ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് (ഏശയ്യാ 43 :5 )
എത്രയോ ആശ്വാസദായകമാണ് ഈ തിരുവചനം. വേദനകളിൽ മറ്റുള്ളവരുടെ സ്വാന്തനംവും സാമീപ്യംവും നമുക്ക് എത്രയോ ആശ്വാസദായകമാണ്. എന്നാൽ സർവ്വശക്തനായ ദൈവം നമ്മെ ആശ്വസിപ്പിക്കാനായി ഇപ്രകാരം പറയുമ്പോൾ അത് നമ്മിൽ ഉളവാക്കുന്നത് എത്ര വലിയ സമാശ്വാസവും സൗഖ്യം ആയിരിക്കും.
മറ്റാർക്കോ വേണ്ടി പണ്ടെങ്ങോ പറയപ്പെട്ട തിരുവചനങ്ങൾ അല്ല ഇവയൊന്നും. സ്ഥലകാലങ്ങക്കതീതമായി തിരു വചനങ്ങളിലൂടെ ദൈവം ഇന്ന് നമ്മൾ ഓരോരുത്തരോടും സംസാരിക്കുകയാണ്. ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെ (ഹെബ്രാ. 13 :8 ) ആയ ദൈവം നമ്മുടെ വേദനകളിൽ നമ്മെ സഹായിക്കാൻ ഓടിയെത്തുന്നു.
വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും നിന്നെ രക്ഷിക്കും( സങ്കീർത്തനം 91 ) എന്ന് ദൈവം പറയുമ്പോൾ സംശയിക്കേണ്ട കാര്യമില്ല. കാരണം ദൈവം മനുഷ്യനായി അവതരിച്ചത് പാപ, രോഗ, ശാപ, മരണ വേദനകളിൽ നിന്ന് നമ്മെ രക്ഷിക്കാനും സന്തോഷത്തോടെ ജീവിച്ചു നിത്യജീവൻ പ്രാപിക്കാനുമാണ്.
വിശ്വസിക്കുക ഭയപ്പെടേണ്ട സൗഖ്യദായകൻ ആയ ദൈവം ഇന്നും നമ്മോടുകൂടെയുണ്ട്.
വിശ്വാസത്തോടെ സൗഖ്യദായകമായ തിരുവചനങ്ങൾ സദാ ഉരുവിട്ടു കൊണ്ടിരിക്കണം. ജീവനുള്ള വചനത്തിന്റെ അത്ഭുതശക്തി നമ്മിൽ ദൃശ്യമാകും. നമ്മൾ സൗഖ്യം പ്രാപിക്കും. പാപരഹിതമായ വിശ്വാസം നിറഞ്ഞ ഒരു ഹൃദയം നമുക്ക് ഉണ്ടെങ്കിൽ വചനം നമ്മിൽ മാംസം ധരിക്കും. ജീവദായകമായ ദൈവീക ഫലങ്ങൾ നമ്മിലൂടെ പുറപ്പെടും.
ദൈവ വചനത്തോട് പരിശുദ്ധ മറിയം നൽകിയ പ്രത്യുത്തരം പോലെ നമുക്ക് വിശ്വാസത്തോടെ പറയാൻ കഴിയണം. ‘ഇതാ! കർത്താവിന്റെ ദാസൻ /ദാസി അങ്ങേ തിരുഹിതം പോലെ എന്നിലും സംഭവിക്കട്ടെ’. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന വിധം നമ്മിൽ സൗഖ്യം നിറയും.
ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലവും ആണ്. ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധി ബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്ന തുമാണ്. ഹെബ്രാ. 4:12
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം