ദൈവവചനത്തിൽ ദൈവം പ്രത്യേകമാംവിധം സന്നിഹിതൻ ആണ്. സുവിശേഷങ്ങൾ സവിശേഷമാംവിധം നമ്മുടെ കർത്താവിനെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ദിവ്യബലിയിൽ ആദ്യന്തം സുവിശേഷ ഗ്രന്ഥം മദ്ബഹാ യിലെ ബലിപീഠത്തിൽ സൂക്ഷിക്കുന്നതും സുവിശേഷ വായനക്ക് മുമ്പും ആഘോഷപൂർവ്വം പ്രദക്ഷിണമായി വചന വേദിയിലേക്ക് കൊണ്ടുവരുന്നതും മനുഷ്യനെ പ്രകാശിപ്പിക്കാൻ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വന്ന ഈശോയെ ആണ് സുവിശേഷ പ്രദക്ഷിണ സമയത്ത് നാം അനുസ്മരിക്കുന്നത്, അനുസ്മരിക്കേണ്ടത് . ഈ സമയത്ത് കാർമികൻ സുവിശേഷം കൊണ്ട് സ്വന്തം മുഖം മറക്കുന്നത് താനല്ല, മിശിഹാ ആണ് സംസാരിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ്.
പ്രദക്ഷിണത്തിനു മുമ്പ് കാർമികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകൾ മേൽപ്പറഞ്ഞ ആശയം വ്യക്തമാക്കുന്നവയാണ്. ” പിതാവിന്റെ മഹത്വത്തിന്റെ തേജസ്സും അവിടുത്തെ പ്രതിരൂപമായ മിശിഹായേ, മനുഷ്യ ശരീരത്തോടെ പ്രത്യക്ഷപ്പെടുകയും ഞങ്ങളുടെ ഇരുളടഞ്ഞ ബുദ്ധിയെ സുവിശേഷത്തിന്റെ വെളിച്ചത്താൽ പ്രകാശിപ്പിക്കുകയും ചെയ്ത നിനക്ക് ഞങ്ങൾ എപ്പോഴും ആരാധനയും സ്തുതിയും കൃതജ്ഞതയും സമർപ്പിക്കുന്നു”. ദൈവവചനം നന്നായി ശ്രവി ക്കുന്നതിന്റെയും ഗ്രഹിക്കുന്നതിന്റെയും ലക്ഷ്യവും പ്രാർത്ഥന വ്യക്തമാക്കുന്നു.” അതുവഴി ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ”. ജീവദായകമായ വചനത്തിന്റെ ഫലങ്ങൾ പ്രകടമാക്കേണ്ടത് വിശ്വാസത്തിലും സ്നേഹത്തിലും പ്രത്യാശയിലും സത്യത്തിലും ആണല്ലോ.