“ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഒടിക്കുകയും ചെയ്യും.നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധന ശേഖരവും ഞാൻ നിനക്ക് തരും”( ഏശയ്യ 45 :2- 3).
എന്നെയും നിങ്ങളെയും പേര് ചൊല്ലി വിളിക്കുന്ന, നമുക്ക് മുൻപിലുള്ള തടസ്സങ്ങളെ അത്ഭുതകരമായി നീക്കംചെയ്യുന്ന,കരുണാസാഗര മായ, നമ്മെ അമൂല്യരും പ്രിയങ്കരരും ബഹുമാനിതരുമായി കരുതി, കാത്തു പരിപാലിക്കുന്ന സർവ്വശക്തനായ കർത്താവിനെ ആണ് ഈ വചനങ്ങൾ അവതരിപ്പിക്കുക. നന്മയും കരുണയും നിറഞ്ഞ ദൈവം നമ്മെ രക്ഷിക്കുന്ന ദൈവമാണ്. ഈശോ തന്റെ തിരുരക്തത്താൽ നമ്മളെ വീണ്ടെടുത്തു. പക്ഷേ വിശുദ്ധി കൈവരിച്ച വർക്ക് മാത്രമേ രക്ഷ ലഭിക്കുകയുള്ളൂ. ഇവിടെയാണ് കുടുംബവിശുദ്ധീകരണ ത്തിന്റെ പരമമായ പ്രാധാന്യം വ്യക്തമാവുന്നത്.
ലേവ്യ ഗ്രന്ഥത്തിൽ കർത്താവ് പറയുന്നു: ” ഞാൻ നിങ്ങളുടെ ദൈവമായ കർത്താവ് ആകുന്നു. നിങ്ങൾ നിങ്ങളെ തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവീൻ, കാരണം ഞാൻ പരിശുദ്ധനാകുന്നു”( ലേവ്യ11:44). ഈ കൽപ്പന നിരവധിതവണ കർത്താവ് ആവർത്തിക്കുന്നുണ്ട്. ഒരുവന് ശാരീരിക, മാനസിക,ബൗദ്ധിക, ആത്മീയ, തലങ്ങളിൽ വിശുദ്ധി ഉണ്ടായിരിക്കണം. ബാഹ്യവും ആന്തരികവുമായ വിശുദ്ധിയും അത്യന്താപേക്ഷിതം തന്നെ. മനുഷ്യന്റെ ചിന്ത, സങ്കല്പം,സ്പർശനം, നോട്ടം, വാക്കുകൾ,പ്രവർത്തികൾ,ഓർമ്മകൾ, എഴുത്ത്, വായന,വിനോദങ്ങൾ – എല്ലാം വിശുദ്ധമായിരിക്കേണം. നിയോഗ ശുദ്ധിയും അത്യന്താപേക്ഷിതമാണ്.
വിശുദ്ധി ഉള്ളവരുടെ ഹൃദയങ്ങളിലെ ദൈവം വസിക്കുക ഉള്ളൂ. ഇപ്രകാരം വിശുദ്ധീകരിക്കപ്പെട്ടവരിൽ ഈശോ തന്റെ പരിശുദ്ധാത്മാവിലൂടെ അവരുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തുകയും അവരുടെ വിശ്വാസത്തിന് അനുസൃതം അവിടുന്ന് മാനവ ഹൃദയങ്ങളിൽ വസിക്കുകയും ചെയ്യും. അവിടുന്നു വഴി അവർ സ്നേഹത്തിൽ വേരു പാകി അടിയുറയ്ക്കും. എല്ലാ വിശുദ്ധരുടെയും ഒപ്പം അവർ അവിടുത്തെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിച്ചെടുക്കാൻ ശക്തിപ്രാപിക്കുകയും ചെയ്യും.അറിവിനെ അതിശയിക്കുന്ന ഈശോയുടെ സ്നേഹം ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സമ്പൂർണ്ണതയാൽ അവർ പൂരിതരാവുകയും ചെയ്യും (cfr. എഫേ.3:16-19). കുടുംബാംഗങ്ങൾ ഓരോരുത്തരും വിശുദ്ധീകരിക്കപ്പെടുമ്പോൾ ആണ് കുടുംബം വിശുദ്ധീകരിപെടുക. വിശുദ്ധിയുള്ള ഹൃദയങ്ങളും കുടുംബങ്ങളും ദൈവത്തിന്റെ വാസഗേഹങ്ങളാവും.
വ്യർത്ഥ ചിന്തയിലും സുഖലോലുപതയിലും അവിഹിത വേഴ്ചയിലും ഭോഗാസക്തിയിലും മദ്യലഹരിയിലും വിഷയാസക്തിയിലും കലഹങ്ങളിലും അസൂയയിലും കഴിയുന്നവരും അവരുടെ കുടുംബാംഗങ്ങളും നിദ്ര വിട്ടു ഉണരേണ്ട സമയമാണിത്. ഇങ്ങനെയുള്ളവരോ കുടുംബങ്ങളോ നഷ്ട ധൈര്യരാകാനോ നിരാശപ്പെടാനോ കരുണാർദ്ര സ്നേഹമായ കർത്താവ് തെല്ലും ആഗ്രഹിക്കുന്നില്ല. അവർ അന്ധകാരത്തിന്റെ പ്രവർത്തികൾ (പാപ പ്രവർത്തികൾ) പരിത്യജിച്ച് – അനുതപിച്ചു, കുമ്പസാരിച്ച്, പ്രകാശത്തിലേക്ക്,നന്മയിലേക്ക്, വിശുദ്ധിയിലേക്ക്,ഉടനടി മടങ്ങി വരണം എന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അവർ ‘രോഗി’കളാണ്. അവരെ സുഖപ്പെടുത്താൻ ആണ് ദൈവപുത്രൻ മനുഷ്യനായി മഹിയിൽ അവതരിച്ചതും പാടു പീഡകൾ സഹിച്ചതും, കുരിശിൽ മരിച്ചതും , വിശുദ്ധ കൂദാശകൾ സ്ഥാപിച്ചതും എല്ലാം. രോഗികൾക്കാണ് ഭിഷഗ്വരന്മാരുടെ സഹായം അത്യാവശ്യം ആണ്. ഈശോ ഈ വസ്തുത ഊന്നി പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെയാണ് അവിടുന്ന് കൂദാശ സ്ഥാപിച്ചിരിക്കുന്നതും. രോഗലക്ഷണം കാണുമ്പോൾ തന്നെ ചികിത്സ തേടുക, അത് സുപ്രധാനമാണ്. അല്ലെങ്കിൽ സൂചികൊണ്ട് എടുക്കാമായിരുന്നത് തൂമ്പാ കൊണ്ട് എടുക്കേണ്ടിവരും.