ഞങ്ങളുടെ കൊച്ചുവീടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു നിന്നിരുന്ന പേരയ്ക്ക മാവായിരുന്നു, ബാല്യകാലത്ത് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഓരോവർഷവും നിറയെ കായ്ക്കുന്ന ആ മാവിലെ മാങ്ങകൾ നല്ല മധുരമുള്ള യായിരുന്നു. അതിരാവിലെ ഉണർന്ന് മുറ്റത്ത് വീണു കിടക്കുന്ന പഴുത്തു തുടുത്ത മാമ്പഴങ്ങൾ പെറുക്കി എടുത്തിരുന്നു ഞങ്ങൾ. ആ മാവിനെ ഞങ്ങൾ ഒരുപാട് സ്നേഹിച്ചിരുന്നു.
വീടിന്റെ മുറ്റത്ത് നല്ല ഒരു ഫലവൃക്ഷം നിൽക്കണമെന്ന് നാമെല്ലാവരും ആഗ്രഹിക്കാറുണ്ട്. അതിനായി നട്ടുവളർത്തിയ മരം യഥാകാലം ഫലം തന്നില്ലെങ്കിൽ നമ്മൾ നിരാശരാകും. വെട്ടിക്കളയുകയും പകരം മറ്റൊരു വൃക്ഷത്തെ നട്ടുപിടിപ്പിക്കുകയും ചെയ്യും.
ഫലം തരാത്ത അത്തിമരത്തെ വെട്ടിക്കളയാനാണ് ദൈവം പറഞ്ഞത് (മത്താ.20 :18 ). അത്തിമരം മനുഷ്യരായ നമ്മൾ ഓരോരുത്തരുമാണ്. ഈ ലോകത്തിന് നല്ല ഫലങ്ങൾ തരുന്ന വൃക്ഷങ്ങൾ ആയി നമ്മൾ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എങ്കിലും അത്തിമരത്തെ ചുവടെ വെട്ടിക്കളയാൻ അല്ല, ചുവടെ കിളച്ചു വളമിടാനാണ് ദൈവം തീരുമാനിച്ചത്. അത് അവിടെ മൂന്നു വർഷം കൂടി നിൽക്കട്ടെ എന്നു ദൈവം നിശ്ചയിച്ചു. ഫലം തരാൻ അവസരം നൽകുന്ന നല്ലദൈവം.
വീണ്ടും കായ്ക്കാൻ ആയി മുന്തിരിവള്ളി ഒരുക്കുന്ന കൃഷിക്കാരനായ ദൈവത്തെ യോഹന്നാന്റെ സുവിശേഷത്തിൽ(15) നമ്മൾ കാണുന്നു. ദൈവം നമ്മുടെ സ്നേഹപിതാവാണ്. നാമാകുന്ന അത്തിമരത്തെ വെട്ടിക്കളയാനല്ല ദൈവം ആഗ്രഹിക്കുന്നത്. ജീവിത സഹനങ്ങളുടെ വളമിട്ട്, വെട്ടി ഒരുക്കി നല്ല ഫലങ്ങൾ കൊണ്ട് നമ്മെ സന്തുഷ്ടരാക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത് . ഏതുതരം ഫലങ്ങളാണ് നമ്മളിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ദിവ്യ ഫലങ്ങൾ തന്നെ.
സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ മധുര ഫലങ്ങൾ ആണ് നമ്മിൽ നിറയ്ക്കേണ്ടത്. ഒരു വൃക്ഷം വരണ്ടുണങ്ങിയ മണ്ണിൽ വെള്ളവും വളവും ഇല്ലാതെ നിന്നാൽ ഫലം തരില്ല. അത് വെള്ളവും വളവും ഉള്ളടത്ത് നിൽക്കണം. അതേ! ദൈവപരിപാലനയുടെ കീഴിൽ നമ്മൾ വളരണം.
ബൈബിൾ അവസാനിക്കുന്നത് ഇപ്രകാരമാണ്.
” ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്ന് പുറപ്പെടുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ ജീവജല നദി അവൻ എനിക്ക് കാണിച്ചു തന്നു. നഗരവീഥിയുടെ മധ്യത്തിൽ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങൾ കായ്ക്കുന്ന ജീവന്റെ വൃക്ഷം നിൽക്കുന്നു. അത് മാസംതോറും ഫലം തരുന്നു. ആ വൃക്ഷത്തിന്റെ ഇലകൾ ജനതകളുടെ രോഗശാന്തിക്ക് വേണ്ടിയുള്ളവയാണ് “( വെളിപാട് 22: 1- 2 ).
ഇന്നലെ വരെ നമ്മളാകുന്ന വൃക്ഷം ലോകത്തിന്റെ ആസക്തിയുടെ വരണ്ടുണങ്ങിയ മണ്ണിൽ ആയിരിക്കും ഫല ശൂന്യമായി നിന്നിരുന്നത്. ഇതാ മാറ്റി നടാനൊരവസരം ദൈവം തന്നിരിക്കുന്നു. കൗദാശിക ജീവിതത്തിലൂടെ, പ്രാർത്ഥനയിലൂടെ ദൈവപരിപാലനയുടെ ജീവജലത്തിന്റെ അരുവിയുടെ തീരങ്ങളിൽ ആനന്ദത്തോടെയും ആരോഗ്യത്തോടെ ദീർഘായുസ്സോടുംകൂടി നമുക്ക് വസിക്കാം.
സങ്കീർത്തനം ആരംഭിക്കുന്നത് ഇപ്രകാരമാണ്.
” ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ് ; രാവും പകലും അവന് അതിനെക്കുറിച്ച് ധ്യാനിക്കുന്നു. നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവൻ; അവന്റെ പ്രവർത്തികൾ സഫലമാകുന്നു “
(സങ്കീ 1: 1-2).
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം