അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15 : 7
ഈശോ നൽകുന്ന നിത്യരക്ഷ യുടെ ‘ഹൃദയ’മാണ് സാരസത്താണ് ഈ തിരുവചനം. സത്യസന്ധമായി അനുതപിക്കുന്ന ഹൃദയം ഉണ്ടായിരിക്കുന്നതിന്റെ പ്രധാന്യം ഇനി തിരു വാക്യം സുതരാം സ്പഷ്ട മാക്കുന്നു. അനുതാപവും തജ്ജന്യമായ പാപമോചനവും നിത്യ രക്ഷയും,മാനസാന്തരവും ദൈവത്തിന്റെ കൃപയുടെയും കരുണയുടെയും കാരണകർത്തക്കളാണ്. ഇതേക്കുറിച്ച് ഈശോ വിശുദ്ധ ഫൗസ്റ്റീനയുടെ വെളിപ്പെടുത്തിയത് മനസ്സിലാക്കുന്നത് ഏറ്റവും അനുഗ്രഹ പ്രദമായിരിക്കും. ഈശോ അവൾക്ക് പറഞ്ഞു കൊടുക്കുന്നു.
എല്ലാ കൃപകളും കരുണയിൽ നിന്ന് ഒഴുകി വരുന്നു. അവസാന മണിക്കൂർ നമ്മോടുള്ള അവിടുത്തെ കരുണകൊണ്ട് സമൃദ്ധമായിരിക്കുന്നു. ദൈവത്തിന്റെ നന്മയെ ആരും സംശയിക്കാതെ ഇരിക്കട്ടെ. ഒരു വ്യക്തിയുടെ പാപങ്ങളെ രാവു പോലെ ഇരുണ്ടതാണെങ്കിലും, ദൈവത്തിന്റെ കരുണ നമ്മുടെ ദുരിതങ്ങളെകാൾ ശക്തമാണ്. ഒരു കാര്യം മാത്രമേ ആവശ്യമുള്ളൂ ; കരുണാ സമ്പന്നനായ ദൈവത്തിന്റെ കൃപയുടെ ഒരു രശ്മി കടന്നുവരാൻ തക്കവിധം പാപി തന്റെ ഹൃദയത്തിന്റെ വാതിൽ അൽപമെങ്കിലും തുറന്നാൽ, പിന്നെ ബാക്കി ദൈവം തന്നെ പ്രവർത്തിച്ചുകൊള്ളും. അവസാന മണിക്കൂറിൽ പോലും ദൈവകരുണയുടെ മുൻപിൽ ഹൃദയവാതിൽ അടയ്ക്കുന്ന പാപി എത്ര ദൗർഭാഗ്യവാൻ ആണ്. ഇപ്രകാരമുള്ള ആത്മാക്കൾ ആണ് ഒലിവു തോട്ടത്തിൽ ഈശോയെ മരണതുല്യമായ വേദനയിൽ ആഴ്ത്തിയത്; അവിടുത്തെ ഏറ്റവും കരുണയുള്ള ഹൃദയത്തിൽ നിന്ന് തന്നെയാണ് ദൈവകരുണ ഒഴുകി ഇറങ്ങിയത്.
അതേ, ദൈവത്തിന്റെ മഹാ കരുണയിൽ നിന്നാണ് എല്ലാ കൃപകളും ഒഴുകി വരുക. ഏതൊരുവന്റെയും മരണത്തിന്റെ മണിക്കൂർ അവിടുത്തെ കൃപ സമുദ്രം തന്നെ അവന് അനുഭവവേദ്യമാകും. സർവ്വശക്തനും സർവ്വ സ്നേഹവും സർവ്വ നന്മയും ആയ അവിടുത്തെ നന്മയെ സംശയിക്കാനുള്ള ദൗർഭാഗ്യം ആർക്കും ഉണ്ടാകാതിരിക്കട്ടെ. ഒരുവന്റെ പാപം കർക്കിടക മാസത്തെ കറുത്തവാവ് പോലെ കറുത്തിരുണ്ടതാണെങ്കിലും, എത്ര അന്ധകാര നിബിഡമാണെങ്കിലും, ദൈവത്തിന്റെ കരുണ അന്ധകാരത്തെ വെള്ളി വെളിച്ചമാക്കാൻ പോന്നതാണ് (മതിയാവുന്നതാണ്).
ഒരേയൊരു കാര്യമേ ആവശ്യമുള്ളൂ. കരുണാവാരിധിയായ ദൈവത്തിന് അവൻ തന്റെ ഹൃദയവാതിൽ ധൂർത്തപുത്രന്റെ അനുതാപം പോലെ ഒരു അനുതാപത്തിലൂടെ, ഒന്നു തുറക്കുക.
ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല് ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
വെളിപാട് 3 : 20. അപ്പോൾ കരുണാമയന്റെ കൃപയുടെ രശ്മി ഉറപ്പായും അവനിലേക്ക് കടന്നുചെല്ലും. ഇനി ഈശോ പറയുന്നത് ഏറ്റവും ഭീതിജനകമെങ്കിലും പരമസത്യമാണ്.
അതായത് ഒരുവന്റെ അവസാന മണിക്കൂറിൽ (മരണ മണിക്കൂറിൽ) പോലും തന്റെ ഹൃദയവാതിൽ കരുണക്കടലിന്റെ നേരെ കൊട്ടിയടക്കുന്ന പാപി ദൗർഭാഗ്യവാനിൽ ദൗർഭാഗ്യവാൻ ആയിരിക്കും. ഇത്തരം നിർഭാഗ്യാത്മാക്കൾ കാൽവരി മലമുകളിൽ, മൂന്നാണികളിൽ, മൂന്നുമണിക്കൂർ തൂങ്ങി പിടഞ്ഞു, പിടഞ്ഞ് ഇഞ്ചിഞ്ചായി മരിച്ച ഈശോയെ വീണ്ടും മരണതുല്യമായ വേദനയിലാണ് ആഴ്ത്തുന്നത്. കരുണ മാത്രമായ ആ ഹൃദയത്തിൽ നിന്ന് തന്നെയാണ് ഇപ്പോഴും എപ്പോഴും ദൈവകരുണ ഒഴുകിയിറങ്ങുന്നത്. ലൂക്കാ 15 7 ഒന്നുകൂടെ ഓർക്കാം. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്പതു നീതിമാന്മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15 : 7.
ഡയറി 1396 ഈശോയുടെ ഹൃദയ ദാഹമാണ് അവതരിപ്പിക്കുക.
ഇന്ന് ഈ ശബ്ദം ആത്മാവിൽ ഞാൻ ശ്രവിച്ചു: ഓ പാപികൾ എന്റെ കരുണ മനസ്സിലാക്കിയിരുന്നെങ്കിൽ, ഇത്രയധികം പേർ നശിച്ചുപോവുകയില്ലായിരുന്നു. പാപികളായ ആത്മാക്കളോട് എന്റെ അടുക്കൽ വരുവാൻ അൽപംപോലും ഭയപ്പെടേണ്ടതില്ല എന്ന് പറയുക. ഉന്നതമായ കരുണ കുറിച്ച് അവരോട് സംസാരിക്കുക.
ഓരോ ആത്മാവും തന്റെ തിരുരക്തം തന്റെ ജീവന്റെ മറുവിലയായി കൊടുത്ത് ഈശോ സാത്താനിൽ നിന്നും വാങ്ങിയതാണ്. അതിന്റെ നഷ്ടം മരണ തുല്യമാണ് ദുഃഖമാണ് അവിടുത്തേക്ക് സമ്മാനിക്കുക. ഈശോ ഫൗസ്റ്റീനയ്ക്കു വെളിപ്പെടുത്തുന്നു.
ദൈവം എന്നോട് അരുളിച്ചെയ്തു : “ഓരോ ആത്മാവിന്റെയും നഷ്ട ത്താൽ ഞാൻ മരണതുല്യമായ ദുഃഖം അനുഭവിക്കുന്നു. പാപികളുടെ മാനസാന്തരത്തിൽ വേണ്ടി പ്രാർത്ഥിക്കുമ്പോൾ എല്ലാം നീ എന്നെ ആശ്വസിപ്പിക്കുന്നു. പാപിയുടെ മാനസാന്തരത്തിനുള്ള പ്രാർത്ഥനയാണ് എനിക്ക് ഏറ്റവും പ്രീതികരമായ പ്രാർത്ഥന. എന്റെ മകളേ,അറിയുക ഈ പ്രാർത്ഥന എപ്പോഴും കേൾക്കുകയും അവയ്ക്ക് പ്രത്യുത്തരം നൽകപ്പെടുകയും ചെയ്യുന്നു”.
ഫരിസേയര്‍ ഇതുകണ്ട് ശിഷ്യന്മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്?
ഇതുകേട്ട് അവന് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
മത്തായി 9 : 11-13.
പാപികളാണ് തന്റെ കരുണയ്ക്കു ഏറ്റവും അർഹർ എന്ന് ഈശോ ഫൗസ്റ്റീനയ്ക്കു വെളിപ്പെടുത്തി കൊടുത്തിട്ടുണ്ട്. എന്റെ സെക്രട്ടറി എഴുതുക: നീതിമാൻ മാരോട് എന്നതിനേക്കാൾ ഞാൻ പാപി കളോട് കൂടുതൽ കാരുണ്യം പ്രദർശിപ്പിക്കും. അവർക്ക് വേണ്ടിയാണ് സ്വർഗ്ഗത്തിൽനിന്ന് ഞാൻ ഇറങ്ങി വന്നത് ; അവർക്ക് വേണ്ടിയാണ് ഞാൻ എന്റെ രക്തം ചിന്തിയത് ; എന്റെ അടുക്കൽ വരുവാൻ അവർ ഒട്ടും ഭയപ്പെടേണ്ട ; അവരാണ് എന്റെ കരുണയ്ക്ക് ഏറ്റവും അർഹതയുള്ളവർ.
ഈശോ വീണ്ടും ഫൗസ്റ്റീനയ്ക്കു വ്യക്തമാക്കുന്നു : മാരക പാപത്തിനല്ലാതെ മറ്റൊന്നിനും ആത്മാവിൽ നിന്ന് എന്നെ പുറത്താക്കാൻ സാധ്യമല്ല
ഇന്ന് കർത്താവ് എന്നോട് പറഞ്ഞു : എന്റെ മകളെ എന്റെ ആനന്ദവും സന്തോഷമേ,നിനക്ക് കൃപകൾ നൽകുന്നതിൽനിന്ന് ഒന്നും എന്നെ തടസ്സപ്പെടുത്തുകയില്ല. നിന്റെ ദുരിതാവസ്ഥ എന്റെ കരുണയ്ക്കു പ്രതിബന്ധം അല്ല. എന്റെ മകളെ എഴുതുക. ഒരാത്മാവിനെ ദയനീയത എത്രയധികം ആണോ അത്രയും ശക്തമാണ് എന്റെ കരുണയുള്ള അതിന്റെ അവകാശവും. എല്ലാ ആത്മാക്കളെയും രക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് കൊണ്ട് ആഴം അളക്കാനാവാത്ത എന്റെ കരുണാ സാഗരത്തിൽ ശരണപ്പെടുന്നതിന് എല്ലാവരെയും (പ്രേരിപ്പിക്കുക). കുരിശിൽ വച്ച് കുന്തത്താൽ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം, ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കൾക്കും വേണ്ടി ഉള്ളതാണ്.