പ്രാർത്ഥന കാർമികൻ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് റൂഹാ ക്ഷണ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് മശിഹായുടെ തിരിച്ചു ശരീരരക്തങ്ങളിൽമേൽ ” അവിടുന്ന് ആവസിച്ച് ഇതിനെ ആശീർവദിക്കുകയും പവിത്രീക്കുകയും ചെയ്യട്ടെ” എന്നു പ്രാർത്ഥിക്കുന്നു. ” അർപ്പകരുടെ കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനുംകാരണമാകട്ടെ ” എന്നും കാർമികൻ പ്രാർത്ഥിക്കുന്നു.
രണ്ടാം ഭാഗത്ത് കാർമികൻ ദൈവത്തിന്റെ രക്ഷാകര പദ്ധതിയെ പ്രതി അവിടുത്തെ പ്രകീർത്തിക്കുന്നു; ഒപ്പം അവിടുത്തേക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്നു.
തുടർന്ന് അദ്ദേഹം സജീവവും പരിശുദ്ധവും ജീവദായകവുമായ ദൈവത്തിന്റെ തിരുനാമത്തിനു സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളിലും വിശിഷ്യ പരിശുദ്ധ കത്തോലിക്കാസഭയിലും ശാന്തിയും സമാധാനവും പുലർത്തണമെന്നും സഭയെയും രാഷ്ട്രത്തെയും ഐക്യത്തിൽ സംരക്ഷിക്കണമെന്നും യുദ്ധങ്ങൾ ഒഴിവാക്കണമെന്നും യുദ്ധ പ്രിയരായി ഭിന്നിച്ചുനിൽക്കുന്ന ജനതകളെ ചിതറിക്കണമെന്നും വിനയത്തിലും ദൈവഭയത്തിലും സമാധാനപൂർവ്വവും ശാന്തമായ ജീവിതം നയിക്കാൻ താനുൾപ്പെടുന്ന ആരാധനാ സമൂഹത്തിനും സാധിക്കട്ടെ എന്നും സ്വർഗ്ഗവാസികളുടെ സമാധാനവും ഭൂവാസികളുടെ പ്രത്യാശയുമായ മിശിഹാ യോട് പുരോഹിതൻ പ്രാർത്ഥിക്കുന്നു.
തനന്തരം തന്റെ കാരുണ്യത്തിന് ഒത്ത വിധം ദൈവത്തിന് തന്നോട് കരുണ തോന്നണമേ എന്നും അവിടുത്തെ കാരുണ്യതിരേകത്തിനനുസൃതമായി തന്റെ പാപങ്ങൾ മായ്ച്ചു കളയണമേ എന്നും കാർമ്മികൻ അത്യന്തം എളിമയോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.