മനുഷ്യന്റെ യുഗാന്ത്യോന്മുഖത പരിപക്വമാകുന്നത് ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളിൽ ആണ്. കാരണം ആ തിരുശരീരരക്തങ്ങളിൽ നിന്നാണ് ആത്മീയ ജീവനും രക്ഷയും രക്ഷിക്കപ്പെട്ടവരിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നത്. സ്വയം ദാനത്തിന്റെ പരമകാഷ്ഠയും ആണിത്. നിത്യജീവൻ പ്രാപിക്കുന്നതിന് അർപ്പ കരുടെ ആധ്യാത്മിക വ്യക്തിത്വം വളർന്ന് വികസിക്കണം. അവരുടെ അസ്തിത്വം തന്നെ ഈശോയുടെ ശരീരരക്തങ്ങളോട് അനു രൂപപ്പെടണം. ആവുന്നത്ര യോഗ്യതയോടെ ദിവ്യ രഹസ്യങ്ങളെ സമീപിക്കുന്നവരിൽ പരിശുദ്ധ കുർബാന ചൊല്ലുന്ന വരില്ലെല്ലാവരിലും ഇവയെല്ലാം നിഗൂഢമായി സംഭവിക്കുന്നുണ്ട്.
തനിക്കായി നൽകപ്പെട്ട തിരു ശരീരത്താലും തനിക്കായി ചിന്തപ്പെട്ട തിരുരക്തത്താലും പരിപോഷിപ്പിക്കപ്പെടുന്ന വിശ്വാസി തന്നെത്തന്നെ ദൈവത്തിനും ദൈവ മക്കൾക്കും ദാനമായി നൽകുന്നതിനുള്ള ശക്തി വിശുദ്ധ കുർബാനയിൽ നിന്ന് കൈവരിക്കണം. ഇല്ലെങ്കിൽ അവനെ സംബന്ധിച്ചിടത്തോളം ബലി അപൂർണമായി നിലകൊള്ളും. സെന്റ് അഗസ്റ്റിൻ പറയുന്നുണ്ട് :” നിങ്ങൾ സ്വീകരിക്കുന്നതെന്തോ അതായി തീരുക. നിങ്ങൾ ആയിരിക്കുന്നതെന്തോ അത് സ്വീകരിക്കുക”.
ഈശോയെ കാണാൻ കൂടെക്കൂടെ പോകുക
ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവജനങ്ങളെ (എല്ലാവരെയും) ഉപദേശിക്കുന്നു: “പ്രിയ യുവജനങ്ങളെ,രക്ഷകനായ ഈശോ മിശിഹായെ കാണാൻ പോവുക! പരിശുദ്ധ കുർബാനയിൽ അവിടുത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുക. ഈ കാലഘട്ടത്തിൽ അവിടുത്തെ അവിടുത്തെ അപ്പോസ്തലന്മാർ ആകുന്നതിനുള്ള ധൈര്യം അവിടുന്നിൽ നിന്നു നിങ്ങൾ ആർജിക്കുക. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതിനെ എങ്ങനെ നിങ്ങൾ രൂപപ്പെടുത്തുന്നുവോ, അങ്ങനെയായിരിക്കും അത് “.