരെല്ലാവരും സഭാ മക്കളെല്ലാവരും ഒന്നായിരിക്കണം. അവർ ഒരേ മനസ്സും ഒരേ ഹൃദയവും ഒരേ ആത്മാവും ഒരേ മനോഭാവവും ഉള്ളവരായിരിക്കണം. എപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കുന്നുവോ അതുപോലെ ക്രൈസ്തവരും പരിശുദ്ധ ത്രിത്വവും സഹോദരുമായും ഒന്നായിരിക്കണം. ഭൂമിയിലെ തന്റെ സഹോദരങ്ങളുമായി ഐക്യപ്പെട്ടിരിക്കുന്നവർക്കേ പരിശുദ്ധ ത്രിത്വവുമായി പൂർണ ഐക്യത്തിൽ ആയിരിക്കാനാവൂ. ഈ സവിശേഷ ഐക്യത്തിൽ ആയിരിക്കുന്നവർക്ക് സ്വർഗ്ഗം അവകാശപ്പെടുത്താൻ കഴിയൂ.
ഈശോ ഹൃദയഭാരത്തോടും, ഹൃദയം ദുഃഖത്തോടും ഏറെ ആകാംക്ഷയോടും പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണിത്. സഭൈക്യത്തെ തകർക്കുന്നവൻ പൈശാചിക സ്വാധീനത്തിലാണ്. അവിടുത്തെ ശത്രുവായ സാത്താൻ ഭിന്നിപ്പിക്കാൻ ഭഗീരഥപ്രയത്നം തന്നെ നടത്തുന്നു. ഭിന്നിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് സാത്താൻ ആണെന്ന കാര്യം അവൻ കെണികളിലൂടെ തന്ത്രപൂർവ്വം ചെയ്യുന്നത് അറിയാതിരിക്കാൻ അവൻ തന്റെ ബലിയാടുകളുടെ ആന്തരിക നയനങ്ങൾ പൂട്ടിക്കെട്ടിക്കളയും. അവൻ നുണയനും നുണയുടെ പിതാവുമാണ്. പാവം വിശ്വാസിയെ മായാവലയത്തിൽ ആക്കാനും തെറ്റ് തെറ്റല്ലെന്ന് അവന്റെ വലയത്തിൽപ്പെടുന്നവരെ ബോധ്യപ്പെടുത്തുന്നതിലും അവൻ വിരുതനാണ്. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും ആണ് (കള്ളൻ) സാത്താൻ വരുന്നത് (യോഹന്നാൻ 10 a ). അനൈക്യത്തിന്റെ അപകടം മനസ്സിലാക്കി അനുതപിച്ചു സഭയോട് ചേർന്ന് നിൽക്കാൻ അങ്ങനെ സഭാ നവീകരണവും ഊർജ്ജസ്വലവും ആത്മാർത്ഥവും സത്യസന്ധവുമാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു. സഭാ പിതാക്കന്മാർ വിഭാവനം ചെയ്യുന്ന നവീകരണത്തിന്റെ കാതലായ പരമ പവിത്രവും ഐക്യത്തിന്റെ ബലിയും കൂദാശയുമായ പരിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുശരീരരക്തങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുന്നതിന് മുമ്പ് ബലിയർപ്പകരെല്ലാം ബോധപൂർവ്വം അനുഭവിക്കേണ്ട സുന്ദരമായ ഒരു അനുതാപ ശുശ്രൂഷ ഉണ്ട്.
അനുതാപത്തിൽ നിന്നുളവാകുന്ന ശരണത്തോടെ
അപരാധങ്ങളിൽ നിന്നു പിന്തിരിഞ്ഞും
പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചും
സഹോദരന്റെ തെറ്റുകൾ ക്ഷമിച്ചും കൊണ്ട് നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.
ഭിന്നതകളും കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസ്സാക്ഷി ശുദ്ധീകരിക്കാം..
ശത്രുതയിലും വിദ്വേഷത്തിലും നിന്ന് നമ്മുടെ ആത്മാക്കളെ വിമുക്തമാക്കാം .
എന്തിന് നമ്മുടെ കുർബാനയുടെ ആരംഭത്തിൽ തന്നെ ഈ വലിയ ആഹ്വാനമുണ്ട്.
അനുരഞ്ജിതരായ് ത്തീർന്നിടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിൻ സ്നേഹമൊടീയാഗം
തിരുമുമ്പാകെയണച്ചീടാം