ദൈവം മനുഷ്യന് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളിൽ വിലയേറിയതും അത്ഭുതകരവുമായ ഒന്നാണ് അവന്റെ കരയാൻ ഉള്ള കഴിവ്.
” കരയുന്നവരെ നിങ്ങൾ ഭാഗ്യവാന്മാർ നിങ്ങൾ ചിരിക്കും “( ലൂക്കാ. 6: 21 ). ആത്മാവിലും മനസ്സിലും ശരീരത്തിലും ആശ്വാസം പകരുന്ന കണ്ണുനീർ സൗഖ്യദായക മാണ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനയോടെ പകച്ചു നിൽക്കുന്നവരെ നമ്മൾ നിർബന്ധിച്ച് കരയിക്കാറില്ലേ . അവർ കരഞ്ഞ് ആശ്വസിക്കട്ടെ എന്ന് നമ്മൾ പറയും. കണ്ണുനീരിന് രോഗത്തെ സൗഖ്യ പെടുത്താനുള്ള കഴിവുണ്ട്. അത് ആത്മാവിനെ കറകളും മനസ്സിലെ ഭാരവും കഴുകിക്കളയുന്നു. ആത്മാർത്ഥമായി ഉള്ള കരച്ചിൽ നമ്മെ വിശുദ്ധീകരിക്കും. നമ്മുടെ ഹൃദയ ഭാരങ്ങൾ ഉരുകി ഒലിച്ചു പോവുകയും മനസ്സിൽ ലാഘവത്വം അനുഭവപ്പെടുകയും ചെയ്യും.
ഈ സത്യം തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. എന്നാൽ ഇന്ന് കണ്ണീർ ഭീരുത്വത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നു. ഈശോ പോലും തന്റെ പ്രിയ സ്നേഹിതൻ ആയിരുന്ന ലാസറിന്റെ കല്ലറയ്ക്കൽ മുന്നിൽനിന്ന് ഹൃദയം നൊന്തു കരഞ്ഞകാര്യം നമ്മൾ വിസ്മരിക്കുന്നു.
മറ്റുള്ളവരുടെ മുന്നിൽ കാണിക്കാനും സ്വയം ന്യായീകരിക്കാനും വേണ്ടി കരഞ്ഞാൽ കേവല ഭംഗിവാക്ക് കൊണ്ട് അവർ നമ്മെ ആശ്വസിപ്പിച്ചേക്കാം. എന്നാൽ ദൈവസന്നിധിയിൽ നമ്മുടെ ഭാരങ്ങളും രോഗങ്ങളും ഇറക്കിവെച്ച് അനുതാപത്തോടെ കരയണം. അപ്പോൾ ദൈവം നമ്മെ ആശ്വസിപ്പിക്കുകയും സൗഖ്യം പകരുകയും ചെയ്യും. കാരണം ദൈവം നമ്മുടെ സ്നേഹ പിതാവാണ്.
അനുതാപ കണ്ണീർ നമ്മെ പുതിയ സൃഷ്ടികൾ ആക്കുന്നു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയ്ക്ക് സ്വർഗ്ഗം തുളച്ചു കയറാനുള്ള ശക്തിയുണ്ട്. ” കണ്ണീരിന്റെ താഴ്വരയിൽനിന്ന് വിങ്ങിക്കരഞ്ഞു അങ്ങേപ്പക്കൽ നെടുവീർപ്പിടുന്നു” എന്നാണ് ” പരിശുദ്ധ രാജ്ഞി…’ എന്ന മാതാവിനോടുള്ള പ്രാർത്ഥനയിൽ നമ്മൾ ദിനംതോറും ചൊല്ലുന്നത്.
അനുതാപവും കണ്ണുനീരും കൂടാതെ ആരെങ്കിലും വിശുദ്ധീകരിക്കപ്പെട്ടതായി പട്ടണം ബൈബിളിൽ നമ്മൾ വായിക്കുന്നില്ല. കണ്ണുനീരിൽ കുതിർന്ന ദാവീദിന്റെ 51 ആം സങ്കീർത്തനം സഭയുടെ അനുതാപ സങ്കീർത്തനം ആണ് . ഒരേ രാവിൽ താൻ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ ഈശോ തന്നെ സ്നേഹത്തോടെ നോക്കിയപ്പോൾ ഹൃദയം നൊന്ത് പൊട്ടിക്കരഞ്ഞ പത്രോസിനെ അവിടുന്ന് തിരുസഭയുടെ അധിപൻ ആക്കി. യേശുവിന്റെ ദിവ്യ പാദങ്ങൾ കഴുകിയ മഗ്ദലന മറിയത്തിന്റെ അനുതാപ കണ്ണീർ അവളെ പുണ്യവതി ആക്കി. അതേ, കണ്ണുനീർ അനുഗ്രഹങ്ങൾക്കും അത്ഭുതങ്ങൾക്കും നിദാനമാണ് .
പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ കണ്ണുനീർ പൊഴിക്കുന്നു എങ്കിൽ അഹങ്കരിക്കാതിരിക്കുക. എന്തെന്നാൽ നിങ്ങളുടെ കണ്ണുകളെ സ്പർശിച്ച് ആത്മീയ കാഴ്ച നൽകിയത് യേശുവാണ് എന്ന വിശുദ്ധ മർക്കോസ് എന്ന താപസ ശ്രേഷ്ഠൻ ( ഫിലോകാലിയ) പറയുന്നു.
മരണാസന്നനായിരുന്ന ഹെസക്കിയാ രാജാവ് ദൈവസന്നിധിയിൽ, വേദനയോടും അനുതാപത്തോടെ കൂടി കരഞ്ഞ് പ്രാർത്ഥിച്ചു. അപ്പോൾ ഏശയ്യാ പ്രവാചകന് കർത്താവിന്റെ അരുളപ്പാടുണ്ടായി. ” നീ ചെന്ന് ഹെസക്കിയാ യോട് പറയുക, നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ പ്രാർത്ഥന ഞാൻ ശ്രദ്ധിച്ചിരുന്നു. നിന്റെ കണ്ണുനീർ ഞാൻ ദർശിച്ചു. ഇതാ നിന്റെ ആയുസ്സ് 15 വർഷം കൂടി ഞാൻ ദീർഖിപ്പിക്കും ” (ഏശയ്യ 38 :15 ).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം