മാർകോ. 12:28-34
ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?
യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.
നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്തിയോടുംകൂടെ സ്‌നേഹിക്കുക.
രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.
നിയമജ്ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും
അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്‌സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്.
അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന് അകലെയല്ല. പിന്നീട് യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
സുപ്രധാന കല്പനയുടെ രണ്ടാം ഭാഗത്തിനാണ് ലൂക്ക സുവിശേഷകൻ ഊന്നൽ നൽകുന്നത്. അതിനു ഉപോത്ബലകമായി നല്ല സമരയന്റെ ഉപമയാക്കാന് അദ്ദേഹം പ്രാധാന്യം കൽപ്പിക്കുന്നത്. മറ്റു സുവിശേഷങ്ങളിലെങ്ങും ഈ ഉപമ നാം കാണുന്നുമില്ല. നിയമജ്ഞർ ഈശോയെ പരീക്ഷിക്കാനാണ് ശ്രമിച്ചത്. മാത്രവുമല്ല നിയമത്തിലുള്ള അയാളുടെ അവഗാഹം വ്യക്തമാക്കണമെന്ന് ഒരു താന്പോരിമ മനോഭാവവും അയാൾക്കുണ്ടായിരുന്നു. ഇവയൊക്കെ ഈശോയ്ക്ക് തന്റെ അത്യുഭാതവും ബഹുമുഖമാനങ്ങളുള്ളതുമായ ഉപമ അവതരിപ്പിക്കാൻ അവസരമായി.
ലുക്കാ 10:29-37
എന്നാല്‍ അവന്‍ തന്നെത്തന്നെ സാധൂകരിക്കാന്‍ ആഗ്രഹിച്ച് യേശുവിനോടു ചോദിച്ചു: ആരാണ് എന്റെ അയല്‍ക്കാരന്‍?
യേശു പറഞ്ഞു: ഒരുവന്‍ ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു. അവന്‍ കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ടു. അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത്, അവനെ പ്രഹരിച്ച് അര്‍ധപ്രാണനാക്കിയിട്ടു പൊയ്ക്കളഞ്ഞു.
ഒരു പുരോഹിതന്‍ ആ വഴിയേ വന്നു. അവനെക്കണ്ട് മറുവശത്തുകൂടെ കടന്നുപോയി.
അതുപോലെ ഒരു ലേവായനും അവിടെ വന്നപ്പോള്‍, അവനെ കണ്ടെങ്കിലും കടന്നുപോയി.
എന്നാല്‍, ഒരു സമരിയാക്കാരന്‍യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്തു വന്നു. അവനെക്കണ്ട് മനസ്‌സലിഞ്ഞ്,
അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച്, അവന്റെ മുറിവുകള്‍ വച്ചു കെട്ടി, തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്നു പരിചരിച്ചു.
അടുത്ത ദിവസം അവന്‍ സത്രം സൂക്ഷിപ്പുകാരന്റെ കൈയില്‍ രണ്ടു ദനാറ കൊടുത്തിട്ടു പറഞ്ഞു: ഇവന്റെ കാര്യം നോക്കിക്കൊള്ളണം. കൂടുതലായി എന്തെങ്കിലും ചെലവാകുന്നെങ്കില്‍ ഞാന്‍ തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം.
കവര്‍ച്ചക്കാരുടെ കൈയില്‍പ്പെട്ട ആ മനുഷ്യന് ഈ മൂവരില്‍ ആരാണ് അയല്‍ക്കാരനായി വര്‍ത്തിച്ചത്?
അവനോടു കരുണ കാണിച്ചവന്‍ എന്ന് ആ നിയമജ്ഞന്‍ പറഞ്ഞു. യേശുപറഞ്ഞു: നീയും പോയി അതുപോലെ ചെയ്യുക.
ഈ ഉപമയിൽ ദിവ്യനാഥൻ പെസഹാരഹസ്യം മുഴുവൻ സമ്യക്കായി സമാഹരിച്ചിരിക്കുന്നു. മുറിവേറ്റു അർദ്ധപ്രാണനായി കിടക്കുന്ന മനുഷ്യൻ പാപിയായ ‘ഞാൻ’ ആണ്. ഈശോയാണ് നല്ല സമരയൻ. അവിടുന്ന് സ്വയം ബലിയായികൊണ്ടു എന്നെ പിശാചിന്റെ ദാസ്യത്തിൽ നിന്ന് മോചിപ്പിച്ചു എന്നെ ദൈവപൈതലും സ്വർഗത്തിന് അവകാശിയുമാക്കിയിരിക്കുന്നു! ഈശോയെ നന്ദി!