ഒരു നല്ല ഭക്ഷണക്രമം ആരോഗ്യമുള്ള ഒരു ശരീരത്തിന് അത്യാവശ്യമാണെന്നു നമുക്കറിയാം. പോഷക സമൃദ്ധമായ ആഹാരം ലഭിച്ചില്ലെങ്കിൽ ശരീര രോഗഗ്രസ്തമാവും. എന്നാൽ നമ്മിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു സത്യം മനുഷ്യരായ നമുക്ക് നല്ല ആഹാരങ്ങൾ കൊണ്ടു മാത്രം ആരോഗ്യം ലഭിക്കുന്നില്ല എന്നതാണ്. ” അപ്പം കൊണ്ട് മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു”. ( ലൂക്കാ.4: 4 ).
ബഞ്ചമിനെ ഞാൻ പരിചയപ്പെടുന്നത് വർഷങ്ങൾക്കുമുമ്പ് സൗദിഅറേബ്യയിൽ വെച്ചായിരുന്നു. അവിടെ ഞങ്ങൾ രണ്ടുപേരും ഒരേ സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത്. ഫിലിപ്പെൻകാരനായ ബെഞ്ചമിൻ സത്യസന്ധനും കഠിനാധ്വാനിയും ആയിരുന്നു. ഒരു വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്നു ബെഞ്ചമിൻ പകൽ മുഴുവൻ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ദീർഘദൂരം വാഹനമോടിച്ച് ജോലിചെയ്തിരുന്നു. എന്നാൽ അതേ ജോലി ചെയ്തിരുന്ന മറ്റുപലരും തങ്ങളുടെ തൊഴിലിനോട് നീതി പുലർത്താതെ ധാരാളം സമയം തങ്ങളുടെ മുറികളിൽ വിശ്രമിക്കുകയും മാസാമാസം ശമ്പളം വാങ്ങുകയും ചെയ്തിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു ക്ഷീണിതനായി മടങ്ങി വന്ന ബെഞ്ചമിനോട് ഞാൻ ചോദിച്ചു. നിങ്ങളുടേതല്ലാത്ത ഈ രാജ്യത്ത് എന്തിനാണ് നിങ്ങൾ ഇത്ര മാത്രം കഷ്ടപ്പെടുന്നത്. മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ശമ്പളം ലഭിക്കുമല്ലോ?.
ബെഞ്ചമിൻ അല്പം ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.
” എനിക്ക് നാട്ടിൽ ഭാര്യയും അഞ്ച് മക്കളും ഉണ്ട്. മറ്റുള്ളവരുടെ ഔദാര്യത്തിൽ അവർ ജീവിക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് വേണം അവർ ഭക്ഷിക്കാൻ “. അധ്വാനിച്ച് നേടുന്ന ഭക്ഷണത്തിന്റെ വില എന്തെന്ന് എന്നെ പഠിപ്പിച്ചത് ബെഞ്ചമിൻ ആണ്. നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് നീ ഭക്ഷണം സമ്പാദിക്കണം എന്നാണ് ദൈവം മനുഷ്യനോട് പറഞ്ഞിരിക്കുന്നത് ( ഉല്പത്തി 3 :19 ). ഇന്ന് അധ്വാനിക്കാതെ പണം നേടുന്നവരാണ് അധികവും. കൈക്കൂലിയും കൊള്ളലാഭവും അന്യായ പലിശയും മദ്യവ്യാപാരവും എല്ലാം അധ്വാനമില്ലാതെ, നെറ്റി വിയർക്കാതെ ധാരാളം പണം നേടിത്തരുന്നു. അങ്ങനെ നേടുന്ന പണംകൊണ്ട് ഭക്ഷിച്ച് അനേകർ രോഗികളായി കഴിയുന്നു. എങ്ങനെയും ഭക്ഷിച്ചു ജീവിക്കേണ്ട ഒരു ജീവി അല്ല മനുഷ്യൻ. അധ്വാനിച്ച് ഭക്ഷിച്ച് ഉന്നതങ്ങളിൽ വസിക്കേണ്ട സൃഷ്ടിയുടെ മകുടം ആണ് മനുഷ്യൻ.
മുനിസിപ്പൽ ഏരിയായിലുള്ള സ്ഥലത്ത് ഒരു വീട് പണിയാൻ അനുവാദം തേടി മൂന്ന് മാസത്തിലേറെ എനിക്ക് നടക്കേണ്ടി വന്നു. കൈക്കൂലി നൽകാത്തതിന് പലതരം ഒഴിവുകഴിവുകൾ പറഞ്ഞു എന്നെ നടത്തുകയായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ. ഒടുവിൽ എന്നിൽ നിന്നും കൈക്കൂലി ലഭിക്കുകയില്ല എന്ന് മനസ്സിലാക്കി മൂന്ന് മാസങ്ങൾക്കു ശേഷം അദ്ദേഹം വീടിന്റെ പ്ലാൻ അംഗീകരിച്ച് തന്നു. ധാരാളം പണം കൈക്കൂലി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. പിന്നീട് ഒരിക്കൽ യാദൃശ്ചികമായി ഇദ്ദേഹത്തെ ഞാൻ കണ്ടുമുട്ടുന്നത്, അപ്പോഴും തുറന്നിട്ടില്ലാത്ത ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ അതിരാവിലെ മരുന്നിനായി കാത്തു നിൽക്കുന്നതാണ്. രണ്ടു മൂന്നു മാസത്തോളം ഇടപെടേണ്ടി വന്നതിനാൽ മുഖപരിചയം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എന്നെ ഞെട്ടിച്ചു. നിരന്തരം രോഗപീഡകളിലൂടെ കടന്നു പോകുന്ന ഒരു കുടുംബമാണ് അദ്ദേഹത്തിന്റെത്. കിട്ടുന്നതിൽ ഏറെ ചെലവഴിച്ചിട്ട് സൗഖ്യമോ അഭിവൃദ്ധിയോ ഉണ്ടാകുന്നില്ല. അന്യായമായി സമ്പാദിക്കുന്ന പണം നമുക്ക് നൽകുന്നത് ദുരന്തങ്ങളാണ്. ഇന്ന് മനുഷ്യൻ സമ്പാദിക്കുന്നതിൽ ഏറെയും ചികിത്സയ്ക്കായി ചിലവാക്കുന്നു എന്ന സത്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. അധ്വാനിക്കാതെ അവിഹിതമായി സമ്പാദിച്ച പണം കൊണ്ട് ഭക്ഷിക്കുന്നത് രോഗ കാരണമായിത്തീരുന്നു.
” അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ” (2തെസ 3:10).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം