ഇസ്രായേലിനു, വിജയം ദൈവദാനമാണ്: അവരുടെ കരബലം അല്ല എന്നത് പരമ്പരാഗത ചിന്താഗതിയാണ്. 2 മക്കബായർ 8:1-10:8 ൽ ദൈവം തന്റെ ജനത്തിനു നൽക്കുന്ന രക്ഷയുടെ, വിജയത്തിന്റെ വിവരണമുണ്ട്. 4:1-7:42 ൽ ഇസ്രായേൽ ദൈവത്തെ മറന്നു ജീവിച്ചതിന് വിവരണമാണ്; തുടർന്നുള്ള ഭാഗം, ദൈവം ഇസ്രായേലിനെ കരുതലോടെ, കരുണയോടെ, കരുണാർദ്ര സ്നേഹത്തോടെ സംരക്ഷിക്കുന്നതു വിവരിക്കുന്നു. യൂദാസിന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധങ്ങളുടെ വിജയമാണു പ്രതിപാദിക്കുന്നത്.
തന്റെ ചാർച്ചക്കാരെയും യഹൂദ വിശ്വാസത്തിൽ തുടർന്നു പോന്നവരെയും, ആരുമറിയാതെ, വിളിച്ചുകൂട്ടി ആറായിരത്തോളം ആളുകളുടെ ഒരു സൈന്യം ഉണ്ടാക്കി. എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന തന്റെ ജനത്തെ കടാക്ഷിക്കണമെന്നും അധർമ്മികൾ അശുദ്ധമാക്കിയ ദേവാലയത്തിനുമേൽ കരുണ തോന്നണം എന്നും അവർ കർത്താവിനോട് അതിതീക്ഷ്ണമായി പ്രാർത്ഥിച്ചു. നശിച്ചു നിലംപതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണം എന്നും, കർത്താവിങ്കലേക്ക് ഉയരുന്ന രക്തത്തിന്റെ നിലവിളി കേൾക്കണമെന്നും നിഷ്കളങ്കരായ പൈതങ്ങളുടെ വധവും, അവിടുത്തെ നാമത്തിന് എതിരായ ദൂഷണവും അനുസ്മരിക്കണമെന്നും തിന്മയോടുള്ള അവിടുത്തെ വിദ്വേഷം തെളിയിക്കണമെന്നും അവർ തുടർന്നു പ്രാർത്ഥിച്ചു.
സൈന്യത്തെ ശേഖരിച്ചതോടെ യൂദാസ് ശത്രുക്കളുടെ പേടിസ്വപ്നമായി മാറി. കാരണം, കർത്താവിന്റെ കോപം(ജനത്തിന്റെ അനുതാപവും പ്രാർത്ഥനയും പ്രായശ്ചിത്തവും മൂലം ദൈവത്തിന്റെ കരുണയായി മാറിക്കഴിഞ്ഞിരുന്നു). അവന്റെ വീര പരാക്രമങ്ങൾ എവിടെയും സംസാരവിഷയമായി.
ദൈവത്തിന്റെ കരുണയാൽ യൂദാസ് മേൽക്കുമേൽ ശക്തി പ്രാപിച്ചു(8:1-8). ആ ദിവസത്തിനു വേണ്ടി (യൂദാസ് ശക്തി പ്രാപിച്ച ദിവസം )തങ്ങളെ കാത്തുരക്ഷിക്കുകയും, കരുണയുടെ ആരംഭമായി അതിനെ നിശ്ചയിക്കുകയും ചെയ്ത കർത്താവിനു അവർ നൂറുനൂറു കൃതജ്ഞതയും സ്തുതിയും അർപ്പിച്ചു (8:27). അനുതപിക്കുക, ദൈവത്തിനു സ്തുതി -ആരാധന അർപ്പിക്കുക, അനുഗ്രഹം യാചിക്കുക ഇവയിൽ നിഷ്ഠവയ്ക്കുന്നവർക്കാണ് ദൈവകരുണയ്ക്കു കൂടുതൽ അവകാശം.