നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു കരുണ ലഭിക്കും. മത്തായി 5 : 6-7
നീതിയ്ക്കുവേണ്ടിയുള്ള വിശപ്പും ദാഹവും സഹിക്കുന്ന വർക്കുള്ള സൗഭാഗ്യം പലപ്പോഴും പീഡിപ്പിക്കപ്പെടുന്നവർക്കു ദൈവം നടത്തിക്കൊടുക്കുന്ന നീതിയായി വ്യാഖ്യാനിക്കാറുണ്ട്. യഥാർത്ഥത്തിൽ എന്റെ ശത്രുക്കളുടെ മുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കി (സങ്കീർത്തനം 23 :5 ) എന്ന സങ്കീർത്തകന്റെ വാക്കുകളും വെളിപാട് പുസ്തകത്തിലെ ശത്രുക്കൾ നോക്കിനിൽക്കെ അവർ ഒരു മേഘത്തിൽ സ്വർഗത്തിലേക്ക് കയറി (വെളിപാട് 11: 12 ) എന്ന വാക്യം തുടങ്ങി നിരവധി വാക്കുകൾ വേദ പുസ്തകത്തിൽ നിന്നുദ്ധരിക്കുവാൻ കഴിയും. എന്നാൽ മത്തായിയുടെ സുവിശേഷ ഭാഗ്യങ്ങളിലെ ആധ്യാത്മിക പശ്ചാത്തലം (ആത്മാവിൽ ദരിദ്രർ..) കണക്കിലെടുക്കുമ്പോൾ ഇവിടെ ദൈവത്തിൽനിന്ന് ശത്രുവിനെതിരെ നീതി നടത്തി കിട്ടുന്നതിനുള്ള വിശപ്പും ദാഹവും അല്ല സുവിശേഷകൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ സത്യം അറിയുന്നതിനും അതനുസരിച്ച് ജീവിതം ക്രമീകരിക്കുന്നതിനും ഉള്ള മനുഷ്യന്റെ ആന്തരികമായ വിശപ്പും ദാഹവും ആണ് ഇവിടെ ഉദ്ദേശിച്ചിരിക്കുക എന്ന് കാണാം. അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന വാഗ്ദാനം സംതൃപ്തിയാണ്. ദൈവഭക്തനും നീതിമാനും ആയിരുന്ന ശിമയോൻ ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനാണ്. ശിശുവായ യേശുവിനെ കയ്യിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് തന്നെ ഇനി സമാധാനത്തിൽ വിട്ടയക്കണമെന്ന് ശിമയോൻ പ്രാർത്ഥിക്കുന്നുണ്ട്. കാരണം സകല ജനതകൾക്കും വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന രക്ഷ കാണുവാൻ അവനു കഴിഞ്ഞിരിക്കുന്നു (ലൂക്ക 2:25-31). ശിമയോൻ തന്നെ ഈ ജീവിതത്തിൽ നിന്ന് തന്നെ വിട്ടയക്കണമെന്ന് പ്രാർത്ഥിക്കുമ്പോൾ തികഞ്ഞ സംതൃപ്തിയോടെ ആണ് അങ്ങനെ പ്രാർത്ഥിക്കുക. നീതിമാന് ദൈവം നൽകുന്ന സംതൃപ്തി ആണത്. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി അറിയുവാൻ മനുഷ്യർ പരിശ്രമിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ നീതി. അത്തരം നീതിക്കു വേണ്ടി ദാഹിക്കുന്നവർക്ക് ശിമയോന് ലഭിച്ചതുപോലെ ദൈവത്തിൽ നിന്ന് സംതൃപ്തി ലഭിക്കും.
കാരുണ്യം മത്തായി സുവിശേഷകന് പ്രത്യേക താല്പര്യമുള്ള വിഷയമാണ്. സഹോദരങ്ങളോട് കരുണ കാണിക്കുന്നവരോട് ദൈവം കരുണ കാണിക്കും എന്ന ആശയം സുവിശേഷത്തിൽ ആവർത്തിച്ചു കാണാം. ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിച്ച യേശുവിനെ നിഷ്കരുണം വിമർശിച്ച ഫരിസേയരോട് അവിടുന്ന് പറഞ്ഞു:
ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. നിർദ്ധനനായ ഭ്രത്യന്റെ ഉപമയിൽ കടം ഇളവു കിട്ടിയ സേവകനോട് യജമാനൻ ചോദിക്കുന്നത് : ഞാൻ നിന്നോട് കരുണ കാണിച്ചത് പോലെ നീയും സഹോദരനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ? എന്നാണ്. യുഗാന്ത്യോന്മുഖ വീക്ഷണത്തിൽ സഹോദരനോട് കാണിക്കുന്ന കാരുണ്യത്തിന് നിർണായകമായ പ്രാധാന്യമുണ്ട്. കരുണ കാണിക്കുന്നവർക്ക് യുഗാന്ത്യത്തിലാണ് യേശുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം അനുഭവപ്പെടുക. ഈ യുഗത്തിൽ വെച്ച് തന്നെ ദൈവം മനുഷ്യനോട് കരുണ കാണിക്കുന്നു.യേശുവിന്റെ രോഗശാന്തിയും മറ്റ് അത്ഭുതങ്ങളും പാപികളോട് ക്ഷമിക്കുന്നതും എല്ലാം ഈ കാരുണ്യത്തിന്റെ ഭാഗമാണ്. യേശു തന്റെ പിതാവിന്റെ കാരുണ്യത്തിന്റെ അവതാരമായിരുന്നു. തന്റെ ശിഷ്യന്മാരിൽ നിന്ന് അവിടുന്ന് അതേ നന്മ പ്രതീക്ഷിക്കുന്നു. നല്ല സമരിയാക്കാരന്റെ ഉപമ കരുണയുള്ളവന്റെ മാതൃകയായി യേശുതന്നെ ചൂണ്ടിക്കാണിച്ചു. അയൽക്കാരനോട് കരുണ കാണിച്ച നല്ല സമരിയാക്കാരനെ പോലെ ജീവിക്കാനാണ് യേശുതന്നെ പരീക്ഷിച്ച നിയമജ്ഞനോട് പറയുന്നത്(ലൂക്ക 10:37 ).
ഹൃദയശുദ്ധിയുള്ളവർ : ദൈവത്തെ കാണുന്നതിന് ഹൃദയശുദ്ധി ആവശ്യമാണെന്ന് യേശു പറയുമ്പോൾ പഴയനിയമ പശ്ചാത്തലത്തിലാണ് അവിടുന്ന് സംസാരിക്കുക. ദൈവാലയത്തിൽ പ്രാർത്ഥിക്കുന്നതിനും ദൈവസന്നിധിയിൽ പ്രവേശനം ലഭിക്കുന്നതിനും നിയമങ്ങൾ ഹൃദയപൂർവ്വം അനുസരിക്കണം. പതിനഞ്ചും,ഇരുപത്തിനാലും സങ്കീർത്തനങ്ങൾ ഈ അർത്ഥത്തിൽ ഹൃദയസ്പർശിയാണ് ( സങ്കീർത്തനങ്ങൾ 24:3- 4). കർത്താവിന്റെ മലയിൽ ആര് കയറും? അവിടുത്തെ വിശുദ്ധ സ്ഥലത്ത് ആര് നിൽക്കും? കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയമുള്ളവൻ.
ദേവാലയത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ ഈ വാക്കുകൾ മനുഷ്യന് ഒരു മുന്നറിയിപ്പാണ്. അവന്റെ ആധ്യാത്മിക യാത്ര എവിടേയ്ക്കാണെന്ന്. സത്യവും നീതിയും അന്വേഷിച്ചു, ദൈവത്തെ തേടിയുള്ള ഒരു യാത്രയാണോ അത്? ദൈവത്തെ അന്വേഷിക്കുന്നവർക്ക് മാത്രമേ അവിടുത്തെ കാണാനാകൂ. പതിനഞ്ചാം സങ്കീർത്തനം ഈ ആശയം കുറെ കൂടി ആഴത്തിൽ അവതരിപ്പിക്കുന്നു. സങ്കീർത്തനം 15: 1- 3 . കർത്താവേ, അങ്ങയുടെ കൂടാരത്തിൽ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയിൽ ആര് വാസം ഉറപ്പിക്കും? നിഷ്കളങ്കനായ ജീവിക്കുന്നവനും നീതി മാത്രം പ്രവർത്തിക്കുകയും ഹൃദയം തുറന്ന് സത്യം പറയുകയും ചെയ്യുന്നവൻ.