പാപാന്ധകാരത്തിൽനിന്നു ജീവന്റെ പ്രകാശത്തിലേക്ക് വരുക. ആ പ്രകാശത്തിൽ നിലനിൽക്കുക. സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ദൈവത്തോടൊപ്പം ജീവിക്കുക. സ്വർഗ്ഗം അവകാശപ്പെടുത്തുക. ഈ ലക്ഷ്യങ്ങളോടുകൂടിയാണ് മഹോന്നതൻ മനുഷ്യനെ മെന ഞ്ഞത്. ഇവയെല്ലാംകൂടി ഒറ്റവാക്കിൽ സംഗ്രഹിച്ചാൽ ആ വാക്കാണ് രക്ഷ – സാത്താന്റെ ദാസ്യത്തിലായിപ്പോയ മനുഷ്യനെ വിമോചിപ്പിച്ചു അവന് ഈ രക്ഷ സമ്മാനിക്കാനാണ് ഈശോ ( രക്ഷകൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം തന്നെ ) ലോകത്തിലേക്കു വന്നത്.
” മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ, നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല “
(നട. 4:12).
ഈ രക്ഷയെ കുറിച്ചാണ് നാം പരിചിന്തിച്ചു കൊണ്ടിരിക്കുന്നത്. യോഹന്നാൻ ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ ഒന്നാം അധ്യായത്തിന്റെ ഏഴാം വചനം ഏറെ ലളിതമായി, അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം വ്യക്തമാക്കുന്നു. അവിടുത്തെ ( പിതാവായ ദൈവത്തിന്റെ) പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നും നമ്മെ വിശുദ്ധീകരിക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു : ” നമുക്ക് പാപം ഇല്ല എന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും. ഒരുവന്റെ നിത്യ രക്ഷയ്ക്ക് കണ്ടകോടാലിയായി നിൽക്കുന്നത് ദൈവനിഷേധവും പാപനിഷേധവും പാപബോധം ഇല്ലായ്മയും ആണ്. ഈ അപകടകരമായ സത്യങ്ങളുടെ വെളിച്ചത്തിലാണ് ശ്ലീഹാ പറയുന്നത്. ” നമുക്ക് പാപം ഇല്ല എന്ന് നാം പറഞ്ഞാൽ അത് ആത്മവഞ്ചന ആകും. അപ്പോൾ നമ്മിൽ സത്യമില്ലെന്ന് വരും . എന്നാൽ പാപങ്ങൾ ഏറ്റു പറയുന്നെങ്കിൽ( ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനോട്, ഈശോയോട് ) അവൻ ( ഈശോ )വിശ്വസ്തനും നീതിമാനുമാകയാൽ, പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. അനുതാപമില്ലാതെ, അനീതിയിൽ മരിച്ചാൽ നീതിമാനായ കർത്താവിന് പറയേണ്ടിവരും :” ശപിക്കപ്പെട്ട വരെ, നിങ്ങൾ എന്നിൽ നിന്നകന്ന് പിശാചിനും അവന്റെ ദൂതൻമാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവീൻ” എന്ന്. മരണം നിശ്ചയം. സമയം നിശ്ചയമില്ല. മരണ നിമിഷം പോലും ആത്മാർത്ഥമായി അനുതപിച്ചു പാപം ഏറ്റു പറയുന്നവനു ദൈവത്തിന്റെ കരുണയ്ക്ക് അവകാശമുണ്ട്. മരണത്തിനു നിമിഷങ്ങൾക്ക് മുമ്പ് അനുതപിച്ച് ക്രിസ്തുവിൽ വിശ്വസിച്ച് അവിടുത്തോട് തികഞ്ഞ വിശ്വാസത്തോടെ ” ഈശോയെ നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ “എന്നു പ്രാർത്ഥിച്ച വലതുവശത്തെ കള്ളനോട് അവിടുന്നു അരുളി ചെയ്തു :” സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും” ( ലൂക്കാ 23 : 42 -43 ). വിശുദ്ധരെപോലെ പൂർണ്ണ വിശുദ്ധിയിൽ ജീവിക്കുന്നവർക്ക് ഉടനെ സ്വർഗ്ഗ പ്രവേശനം ലഭിക്കും. എന്നാൽ വിശുദ്ധീകരണം പൂർണമായിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കാൻ, ദൈവം കരുണ ചെയ്ത് അനുവദിച്ചിരിക്കുന്ന, ക്രമീകരിച്ചിരിക്കുന്ന അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. വിശുദ്ധീകരണം പൂർത്തിയാകുമ്പോൾ സ്വർഗ്ഗത്തിലേക്ക് അവർക്ക് പ്രവേശനം ഉറപ്പ്. തന്റെ പാപത്തിൽ മരിച്ചാൽ നിത്യ നരകാഗ്നി നിശ്ചയം.
നിത്യസത്യങ്ങൾ വിസ്മരിച്ചോ അവഗണിച്ചോ ജീവിക്കാൻ ശ്രമിക്കരുത്. ” ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി എന്തു കൊടുക്കും? “. മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതൻ മാരോടൊത്തു വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവർത്തിക്കനുസരിച്ച് പ്രതിഫലം നൽകും ( മത്തായി 16: 26,27).
രക്ഷയെകുറിച്ച് ഈശോ പറയുന്നത് സുവിദിതമാണ്.
” സമയം പൂർത്തിയായി, ദൈവരാജ്യം (രക്ഷ) സമീപിച്ചിരിക്കുന്നു. അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ” ( മർക്കോസ് 1: 15 ). ഇവിടെ “സമയം സമാഗതമായി” എന്ന ഈശോയുടെ വാക്കുകൾ അർത്ഥമാക്കുന്നത് മിശിഹായെ കുറിച്ചു സ്വർഗ്ഗം, ദൈവം നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നിറവേറുന്ന സമയം വന്നിരിക്കുന്നു എന്നാണ്. രക്ഷപ്രാപിക്കാൻ ആഗ്രഹിക്കുന്നവർ എന്താണ് ചെയ്യേണ്ടതെന്ന് അവിടുന്ന് തുടർന്നു പറയുന്നു : അനുതപിക്കുക, സുവിശേഷത്തിൽ വിശ്വസിക്കുക.
” ദൈവരാജ്യം” എന്നാൽ ദൈവത്തിന്റെ ഭരണം എന്നാണ് മനസ്സിലാക്കേണ്ടത്. ഈശോയുടെ പ്രസംഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും കാതൽ ദൈവരാജ്യം ആയിരുന്നു. ദൈവരാജ്യ സമീപനത്തിന്റെ സവിശേഷ തെളിവുകളാണ് പരസ്യജീവിതകാലത്ത് ഈശോ പ്രവർത്തിച്ച പ്രത്യക്ഷമായ അത്ഭുതങ്ങൾ. എന്നാൽ ഈ ദൈവ ഭരണത്തിന്റെ സമ്പൂർണ്ണത കൈവരുന്നത് മനുഷ്യപുത്രന്റെ രണ്ടാമത്തെ ആഗമനത്തോടെയാണ് ( മർക്കോസ് 8: 38 – 9: 2 ; 13 :24 -27; 14 :62). പഴയനിയമത്തിലെ അതിശക്തമായ പ്രമേയമാണ് ദൈവത്തിന്റെ രാജത്വം ( പുറപ്പാട് 15 : 11-13;18; സങ്കീർത്തനം 2: 72 ; 89; 110).
“അനുതപിക്കുക”എന്നതിന്റെ അർത്ഥം മാനസാന്തരപ്പെടുക എന്നാണ്. ദൈവവിരുദ്ധമായ സകലതിൽ നിന്നും ദൈവത്തിലേക്കുള്ള മനസ്സിന്റെ മാറ്റ( അന്തരം )മാണ് മാനസാന്തരം. ഈശോ പഠിപ്പിച്ച എല്ലാം സുവിശേഷമാണു, സദ്
വാർത്തയാണ്. ഇതുതന്നെയാണ് ആദിമ സഭയും പ്രസംഗിച്ചു കൊണ്ടിരുന്നത്. രണ്ടാം വരവോളം ഇത് തുടർന്നുകൊണ്ടിരിക്കുകയും വേണം.