സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പം ഈശോ ആണെന്ന് നാം നന്നായി അറിയുന്നു. അതുകൊണ്ട് സ്നേഹപൂർവ്വം (അവിടുത്തെ) തന്നെ സ്വീകരിക്കുന്ന എല്ലാവരും തന്നിൽ നിത്യം ജീവിക്കുകയും സ്വർഗ്ഗരാജ്യം അവകാശപ്പെടുകയും ചെയ്യും എന്ന രഹസ്യം രക്ഷകൻ (ഈശോ )അറിയിച്ചു.
അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകർ ആയ ക്രോവേമാരും സ്രാപ്പേന്മാരും മുഖ്യദൂതരും ബലിപീഠത്തിനു മുന്നിൽ ഭയഭക്തികളോടെ നിന്ന് കടങ്ങളുടെ പൊറുതി ക്കായി മിശിഹായുടെ ശരീരം വിഭജിക്കുന്ന വൈദീകനെ ( മെത്രാനെങ്കിൽ – വൈദിക ശ്രേഷ്ഠനെ ) സൂക്ഷിച്ചു വീക്ഷിക്കുന്നു.
നീതിയുടെ വാതിൽ ഞങ്ങൾക്കായി തുറക്കണമേ. പാപികളെ തന്റെ അടുക്കലേക്ക് വിളിക്കുകയും അനുതാപികൾക്കായി വാതിൽ തുറന്നിടുകയും ചെയ്തിരിക്കുന്ന കാരുണ്യവാനായ കർത്താവേ ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ പ്രവേശിച്ച് രാപകൽ അങ്ങേയ്ക്ക് സ്തുതി പാടട്ടെ.( ഈ സമയം കാർമികൻ തിരുവോസ്തി (ബുക്റ ) ആംഗ്യരൂപേണ കുരിശാകൃതിയിൽ ചുംബിച്ചുകൊണ്ട് ചൊല്ലുന്നു.)
അവർണ്ണനീയമായ ദാനത്തെക്കുറിച്ച് കർത്താവേ അങ്ങേയ്ക്ക് സ്തുതി.
കർത്താവായ ദൈവമേ അങ്ങയുടെ നാമത്തിൽ യഥാർത്ഥമായി വിശ്വസിച്ചുകൊണ്ട് ഈ വിശുദ്ധ രഹസ്യങ്ങളെ ഞങ്ങൾ സമീപിക്കുന്നു. അങ്ങയുടെ പ്രിയ പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരരക്തങ്ങളെ അങ്ങയുടെ അനുഗ്രഹത്താലും കാരുണ്യത്താലും ഞങ്ങൾ വിഭജിച്ച് റൂശ്മ ചെയ്യുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്നേക്കും.
(തിരുവോസ്തി രണ്ടായി മുറിക്കുന്നു. മുറിച്ചവശം കാസായ്ക്ക് നേരെ വരത്തക്കവിധം ഇടതുകൈയിൽ ഉള്ള ഭാഗം പീലാസയിൽ വെക്കുന്നു. അനന്തരം വലതു കൈയിൽ ഉള്ള ഭാഗം കൊണ്ട് തിരുരക്തം കുരിശാകൃതിയിൽ റൂശ്മ ചെയ്യുന്നു.)
നമ്മുടെ കർത്താവീശോമിശിഹായുടെ അമൂല്യമായ രക്തം അവിടുത്തെ ജീവദായകമായ ശരീരംകൊണ്ട് റൂശ്മ ചെയ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
( പീലാസയിൽ ഇരിക്കുന്ന ഭാഗം കയ്യിലിരിക്കുന്ന ഭാഗം കൊണ്ട് കുരിശാകൃതിയിൽ റൂശ്മ ചെയ്യുന്നു ( ഇരുസാദൃശ്യങ്ങളിൽ കുർബാന നൽകുന്നില്ലെങ്കിൽ കൂദാശ ചെയ്ത മറ്റ് തിരുവോസ്തികളുംടെമേലും ഇപ്രകാരം റൂശ്മ ചെയ്യുന്നു )
നമ്മുടെ കർത്താവീശോമിശിഹായുടെ തിരുശരീരം അവിടുത്തെ പാപമോചകമായ രക്തം കൊണ്ട് റൂശ്മ ചെയ്യപ്പെടുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ. ( രണ്ടു ഭാഗങ്ങളും കൂട്ടിച്ചേർത്ത് കാസയുടെ മുകളിൽ പിടിച്ചുകൊണ്ട് ചൊല്ലുന്നു )
സ്തുത്യർഹം പരിശുദ്ധവും ജീവദായകം ദൈവികവുമായ ഈ രഹസ്യങ്ങൾ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ മഹത്വമേറിയ ത്രിത്വത്തിന്റെ ആരാധ്യവും മഹനീയവുമായ നാമത്തിൽ വേർതിരിക്കപ്പെടുകയും പവിത്രീകരിക്ക പെടുകയും പരസ്പരം യോജിക്ക പ്പെടുകയും ചെയ്തിരിക്കുന്നു. കർത്താവായ ദൈവമേ ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലും ഉള്ള വിശുദ്ധ സഭയ്ക്കും ഞങ്ങൾക്കെല്ലാവർക്കും ഈ രഹസ്യങ്ങൾ വഴി കടങ്ങളുടെ പൊറുതി യും പാപങ്ങളുടെ മോചനവും ഉയിർപ്പിലുള്ള പ്രത്യാശയും സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതവും ലഭിക്കുമാറാകട്ടെ. ഇപ്പോഴും എപ്പോഴും എന്നേക്കും.
പരിപൂർണ ദൈവത്വത്തിലും പരിപൂർണ മനുഷ്യത്വത്തിലും
ദിവ്യബലിയിൽ നമ്മുടെ കർത്താവിന്റെ മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം,പുനരുത്ഥാനം, (പെസഹ രഹസ്യങ്ങൾ )ആവർത്തിക്കപ്പെടുന്നു.തന്റെ പരിപൂർണ്ണ ദൈവത്വത്തിലും പരിപൂർണ്ണ മനുഷ്യത്വത്തിലുമാണ് ഈശോ പരിശുദ്ധ കുർബാനയിൽ സന്നിഹിതനാകുന്നത്. അവിടുത്തെ ദൈവത്വത്തിലും മനുഷ്യത്വത്തിലും നാം അവിടുത്തെ ആരാധിക്കണം, സ്തുതിക്കണം,മഹത്വപ്പെടുത്തണം, അവിടുത്തേക്ക് നന്ദി പറയണം “സഗ്ദീ നന്മാർ ലാലാഹൂസാക്, വൽനാശൂസാക് ദ്ലാ പൂ ലാഗ്ഗാ “. ” കർത്താവേ അങ്ങയുടെ അവിഭക്തമായ ദൈവത്വത്തെയും മനുഷ്യത്വത്തെയും ഞങ്ങൾ ആരാധിക്കുന്നു”. ഈശോമിശിഹാ തന്റെ സർവ മഹത്വത്തിലും, പൂർണ്ണ മനുഷ്യത്വവും ദൈവത്വവുമായാണ് പിതാവിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായിരിക്കുക