എപ്പിഫനി ഗ്രീക്കിൽ നിന്ന് നിഷ്പദിച്ച ഒരു ഇംഗ്ലീഷ് പദം ആണ്. എപ്പിഫനി അർത്ഥമാക്കുന്നത് പ്രത്യക്ഷീകരണം ആണ് ; ദനഹാ എന്ന സുറിയാനി പദം ഉദയവും. ( പാശ്ചാത്യ സഭാസമൂഹങ്ങൾ ) ഉണ്ണീശോയെ ജ്ഞാനികൾ സന്ദർശിച്ചതിന്റെ ഓർമ്മയായി ഈ സംഭവത്തെ കണക്കാക്കുന്നു. പൗരസ്ത്യ സഭകൾ ഇത് കർത്താവിന്റെ മാമോദിസ തിരുനാളായാണ് അനുസ്മരിക്കുന്നത്.
ജ്ഞാനികളുടെ സന്ദർശനത്തെക്കുറിച്ച് മത്തായി സുവിശേഷകന്റെ വിവരണം വായിക്കാം. ഹേറോദേസ് രാജാവിന്റെ കാലത്ത്യൂദയായിലെ ബേത്ലെഹെമില്‍ യേശു ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി.
അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.
ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും.
അവന് പ്രധാനപുരോഹിതന്മാരെയും ജനത്തിന്റെ യിടയിലെ നിയമജ്ഞരെയും വിളിച്ചുകൂട്ടി, ക്രിസ്തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു.
അവര്‍ പറഞ്ഞു:യൂദയായിലെ ബേത്ലെഹെമില്‍. പ്രവാചകന് എഴുതിയിരിക്കുന്നു:
യൂദയായിലെ ബേത്ലെഹെമേ, നീയൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉദ്ഭവിക്കുക.
അപ്പോള്‍ ഹേറോദേസ് ആജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു.
അവന് അവരെ ബേത്ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോള്‍ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക.
രാജാവു പറഞ്ഞതുകേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കുകണ്ട നക്ഷത്രം അവര്‍ക്കുമുമ്പേനീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.
നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു.
അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു.
ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.
മത്തായി 2 : 1-12.
സ്വർണ്ണം, കുന്തുരുക്കം മീറ അഥവാ നറുമ്പശ ഇവ യഥാക്രമം ഈശോയുടെ രാജ്യത്വവും,ദൈവത്വവും മനുഷ്യത്വവും പ്രദ്യോതിപ്പിക്കുന്നു. ഈശോയുടെ ദൈവത്വത്തെ വിശ്വസിച്ച് അംഗീകരിച്ച് അവിടുത്തെ നിരന്തര സ്തുതിക്കുന്നവരാകണം ഞാനും നിങ്ങളും. സ്നേഹം, നന്ദി,സ്തുതി, സ്തോത്രം, ആരാധനാ,മഹത്വം, പുകഴ്ച, വാഴ്ച, കീർത്തനം, പ്രകീർത്തനം, ഇവയ്ക്ക് ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരാപരൻ തികച്ചും യോഗ്യനാണ്. അവിടുത്തെ രാജ്യത്വം അംഗീകരിച്ച് അവിടുത്തെ കൽപനകൾ സസന്തോഷം അനുസരിക്കുന്നവർ ആവണം. പ്രത്യേകിച്ച് ഈശോ നൽകിയ സർവ്വം സ്പർശിയായ സ്നേഹത്തിന്റെ പുതിയ പ്രമാണം ;” ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ “(യോഹ.13:34). യഥാർത്ഥ അനുസരണം, സന്നദ്ധമായ അനുസരണം സ്നേഹത്തിൽ നിന്നേ ഉയിർ കൊള്ളൂ. അവിടുത്തെ മനുഷ്യത്വത്തെ നാം അംഗീകരിക്കുകയും ആരാധിക്കുകയും കാരണം, അവിടുന്നു ഒരേസമയം (simultaneously, പരിപൂർണ ദൈവവും; പരിപൂർണ മനുഷ്യനുമാണ്; രണ്ടും അവിടുന്ന് നിറവിലുണ്ട്. പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ, പാപം ഒഴികെ, മറ്റെല്ലാ കാര്യങ്ങളിലും, അവിടുന്നിൽ നമ്മിൽ ഒരുവനെ പോലെയാണ്. അതുകൊണ്ടാണ് അവിടുത്തേക്ക് നമ്മോടൊപ്പം കരയാനും ചിരിക്കാനും സഹതപിക്കാനും ദുഃഖിക്കാനും കഴിയുക.
മനുഷ്യനെന്ന നിലയിൽ യഹൂദൻ എന്ന നിലയിലാണ് അവിടുന്ന് മാമോദിസ സ്വീകരിച്ചത്; പാപമോചനത്തിനുവേണ്ടി അല്ല. സുബോധമുള്ളവർ ആരും ഇന്നുവരെ അവിടുന്നിൽ പാപം ആരോപിച്ചിട്ടില്ല. പരിശുദ്ധ ത്രിത്വത്തെ ലോകത്തിന് വെളിപ്പെടുത്തുക എന്ന ശ്രമസാധ്യമായ കാര്യം ഈശോയുടെ മാമോദിസ യിലൂടെ നമുക്ക് കൈവന്നിട്ടുണ്ട്.” ഉണർന്നു പ്രശോഭിക്കുക. നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു “( ഏശയ്യ 60: 1).
യേശു യോഹന്നാനില്‍ നിന്നു സ്നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു.
ഞാന്‍ നിന്നില്‍നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന് അവനെ തടഞ്ഞു.
എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന് സമ്മതിച്ചു.
സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന് കണ്ടു.
ഇവന് എന്റെ പ്രിയപുത്രന്; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.
മത്തായി 3 : 13-17.
അപ്പാ, ഈശോ, ആത്മ സ്നേഹം, നന്ദി, സ്തുതി,സ്തോത്രം, ആരാധന,മഹത്വം, പുകഴ്ച്ച, വാഴ്ച്ച, കീർത്തനം, പ്രകീർത്തനം.
പ്രിയപ്പെട്ടവരെ, പ്രതിസന്ധികൾ നിറഞ്ഞ ഒരുവർഷം ആണല്ലോ കഴിഞ്ഞത്.നമ്മൾ പ്രത്യാശയോടെ 2022 ആരംഭിച്ചുകഴിഞ്ഞു.പ്രതിസന്ധികൾ ഉടനെ നമ്മ വിട്ടു മാറുന്ന ലക്ഷണമില്ല.പക്ഷേ നമുക്ക് പ്രത്യാശയ്ക്ക് വകയുണ്ട്. എന്നെ വിളിക്കുക, ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുമെന്ന് അരുളിച്ചെയ്ത ആ ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുകയും പൂർണ ഹൃദയത്തോടെ അവിടുത്തെ സ്നേഹിക്കുകയും ആ സ്നേഹത്തിൽ ഊന്നിനിന്നുള്ള നമ്മുടെ പ്രത്യാശ അവിടുത്തെ ബോധ്യപ്പെടുത്തുകയും ചെയ്യാം.
പരിശുദ്ധാത്മാവിന്റെ നവമായ അഭിഷേകവും, അവിടുന്ന് തരുന്ന ആത്മധൈര്യവും, ശക്തിയും നമുക്ക് പ്രചോദനം ആകട്ടെ. പരിശുദ്ധാത്മാവിന്റെ ആമന്ത്രണങ്ങൾക്ക് അനുസരിച്ച് നമുക്ക് ജീവിക്കാം; നമുക്ക് പ്രാർത്ഥിക്കാം ¡
” കർത്താവേ എന്നെ സുഖപ്പെടുത്തണമേ. അപ്പോൾ ഞാൻ സൗഖ്യം ഉള്ളവൻ ആകും. എന്നെ രക്ഷിക്കണമേ.അപ്പോൾ ഞാൻ രക്ഷപെടും. അങ്ങിൽ മാത്രമാണ് എന്റെ പ്രത്യാശ.