സെന്റ് അഗസ്റ്റിന്റെ വിശ്വവിഖ്യാതവും അവിസ്മരണീയവുമായ ഒരു പ്രസ്താവന ഉണ്ട് :”നല്ല കള്ളൻ കട്ടുകട്ട് സ്വർഗ്ഗവും കട്ടു.
കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്‌ഷിക്കുക!
അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്‌ഷാവിധിയില്‍ തന്നെയാണല്ലോ.
നമ്മുടെ ശിക്‌ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല.
അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!
യേശു അവനോട് അരുളിച്ചെയ്‌തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.
ലൂക്കാ 23 : 39-43
ശ്രദ്ധിച്ചു വായിച്ചാൽ ഈ വചനഭാഗത്ത് സംഭവിക്കുന്ന ഒരു “അത്ഭുതം” വായനക്കാർക്ക് തിരിച്ചറിയാനാവും. അത്ഭുതം വിവേചിച്ചറിയാൻ ധൂർത്ത പുത്രന്റെ ഉപമ ഏറെ സഹായിക്കും ധൂർത്ത പുത്രനനിൽ സംഭവിച്ചത് തന്നെയാണ് വലതുവശത്തെ കള്ളനിലും സംഭവിച്ചത്. ഇവിടെ പഠന വിഷയമാകുന്ന രണ്ടുപേരും തിന്മയുടെ പാതപുൽകിയവരാണ്. മൂക്കറ്റം തിന്മയിൽ മുഴുകി ജീവിച്ചവരുമാണ്.
ഈശോയുടെ ഇടതുവശത്തു, കുരിശിൽ തറക്കപ്പെട്ട കള്ളനും അവസാനംവരെ നാശപാതയിൽ. അവന്റെ വാക്കുകൾ ശ്രദ്ധിക്കുക:” നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക”. പ്രമാണികൾ അവിടുത്തെ പരിഹസിച്ച് പറഞ്ഞത് ഇങ്ങനെയാണ് :” നീ ക്രിസ്തുവാണെങ്കിൽ നീ ദൈവത്തിന്റെ തെരഞ്ഞെടുത്തപ്പെട്ടവൻ ആണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കട്ടെ”(ലൂക്കാ 23:35). പടയാളികളും അവരുടെ പങ്കു നിർവഹിക്കുന്നു. ” നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക”.
(ലൂക്കാ.3:37).. ജനപ്രമാണികളും പടയാളികളും കുറ്റവാളിയിൽ ഒരുവനും ഈശോയെ അങ്ങേയറ്റം പരിഹസിക്കുന്നു.സങ്കീ.22:7,8 ന്റെ പൂർത്തീകരണമാണ് പരിഹാസത്തിൽ നാം കാണുക. ” കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു”. ഈശോ കുരിശ് ഉപേക്ഷിച്ചു സ്വയം രക്ഷിക്കുന്നവനല്ലെന്നും, കുരിശിൽ കിടന്ന് തന്നെയും മറ്റുള്ളവരെയും രക്ഷിക്കുന്നവനാണെന്നും അവിടുന്ന് തെളിയിച്ചു.
ഈശോ നൽകുന്ന രക്ഷയുടെ യഥാർത്ഥ സ്വഭാവം വ്യക്തമാകുന്നത് വലതുവശത്തെ കള്ളന്റെ മനോഭാവത്തിലൂടെയാണ്. അവൻ വ്യക്തമാക്കുന്നത്
1. എല്ലാവരും ദൈവത്തെ ഭയപ്പെടണം.
2. ഈശോ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ശിക്ഷാവിധി അന്യായമാണ്.
നല്ല കള്ളന്റെ വാക്കുകൾ ക്രിസ്തു സാക്ഷ്യമാണ്. ശതാധിപന്റേയും(23:47) പത്രോസിന്റെയും(നട.3:13-15) സാക്ഷ്യങ്ങളുടെ മുൻഗാമിയായ നല്ല കള്ളൻ ആത്മശോധന നടത്തുകയും മാനസാന്തരപ്പെടുകയും ദൈവാശ്രയം ഉറപ്പിക്കുകയും അപരനെ തനിക്കുള്ള രക്ഷകരമനോഭാവത്തിലേക്ക് കടന്നു വരാൻ ക്ഷണിക്കുകയും ചെയ്യുന്നു.
“യേശുവേ, അങ്ങ് അങ്ങയുടെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ”.
ഈശോയെ” ദൈവവും കർത്താവും രാജാവും രക്ഷകനു”മായി സ്വീകരിച്ച് അവിടുത്തോട് അവൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഈശോ സത്വരം മറുപടി നൽകുന്നു:
” നീ ഇന്ന് എന്നോട് കൂടെ പറുദീസായിൽ ആയിരിക്കും”(ലൂക്കാ.23: 43).
” തൊണ്ണൂറ്റൊമ്പത് നീതിമാന്മാരേക്കാൾ അനുതപ്പിക്കുന്ന ഒരു പാപിയെക്കുറിച്ചു സ്വർഗ്ഗം സന്തോഷിക്കും” (ലൂക്കാ.15:17).
സ്വർഗ്ഗപ്രാപ്തി അല്ലേ? ഏറ്റവും വലിയ അത്ഭുതം.